X

‘ഫോനി’യുടെ ദിശ വടക്കുകിഴക്കൻ മേഖലകളിലേക്ക് തിരിഞ്ഞേക്കും; നില അസ്ഥിരമെന്നും മുന്നറിയിപ്പ്

തമിഴ്നാട്ടിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന കനത്ത മഴ ലഭിച്ചേക്കില്ലെന്ന് മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നു.

ബംഗാൾ ഉൾക്കടലില്‍ തെക്കുകിഴക്കൻ മേഖലയിലേക്ക് ഫോനി ചുഴലിക്കാറ്റ് കടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ചെന്നൈയുടെ തെക്കുകിഴക്കൻ‍ പ്രദേശത്തു നിന്നും ആയിരം കിലോമീറ്ററിൽ ചുവടെ അകലത്തിലാണ് ഇപ്പോൾ ചുഴലിയുള്ളതെന്ന് മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മന്റ് പറയുന്നു. മെയ് ഒന്നാംതിയ്യതി വരെ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഈ സമയത്തിനുള്ളിൽ ശക്തി പ്രാപിക്കും. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇത് കരയിലേക്ക് അടുക്കുവാനുള്ള സാധ്യത ചുരുക്കമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയതായിരിക്കും ഫോനി എന്ന് അനുമാനിക്കപ്പെടുന്നുണ്ട്.

ഇന്ത്യൻ മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെയും അഭിപ്രായത്തിൽ ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിക്കൊണ്ടിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് 750 കിലോമീറ്ററോളം നീങ്ങിയതിനു ശേഷം കാറ്റിന്റെ ദിശ മാറാനാണ് സാധ്യത. പിന്നീട് വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയും. ഇത് ബംഗ്ലാദേശ്, മ്യാൻമർ മേഖലകളെ ബാധിക്കാനിടയുണ്ട്.

നിലവിൽ ഈ ചുഴലിക്കാറ്റിന്റെ സാന്നിധ്യം കരയില്‍ പ്രതിഫലനങ്ങളുണ്ടാക്കും. 50 മുതൽ 60 വരെ കിലോമീറ്റർ വേഗതയില്‍ കാറ്റ് തീരപ്രദേശങ്ങളിലുണ്ടാകും. തമിഴ്നാട്, ആന്ധ്പ്രദേശ് തീരങ്ങളിൽ കാറ്റ് അനുഭവപ്പെടും.

മെയ് 1, 2 തിയ്യതികളിലാണ് ചുഴലിക്കാറ്റ് അതിന്റെ രൗദ്രതയിലെത്തുക എന്നാണനുമാനം. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിൽ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത കാറ്റിനുണ്ടാകും.

കേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകും. ഏപ്രിൽ 29, 30 തിയ്യതികളിൽ കനത്ത മഴ വിവിധ ഭാഗങ്ങളിൽ ഉണ്ടായേക്കും. ഇതേ ദിവസങ്ങളിൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരങ്ങളിലും മഴയുണ്ടാകും. ആന്ധ്ര, ഒഡിഷ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 29 മുതൽ മെയ് 1 വരെയുള്ള ദിവസങ്ങളിൽ മഴ ഉണ്ടായിരിക്കും. മത്സ്യബന്ധനം ഇതിനകം തന്നെ തടഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിൽ സാധ്യതകൾ നിലവിലുണ്ട്.

തമിഴ്നാട്ടിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന കനത്ത മഴ ലഭിച്ചേക്കില്ലെന്ന് മെറ്റീറോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറയുന്നു.

അതെസമയം കാറ്റിന്റെ ദിശയെക്കുറിച്ചുള്ള അനുമാനങ്ങൾ തെറ്റിയേക്കാമെന്ന സാധ്യതയും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്. ഫോനിയുടെ നില ഇപ്പോഴും അസ്ഥിരമാണെന്ന് ‘തമിഴ്നാട് വെതർമാൻ’ എന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

This post was last modified on April 29, 2019 11:22 am