X

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ദ്ധിപ്പിച്ച് അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 119 മുതല്‍ 120 വരെ സീറ്റ് നേടുമെന്നാണ് സി ഫോര്‍ പ്രവചിച്ചിരുന്നത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 122 സീറ്റുണ്ടായിരുന്നു. ഇത്തവണ 126 സീറ്റാണ് സി ഫോര്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരിക്കുന്നത്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ നാല് സീറ്റ് അധികം നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സീ ഫോര്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വേ ഫലം. അതേസമയം പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന ബിജെപി 30 സീറ്റ് അധികം നേടി നില മെച്ചപ്പെടുത്തുമെന്നും സി ഫോര്‍ പറയുന്നു. കഴിഞ്ഞ തവണ 40 സീറ്റിലൊതുങ്ങിയ ബിജെപി ഇത്തവണ 70 സീറ്റിലേയ്ക്കുയര്‍ന്ന് നേട്ടമുണ്ടാക്കും. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 119 മുതല്‍ 120 വരെ സീറ്റ് നേടുമെന്നാണ് സി ഫോര്‍ പ്രവചിച്ചിരുന്നത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 122 സീറ്റുണ്ടായിരുന്നു. ഇത്തവണ 126 സീറ്റാണ് സി ഫോര്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഒമ്പത് ശതമാനം വോട്ട് കോണ്‍ഗ്രസിന് കൂടുതല്‍ കിട്ടുമെന്നും പറയുന്നു. വോട്ട് വിഹിതം 46 ശതമാനമായി കൂടും. ജനതാദള്‍ എസിനാണ് കാര്യമായ നഷ്ടമുണ്ടാകാന്‍ പോകുന്നത്. 40 സീറ്റില്‍ നിന്ന് 27ലേയ്ക്ക് ചുരുങ്ങും. ബിജെപിക്ക് 31 ശതമാനം വോട്ടും ജനതാദള്‍ എസിന് 16 ശതമാനം വോട്ടുമാണ് സി ഫോര്‍ സര്‍വേ പറയുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെയാണ് വോട്ടര്‍മാര്‍ക്കിടയില്‍ സി ഫോര്‍ അഭിപ്രായ സര്‍വേ നടത്തിയത്. 326 നഗരപ്രദേശങ്ങളിലേയും 977 ഗ്രാമപ്രദേശങ്ങളിലേയും 2368 പോളിംഗ് ബൂത്തുകളില്‍ വരുന്ന വോട്ടര്‍മാരില്‍ നിന്നാണ് അഭിപ്രായം തേടിയിരിക്കുന്നത്.

45 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോള്‍ 26 ശതമാനം ബിജെപിയുടെ ബിഎസ് യെദിയൂരപ്പയ്ക്കും 13 ശതമാനം പേര്‍ ജനതാദള്‍ എസിന്റെ എച്ച്ഡി കുമാരസ്വാമിക്കും പിന്തുണ നല്‍കുന്നു. ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കിയ തീരുമാനവും ഹിന്ദി അധിനിവേശത്തിനെതിരെ കന്നഡ അഭിമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും അടക്കം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്തിട്ടുണ്ട്.

This post was last modified on March 27, 2018 10:42 am