X

ഇന്ത്യ മിന്നലാക്രമണം നടത്തിയ ബലാക്കോട്ട് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ഒരു പോലെ പ്രധാനപ്പെട്ട സ്ഥലം

'നിങ്ങൾക്ക് ഹിന്ദുവോ മുസ്ലീമോ ആയി എന്നെ പിന്തുടരാം, പക്ഷെ നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ നല്ല ഹിന്ദു ആയിരിക്കണം, മുസ്‌ലിം ആണെങ്കിൽ നിങ്ങളൊരു നല്ല മുസ്‌ലിം ആയിരിക്കണം.'

വളരെ ചെറുപ്പത്തിൽ തന്നെ ഗുരു നാനാക്കിന്റെ ശിഷ്യത്വം സ്വീകരിച്ച ബലാ, ഹിന്ദു കുടുംബത്തിൽ പെട്ടയാളും മാർഥന, മുസ്‌ലിം സമുദായത്തിൽ പെട്ട ആളുമായിരുന്നു. ഗുരുവിനോട് ദീർഘ നാളുകളായി ചോദിക്കണം എന്ന് വിചാരിച്ച ആ ചോദ്യം ഒരിക്കൽ രണ്ടു പേരും കൂടി ഒരുമിച്ച് ചോദിച്ചു, അങ്ങയുടെ ശിക്ഷ്യനാകാൻ ഹിന്ദു മതത്തിൽ വിശ്വസിക്കേണമോ? അതോ മുസ്‌ലിം സമുദായത്തിൽ തന്നെ തുടരാമോ? ഏതായിരിക്കും കൂടുതൽ ഉചിതം? നാനാക്ക് തീരെ ചെറുപ്പമായ ശിക്ഷ്യരോട് പറഞ്ഞ മറുപടിയാണ് ഏറ്റവും പ്രസക്തം. നിങ്ങൾക്ക് ഹിന്ദുവോ മുസ്ലീമോ ആയി എന്നെ പിന്തുടരാം, പക്ഷെ നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ നല്ല ഹിന്ദു ആയിരിക്കണം, മുസ്‌ലിം ആണെങ്കിൽ നിങ്ങളൊരു നല്ല മുസ്‌ലിം ആയിരിക്കണം.

ഒരു മനുഷ്യൻ നല്ലവനായിരിക്കേണ്ടുന്ന ആദ്യ പാഠങ്ങൾ പഠിച്ച നാനാക്കിന്റെ ഈ ഇരുശിഷ്യന്മാരും തങ്ങളുടെ ഗുരുവിനൊപ്പം  ഇപ്പോഴത്തെ പാകിസ്താനിലെയും ഇന്ത്യയിലെയും വിവിധ സ്ഥലങ്ങളിൽ സിഖ് മത പ്രചാരണത്തിനായി എത്തി. ബലാ ഒരു സ്ഥലത്ത് വെച്ച് തന്റെ യാത്ര അവസാനിപ്പിച്ചു. ഗുരുവും മാർഥനയും നടന്നു നീങ്ങി. തന്റെ തുടർന്നുള്ള മത പ്രചാരങ്ങൾക്കായി ബലാ ആ സ്ഥലം തന്നെ താമസമാക്കാനുറച്ചു. നാനാക്കിന്റെ വരവ് കൊണ്ടുപ്രശസ്തമായ ആ ഇടം പിന്നീട് സിഖ് മതക്കാർക്കിടയിലെ പുണ്യ സ്ഥലമായി.  ആ സ്ഥലം പിന്നീട്  ബലാകോട്ട് എന്നറിയപ്പെട്ടു. ഗുരുനാനാക്കിന് യഥാർത്ഥത്തിൽ ഭായ് ബലാ എന്നൊരു വിശ്വസ്ത ശിഷ്യൻ ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും ബലാകോട്ടിലെ ആരാധനാലയം തങ്ങളുടെയും പുണ്യ സ്ഥലം തന്നെ എന്ന് സിഖുമത വിശ്വാസികൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

നല്ല മുസ്ലീമോ, നല്ല ഹിന്ദുവോ ആകൂ എന്ന നാനാക്കിന്റെ സന്ദേശം ഉൾക്കൊണ്ടതുകൊണ്ട് ബലാകോട്ട് എല്ലാ മതസ്ഥർക്കും വിശ്വസിക്കാവുന്ന ഒരിടം തന്നെയായി വളരെക്കാലം നിലനിന്നു.  ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സിഖുകാർക്കും ഒരേ പോലെ വിശ്വസിക്കാനാകുന്ന ഒരു ആത്മീയ സ്ഥലമായി അവിടം മാറി. അവിടെ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവത്തിൽ എല്ലാവരും പങ്കാളികളായി. ഇന്ത്യ വിഭജനത്തിനു ശേഷം സിഖുകാരും ഹിന്ദുക്കളും ഇന്ത്യയിലേക്ക് പോയി. മുസ്ലീങ്ങൾ അപ്പോഴും ആ ആരാധനാലയം പരിപാലിച്ചു. ബലാ പീർ എന്ന മുസ്‌ലിം സംന്യാസിയുമായി ബന്ധപ്പെടുത്തി പുതിയ മിത്തുകൾ ഉണ്ടായി വന്നു.  അത് ഒരു മുസ്‌ലിം ആരാധനാലയമായി പരിവർത്തിക്കപ്പെടുകയായിരുന്നു.

ഇന്ത്യയുടെ തിരിച്ചടിയ്ക്കു ശേഷം പ്രശസ്തമായ ബാലക്കോട്ടിന്റെ ചരിത്രത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മിത്തുകളെ കുറിച്ചും പ്രശസ്ത വാർത്ത പോർട്ടൽ സ്ക്രോൾ അന്വേഷിച്ച് കണ്ടെത്തുന്നത് ഇങ്ങനെയൊക്കെയാണ്. ബലാ പിരിന്റെ ആരാധനാലയം ഇപ്പോഴും മുസ്ലീങ്ങൾക്ക് വിശുദ്ധ സ്ഥലം തന്നെയാണ്. ആ ആരാധനാലയത്തിനടുത്ത് നിന്ന് ഉത്ഭവിക്കുന്ന നീരുറവയിൽ നിന്നുള്ള വെള്ളം മഹാരോഗങ്ങൾ വരെ ശമിപ്പിക്കുമെന്നാണ് മുസ്ലീങ്ങൾക്കിടയിൽ വിശ്വാസം.

കൂടുതൽ വായനയ്ക്ക് : https://scroll.in/article/915204/pakistans-balakot-is-linked-to-puritanical-islam-but-it-also-has-a-syncretic-religious-tradition

This post was last modified on March 6, 2019 11:04 am