X

50% വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് വോട്ടെണ്ണൽ സമയം ദീർഘിപ്പിക്കും; കൂടുതൽ സാമ്പിളുകളെടുക്കണമെന്ന് പറയുന്നതിൽ ശാസ്ത്രീയതയില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

ചില അസംബ്ലി മണ്ഡലങ്ങളിൽ 400 വരെ പോളിങ് ബൂത്തുകളുണ്ടെന്നും വിവിപാറ്റുകൾ എണ്ണിത്തീർക്കാൻ എട്ടും ഒമ്പതും ദിവസങ്ങളെടുക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

50 ശതമാനം വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണുന്നത് വോട്ടെണ്ണൽ സമയം ദീർഘിപ്പിക്കുമെന്ന് സുപ്രീംകോടതിയോട് തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടെണ്ണൽ ആറു ദിവസത്തോളം നീണ്ടു നിൽക്കുന്ന പ്രക്രിയയായി മാറുമെന്ന് കമ്മീഷൻ പറഞ്ഞു. അസംബ്ലി മണ്ഡലത്തിൽ ഒരു ബൂത്ത് എന്ന നിലയിൽ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പ് എണ്ണുക എന്ന വ്യവസ്ഥയാണ് തങ്ങൾ മുമ്പോട്ടു വെക്കുന്നത് എന്നും കമ്മീഷൻ‍ കോടതിയെ അറിയിച്ചു.

രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നൽകിയ ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അടുത്ത മാസം നടക്കുന്ന അസംബ്ലി, ലോകസഭാ തെരഞ്ഞെടുപ്പിൽ പകുതി വിവിപാറ്റ് മെഷീനുകളും എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മാർച്ച് 25ന് കേസിൽ വാദം കേൾക്കവെ വിവിപാറ്റ് മെഷീന്‍ സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യത്തോട് അനുഭാവത്തോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പരാമർശം നടത്തുകയുണ്ടായി. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് എന്തെങ്കിലും വലിയ തടസ്സങ്ങളുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ഇക്കഴിഞ്ഞദിവസം ഇലക്ഷൻ കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ നൽകിയത്. ഇതോടൊപ്പം, തെരഞ്ഞെടുപ്പു തിയ്യതി ഏറെ അടുത്തതിനാൽ സ്ലിപ്പുകൾ എണ്ണുന്നത് അത്രകണ്ട് എളുപ്പമാകില്ലെന്നും സത്യവാങ്മൂലം പറഞ്ഞു.

ചില അസംബ്ലി മണ്ഡലങ്ങളിൽ 400 വരെ പോളിങ് ബൂത്തുകളുണ്ടെന്നും വിവിപാറ്റുകൾ എണ്ണിത്തീർക്കാൻ എട്ടും ഒമ്പതും ദിവസങ്ങളെടുക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തെ ആധാരമാക്കിയാണ് കമ്മീഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് കൂടുതൽ സാമ്പിളുകൾ എടുക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന നിലപാടാണ് ഇലക്ഷൻ കമ്മീഷൻ കോടതിയിലെടുത്തത്. ഇത്തരത്തിൽ സാമ്പിളുകളെടുക്കുന്നതിൽ യാതൊരു ശാസ്ത്രീയതയും യുക്തിയുമില്ലെന്നും കമ്മീഷൻ പറഞ്ഞു. എടുക്കുന്ന സാമ്പിളുകളുടെ ശതമാനമല്ല വിശകലനങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതെന്ന് അവർ വാദിച്ചു.

This post was last modified on March 30, 2019 8:57 am