X

ബംഗാള്‍: സിപിഎം പഠിക്കാത്ത പാഠങ്ങള്‍

പ്രസേന്‍ജിത്ത് ബോസ്

നീണ്ട 34 വര്‍ഷക്കാലം, 2011-വരെ, തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ (2016) കേവലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങിയ 2008-ല്‍ തന്നെ ബംഗാളില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തകര്‍ച്ച ആരംഭിച്ചിരുന്നു. അതിനുശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ജനകീയാടിത്തറ കുത്തനെ ഇടിയുകയും തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ വലതുപക്ഷ കക്ഷികളും, എന്തിനേറെ കോണ്‍ഗ്രസ് പോലും നേട്ടമുണ്ടാക്കുകയും ചെയ്തു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനവുമായി 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 42-ല്‍ വെറും 2 സീറ്റ് മാത്രം നേടാനായതോടെ സംസ്ഥാനത്തെയും കേന്ദ്രത്തിലേയും സി പി എം നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ 2015-ല്‍ ബംഗാളിലും ദേശീയതലത്തിലും പുതിയ സെക്രട്ടറിമാര്‍ ചുമതലയേറ്റു. ഇതോടെ ബംഗാളിലെ ഇടതുമുന്നണിക്കും സി പി എമ്മിനും പുതുജീവന്‍ കിട്ടുമെന്ന പ്രത്യാശയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ വിമര്‍ശകരും സുഹൃത്തുക്കളും ഇതുവരെ മനസിലാക്കിയതിനേക്കാള്‍ ആഴത്തിലുള്ള രോഗമാണ് സി പി എമ്മിനെയും ഇടതുമുന്നണിയെയും ബാധിച്ചിരിക്കുന്നതെന്ന വസ്തുതയിലേക്കാണ് എക്കാലത്തെയും ദയനീയമായ അവസ്ഥയിലേക്ക് വീണ 2016-ലെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പ്രശ്നത്തിന്റെ ഉപരിപ്ലവമായ തലത്തില്‍ മാത്രമാണ് നേതൃമാറ്റം തൊട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ വേരുകള്‍ മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുമുന്നണി ഭരണത്തിലും പ്രത്യേകിച്ചും അതിന്റെ അവസാന അഞ്ചുവര്‍ഷ ഭരണത്തിലുമാണ് അന്വേഷിക്കേണ്ടത്.

ഇടതുമുന്നണി സര്‍ക്കാര്‍: തകര്‍ച്ചയും, പൊരിബൊര്‍ത്തൊ’നും
1977-ല്‍ നടപ്പാക്കിത്തുടങ്ങിയ ഭൂമിയുടെ പുനര്‍വിതരണവും പാട്ടഭൂമി പരിഷ്കരണങ്ങളും സൃഷ്ടിച്ച ഉയര്‍ന്ന കാര്‍ഷിക വളര്‍ച്ചയും ഗ്രാമീണ ജീവിതനോപാധികള്‍ മെച്ചപ്പെട്ടതും അടക്കമുള്ള ഗുണഫലങ്ങള്‍ 1990-കളുടെ പകുതിയോടെ പിറകോട്ടടിച്ചിരുന്നു. ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ സാധ്യമായ ഒരു ബദല്‍ വികസന മാതൃക ഉണ്ടാക്കുന്നതിന് പകരം വന്‍കിട മൂലധനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സമ്മര്‍ദത്തിന് വഴിപ്പെടുകയായിരുന്നു ഇടതുസര്‍ക്കാര്‍ ചെയ്തത്. ബുദ്ധദേബ് ഭട്ടാചാര്യ ഭരണത്തിനു കീഴില്‍ ബദല്‍ രാഷ്ട്രീയത്തിനുള്ള അന്വേഷണങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ഇടതുമുന്നണി സര്‍ക്കാര്‍ നവ-ഉദാരവാദ ഘോഷയാത്രയില്‍ ചേരുകയും ചെയ്തു. സ്വകാര്യ, കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ക്കും, സ്വതന്ത്ര വ്യാപാര മേഖലകള്‍ക്കുമായി ജനാധിപത്യ വിരുദ്ധമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള തീവ്രശ്രമങ്ങളും, മാനവ വികാസത്തോടുള്ള അവഗണനയും, സാമൂഹ്യനീതി പ്രശ്നങ്ങളിലെ സംവേദനക്ഷമതയില്ലായ്മയും എല്ലാം ഗ്രാമീണ, നഗര ദരിദ്രജനതയുടെ വലിയൊരു വിഭാഗത്തെ അകറ്റുന്ന തരത്തില്‍ ഇടതുമുന്നണിയുടെ വലതുപക്ഷവത്കരണത്തിന് ആക്കം കൂട്ടി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഇടയില്‍ നടത്തിയ അവസരവാദ ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും ബംഗാളില്‍ സി പി എമ്മിനോടുള്ള എതിര്‍പ്പില്‍ മമത ബാനര്‍ജി വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. ഇടതുമുന്നണിയോടുള്ള വിപ്രതിപത്തി വര്‍ദ്ധിച്ചുവന്നതോടെ ഇടതുഭരണം പോകണം എന്നാഗ്രഹിക്കുന്നവരുടെയൊക്കെ കേന്ദ്രം ടി എം സി ആയി. ‘മാ, മതി, മാനുഷ്’ എന്ന ജനപ്രിയ മുദ്രാവാക്യം ദരിദ്ര, ദുര്‍ബല ജനവിഭാഗങ്ങളില്‍പ്പെട്ട നിരാശാഭരിതരായ ഇടതുമുന്നണി അനുഭാവികളെ ആകര്‍ഷിക്കുകയും 2011-ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിലേക്കും ടി എം സിയുടെ അധികാരാരോഹണത്തിലേക്കും നയിക്കുകയും ചെയ്തു.

എന്നാല്‍, ഇടതുഭരണത്തിനെ അവസാനഘട്ടത്തില്‍ ഉണ്ടായ ജീര്‍ണമായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സംവിധാനത്തെ പൊളിച്ചുപണിയുന്നതിന് പകരം അവയില്‍ നിന്നും ഇടത് / സി പി എം അനുയായികളെ ഒഴിപ്പിച്ച്, പകരം സര്‍ക്കാര്‍ പിന്തുണയോടെ  സംസ്ഥാനത്ത് അക്രമവും ഭീഷണിയും ഉയര്‍ത്തിവിടുകയായിരുന്നു മമത ബാനര്‍ജി ചെയ്തത്. ഭരണമാറ്റം ഉദ്യോഗസ്ഥ, ഭരണ നിര്‍വഹണ തലത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുകയും അത് ഇടതുഭരണത്തില്‍ തളര്‍ന്നുകിടന്ന പൊതുസേവന സംവിധാനങ്ങളെ ചെറുതായി മെച്ചപ്പെടുത്തുകയും ചെയ്തു എന്നത് വാസ്തവമാണ്. ചില സൌജന്യങ്ങള്‍, താത്ക്കാലിക ജോലികള്‍, സര്‍ക്കാര്‍ കരാറുകള്‍, പ്രാദേശിക ക്ലബ്ബുകള്‍ക്ക് ധനസഹായം തുടങ്ങിയവയിലൂടെ ദരിദ്രര്‍ക്കും യുവാക്കള്‍ക്കുമിടയിലെ സ്വാധീനം ഉറപ്പിക്കാനുമായി. എന്നാല്‍ ഇത്തരം കണ്ണില്‍പ്പൊടിയിടല്‍ പരിപാടികള്‍ കൊണ്ടൊന്നും ഇടതുഭരണകാലത്ത് ഉറച്ചുപോയ പ്രതിസന്ധിയെ മറികടക്കാനോ ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ രീതിയില്‍ സാമൂഹ്യ-സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താനും കഴിഞ്ഞില്ല.

ടി എം സി കഴുത്തറ്റം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എന്നതാണ് വാസ്തവം. അവരുടെ നിരവധി എം പിമാരും എം എല്‍ എമാരും കോഴ വാങ്ങുന്ന ഒളികാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് ഈയിടെ പുറത്തുവിട്ടിരുന്നു. പണി നടന്നുകൊണ്ടിരുന്ന വിവേകാനന്ദ മേല്‍പ്പാലം തകര്‍ന്നുവീണു നിരവധിപേര്‍  മരിച്ചതും അഴിമതിയുടെ ഫലമാണ്. എന്നാല്‍ ഇതൊന്നും വലിയ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലെത്തുന്നതില്‍ നിന്നും ടി എം സിയെ തടഞ്ഞില്ല. പ്രതിപക്ഷകക്ഷികള്‍ക്ക് ഇത്രപോലും വിശ്വാസ്യതയില്ല എന്നതാണു കാര്യം; ടി എം സിയെ ഇതൊന്നും കുറ്റവിമുക്തമാക്കുന്നില്ലെങ്കില്‍ക്കൂടി. സാമൂഹ്യ-സാമ്പത്തിക ജീര്‍ണത കുറവില്ലാതെ തുടരുന്നെങ്കിലും ദുര്‍ബലരും വിശ്വാസ്യത നഷ്ടപ്പെട്ടവരുമായ എതിരാളികള്‍ക്കെതിരായ അക്രമങ്ങളും ജനപ്രിയ സൌജന്യങ്ങളും തട്ടിപ്പുകളുമായി ടി എം സി തങ്ങളുടെ  രാഷ്ട്രീയാധികാരം ശക്തിപ്പെടുത്തി.

ഇടതുഭരണകാലത്തെക്കുറിച്ച് സത്യസന്ധമായി ആത്മവിമര്‍ശനവും വിലയിരുത്തലും നടത്താത്തതാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി സി പി എം നേതൃത്വത്തിലെ ഇടതുമുന്നണി ടി എം സിക്കെതിരെ ഒരു പ്രതിപക്ഷമെന്ന നിലയില്‍ പരാജയപ്പെടാനുള്ള മുഖ്യകാരണം. 2015-മാര്‍ച്ചില്‍ നടന്ന സി പി എമ്മിന്റെ സംസ്ഥാന സമ്മേളനം മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തെ വിലയിരുത്തിയപ്പോള്‍ അതിന്റെ ദൌര്‍ബല്യങ്ങളും പോരായ്മകളും തിരിച്ചറിയുന്നതിലോ ബംഗാളില്‍ ഇടതുപക്ഷത്തിന് ഒരു പുതിയ കാഴ്ച്ചപ്പാട് നല്‍കുന്നതിലോ പരാജയപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം77 ഭേദഗതികളാണ് ആ രേഖയ്ക്ക് മേല്‍ സമ്മേളന പ്രതിനിധികള്‍ മുന്നോട്ട് വെച്ചത്. വിശകലനത്തിന്റെ കാമ്പില്ലായ്മ്മ തന്നെയാണ് അത് സൂചിപ്പിക്കുന്നത്. ഒടുവില്‍ ആ രേഖ അംഗീകരിക്കുക പോലും ചെയ്തില്ല. ചര്‍ച്ചകളും മാറ്റിവെച്ചു. എന്തെങ്കിലും തരത്തിലുള്ള ഗണനീയമായ തെറ്റുതിരുത്തലുകളുടെ അഭാവത്തില്‍ ജനങ്ങള്‍ക്ക് സി പി എമ്മിലും ഇടതുമുന്നണിയിലുമുള്ള വിശ്വാസം വീണ്ടും ചോര്‍ന്നുപോവുകയും അവര്‍ അധികാരത്തില്‍ വന്നാല്‍ പഴയ ദ്രോഹങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭയം നിലനില്‍ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സി പി എം നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളെല്ലാം ഒരാചാരം പോലെ ഒതുങ്ങിപ്പോവുകയും എന്തെങ്കിലും തരത്തിലുള്ള പൊതുജനപിന്തുണയോ അനുഭാവമോ ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

 

തെരഞ്ഞെടുപ്പ് അവസരവാദം
തെറ്റുതിരുത്തലിന്റെ ദുര്‍ഘടമെങ്കിലും തത്വാധിഷ്ഠിതമായ വഴിയിലൂടെ പോകുന്നതിനു പകരം തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസുമായി ഒരു അവസരവാദ തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സി പി എം ശ്രമിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബലനേതൃത്വം കോണ്‍ഗ്രസുമായി തന്ത്രപരമായ സഖ്യത്തിന് മുതിരുന്നു എന്നു കുറ്റപ്പെടുത്തിയാണ് 1964-ല്‍ സി പി എം ഉണ്ടാകുന്നതുതന്നെ. അത്തരമൊരു സഖ്യം ദേശീയതലത്തില്‍ ഇടതുപക്ഷത്തെ, എക്കാലത്തേക്കുമായി കോണ്‍ഗ്രസിന്റെ ചെറുകിട പങ്കാളിയാക്കി മാറ്റുമെന്നും അതിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുമെന്നും സി പി എം വാദിച്ചു. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ദേശീയതലത്തില്‍ സകല വിശ്വസനീയതയും നഷ്ടപ്പെടുകയും ചെയ്ത സി പി ഐയുടെ ഗതികേട് ഇതിനെ സാധൂകരിക്കുകയും ചെയ്തു. ഇതേ ഗതികേടാണ് ദക്ഷിണാഫ്രിക്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടായത്. ക്രിസ് ഹാനിയും ജോ സ്ലോവോയും പോലുള്ള വലിയ നേതാക്കള്‍ നയിച്ച മഹത്തായ വര്‍ണവെറിവിരുദ്ധ സമരങ്ങളുടെയും സായുധ ചെറുത്തുനില്‍പ്പുകളുടെയും വലിയ ചരിത്രമുള്ള പാര്‍ട്ടി ഇപ്പോള്‍ ഏതാനും മന്ത്രിസ്ഥാനങ്ങള്‍ക്കുവേണ്ടി നവ-ഉദാരവാദികളും അഴിമതിക്കാരുമായി മാറിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാലായി നില്‍ക്കുകയാണ്.

കോണ്‍ഗ്രസിന് ഒരു ഇടതു, ജനാധിപത്യ ബദലുണ്ടാക്കുക എന്നതാണ് 1960-മുതല്‍ക്കുള്ള സി പി എം നയം. എവിടെയെല്ലാം സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ- പ്രധാനമായും പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര- അവിടെയെല്ലാം കോണ്‍ഗ്രസിന്റെ ജനവിരുദ്ധ, സമഗ്രാധിപത്യ ദുര്‍ഭരണത്തിനെതിരെയായിരുന്നു അവര്‍ പോരാടിയിരുന്നത്. 1990-കളില്‍ കോണ്‍ഗ്രസിനുള്ള തീവ്ര-വലതുപക്ഷ ബദല്‍ എന്ന രീതിയില്‍ ആര്‍ എസ് എസ്-ബി ജെ പി ഉയര്‍ന്നുവന്നതോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. 1998-ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ബി ജെ പിയെ ചെറുക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്കാം എന്ന രീതിയില്‍ സി പി എമ്മിന്റെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയനയത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്തി. ഈ മാറ്റമുണ്ടായെങ്കിലും, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പാര്‍ട്ടി ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം  കാഴ്ച്ചവെച്ച 1999, 2004 ലോക്സഭാ തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം സി പി എമ്മിന് ഉണ്ടായിരുന്നില്ല.

മതേതരത്വം സംരക്ഷിക്കാനും ജനകീയ നയങ്ങള്‍ നടപ്പാക്കാനുമായിരുന്നു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാരിന് സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി പിന്തുണ നല്കിയത്. കേരളത്തിലും ത്രിപുരയിലും വടക്കന്‍ ബംഗാളിലെ മിക്ക മണ്ഡലങ്ങളിലും സി പി എം കോണ്‍ഗ്രസുമായി നേരിട്ടേറ്റുമുട്ടുന്ന അവസ്ഥയിലാണ് ഈ പിന്തുണ നല്‍കിയതെന്നും ശ്രദ്ധേയമാണ്. അധികാരമോഹികളായ മറ്റ് പ്രാദേശികകക്ഷികളെപ്പോലെ സി പി എമ്മോ ഇടതു മുന്നണിയോ കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍ക്കും മറ്റ് പദവികള്‍ക്കുമായി കടിപിടി കൂട്ടിയില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം തുടങ്ങിയ നിയമങ്ങള്‍ നടപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെതിരായും പൊതുമിനിമം പരിപാടിക്കെതിരായി സ്വകാര്യവത്കരണം നടപ്പാക്കുന്നതിനെതിരായും അവര്‍ സമ്മര്‍ദം ചെലുത്തി. ഒടുവില്‍ ഇന്ത്യ-യു.എസ് ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എന്നാല്‍ അവര്‍ പിന്തുണ നല്‍കിയിരുന്ന സമയത്തുതന്നെ മുന്നോട്ടുപോയ കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച സമയം ഒട്ടും യുക്തമായിരുന്നില്ല. ചുരുക്കത്തില്‍, ഇടതുപക്ഷത്തിന്റെ നിലപാടുകളുമായി വിയോജിച്ചാലും, 2004-08 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് നല്കിയ പിന്തുണയും തുടര്‍ന്നത് പിന്‍വലിച്ചതും ചില തത്വങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു എന്നത് നിഷേധിക്കാനാകില്ല.

എന്നാല്‍ പാര്‍ട്ടിയുടെ പൊതുനിലപാടുകളില്‍ നിന്നും വ്യത്യസ്തമായൊരു നിലപാടാണ് കോണ്‍ഗ്രസിനോട് സി പി എമ്മിന്റെ ബംഗാള്‍ ഘടകം സ്വീകരിച്ചത്. 2007-08 കാലഘട്ടം മുതല്‍ക്ക് ഇടതുഭരണത്തിനെതിരായ പ്രതിഷേധം തീക്ഷ്ണമാകുന്തോറും അധികാരത്തില്‍ തുടരാനായി ടി എം സിക്കും കോണ്‍ഗ്രസിനും ഇടയില്‍ വിടവുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. 2009-ലെ ലോകസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും 2011-ല്‍ ഭരണം നഷ്ടപ്പെട്ടു തകര്‍ന്നടിഞ്ഞതും അടക്കമുള്ള തങ്ങളുടെ വലിയ പിഴവുകളില്‍ നിന്നും ശ്രദ്ധ തിരിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച കേന്ദ്ര നേതൃത്വത്തിനെ കുറ്റപ്പെടുത്താനാണ് ബംഗാള്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഇതേ കേന്ദ്ര തീരുമാനം ത്രിപുരയിലും കേരളത്തിലും ഇടതുമുന്നണിയുടെ തകര്‍ച്ചക്ക് ഇടവരുത്തിയില്ല എന്നതുതന്നെ ബംഗാളിലെ തകര്‍ച്ചക്ക് അതിന്റെതായ കാരണങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാണിക്കുന്നതിനും സംസ്ഥാനനേതൃത്വത്തിന്റെ പിഴവുകള്‍ പറയുന്നതിനോ കേന്ദ്ര നേതൃത്വത്തിനും കഴിഞ്ഞില്ല.

മിക്കപ്പോഴും ബംഗാള്‍ ഘടകത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങിയ കേന്ദ്രനേതൃത്വം അവരുടെ തെറ്റുകള്‍ തുടരാന്‍ അനുവദിക്കുകയും ശരിയായ തെറ്റുതിരുത്തലുകളെ ഒഴിവാക്കുന്ന സമീപനത്തിന് വഴിപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കാലത്ത് 2012-ലെ സി പി എം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരെ തുല്യഅകലം പാലിക്കുക എന്ന നയം എടുത്തത് സ്വാഭാവികമായിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മാസങ്ങള്‍ക്കുള്ളില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഘടകത്തിന്റെ സ്വാധീനത്തോടെ സി പി എം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ഇത് ഇടത് ഐക്യത്തെ ഭിന്നിപ്പിക്കുക മാത്രമല്ല, ജെ എന്‍ യുവിലെ നാലു പതിറ്റാണ്ടു കാലം പഴക്കമുള്ള എസ് എഫ് ഐ യൂണിറ്റ് പിളരുകയും ചെയ്തു. 2014-ല്‍ കോണ്‍ഗ്രസിനൊപ്പം ഇടതുമുന്നണിയും ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂക്കുംകുത്തിവീണു.

2015 ഏപ്രിലില്‍ നടന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണ് ബി ജെ പിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതെന്ന് വിലയിരുത്തി. പാര്‍ട്ടിയുടെ രാഷ്ട്രീയ-അടവ് നയം വിശദമായ വിലയിരുത്തലിന് വിധേയമാക്കിയതിന് ശേഷം ബി ജെ പി യെയും കോണ്‍ഗ്രസിനെയും എതിര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ പതിറ്റാണ്ടുകളായി ഇടതുചേരിക്ക് പുറത്തുള്ള കക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിക്കും പ്രതിച്ഛായക്കും കോട്ടം തട്ടിച്ചെന്നും വിലയിരുത്തി. ആ നിലപാടുകളോട് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും അത് സുതാര്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ ബംഗാള്‍ ഘടകത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തൊന്നും ബംഗാള്‍ ഘടകം എതിര്‍പ്പിന്റെ ഒരു മര്‍മ്മരം പോലും ഉയര്‍ത്തിയില്ല. വിശാഖപട്ടണം നയം ഒറ്റക്കെട്ടായി പാര്‍ട്ടി അംഗീകരിച്ചു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘടനയെ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഒരു സംഘടനാ പ്ലീനം നടത്തി. പ്ലീനം സമയത്ത് നടന്ന വാര്‍ത്താസമ്മേളനങ്ങളിലും മറ്റും പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ടി എം സി അക്രമത്തെയും ഭീകരതയെയും തുടര്‍ന്ന് ബംഗാളില്‍ ഒരു അസാധാരണ സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി പറയാന്‍ തുടങ്ങി. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കുള്ള വഴിതുറക്കുകയായിരുന്നു ലക്ഷ്യം. പരിപാടികളിലും നയങ്ങളിലും ഒരു വ്യക്തതയുമില്ലാതെ തീര്‍ത്തും അവസരവാദപരമായ ഒരു കൂട്ടുകെട്ടിന് മാസങ്ങള്‍ക്ക് മുമ്പേ ധാരണയുണ്ടാക്കി എന്നര്‍ത്ഥം.

ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ മുറുമുറുത്തെങ്കിലും 2014-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 5 ശതമാനത്തില്‍ കുറഞ്ഞ മണ്ഡലങ്ങളടക്കം നിരവധി സീറ്റുകള്‍ സി പി എം കോണ്‍ഗ്രസിന് മത്സരിക്കാന്‍ വിട്ടുനല്‍കി. സി പി എമ്മും കോണ്‍ഗ്രസും വെവ്വേറെ പ്രചാരണം നടത്തുമെന്ന് ഇടതുമുന്നണി അധ്യക്ഷന്‍ പറഞ്ഞിരുന്നെങ്കിലും  സി പി എം സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമായി യോജിച്ച പ്രചാരണം തുടങ്ങി. മുന്‍ മുഖ്യമന്ത്രിയാകട്ടെ, രാഹുല്‍ ഗാന്ധിയുമായി കൊല്‍ക്കത്തയില്‍ സംയുക്ത പ്രകടനത്തിലും പങ്കെടുത്തു. അധികാരത്തില്‍ നിന്നും പുറത്തായ രണ്ടു കക്ഷികള്‍ അത് തിരിച്ചുപിടിക്കാന്‍ നടത്തുന്ന ഗതികെട്ട ശ്രമം എന്നല്ലാതെ-കോണ്‍ഗ്രസ് 1977 മുതലും, സി പി എം 2011-ലും- ആ പ്രചാരണത്തിന് മറ്റൊരു കാഴ്ച്ചപ്പാടോ ഗുണമോ ഉണ്ടായിരുന്നില്ല.

ഇത്തരമൊരു രാഷ്ട്രീയ അവസരവാദത്തിന്റെ ഫലം എന്തായിരിക്കുമെന്ന് ആര്‍ക്കും കാണാവുന്നതായിരുന്നു. സി പി എം-കോണ്‍ഗ്രസ് സഖ്യത്തെ ജനം പാടെ തള്ളിക്കളഞ്ഞു. വോട്ട് വിഹിതവും സീറ്റുകളും വര്‍ദ്ധിപ്പിച്ച് കോണ്‍ഗ്രസ് നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായപ്പോള്‍, രണ്ടും കുത്തനെ ഇടിഞ്ഞ സി പി എം മൂന്നാം സ്ഥാനത്തേക്ക് തൂത്തെറിയപ്പെട്ടു. ഇന്നിപ്പോള്‍ പരസ്പരം പഴിചാരുന്ന നേതൃത്വവും നിരാശാഭരിതരും ആശയക്കുഴപ്പത്തില്‍ ഉഴറുന്നവരുമായ അണികളുമായി ബംഗാളിലെ സി പി എം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു വിഭജിത സംഘമാണ്. ബി ജെ പിയെ തടഞ്ഞുനിര്‍ത്തിയത് തങ്ങളാണ് എന്ന തരത്തിലുള്ള അസംബന്ധമെന്ന് വിളിക്കാവുന്ന അവകാശവാദങ്ങള്‍ സി പി എം നേതാക്കള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, ചരിത്രത്തിലാദ്യമായി ബംഗാളില്‍ ബി ജെ പി മൂന്നു സീറ്റ് നേടിയെന്നതാണ് വസ്തുത.

ബംഗാളിലെ സി പി എമ്മിന്റെ തകര്‍ച്ച വെളിപ്പെടുത്തുന്നത്, രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തില്‍  നേതൃത്വത്തേക്കാളേറെ –അല്ലെങ്കില്‍ അതിലൊട്ടും കുറയാതെ- പരിപാടി, നയം, രാഷ്ട്രീയ നയം എന്നിവയ്ക്കു പ്രാധാന്യമുണ്ട് എന്നാണ്. മറ്റൊരു സാഹചര്യത്തിലാണെങ്കിലും (ജര്‍മ്മനിയിലെ ഫാസിസത്തിന്റെ വളര്‍ച്ച) ബര്‍ട്രാണ്ട് റസല്‍ എഴുതിയത് ഇവിടെ പ്രസക്തമാണ്- “അടിസ്ഥാന പ്രശ്നം എന്താണെന്നുവെച്ചാല്‍, ആധുനിക ലോകത്ത് മണ്ടന്‍മാര്‍ക്ക് ഒരു സംശയവും ഇല്ല എന്നതും ബുദ്ധിമാന്‍മാര്‍ക്ക് ആകെ സംശയങ്ങളാണ് എന്നതുമാണ്.” ബംഗാളിലെ ഇടതുപക്ഷത്തോട് അനുഭാവമുള്ള, യുക്തിസഹമായി ചിന്തിക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യം സി പി എം/ ഇടതുമുന്നണി പ്രതിസന്ധിയുടെ ഉത്ഭവം 31-അലിമുദ്ദീന്‍ തെരുവില്‍ നിന്നാണ് എന്നാണ്. പക്ഷേ ദുഃഖകരമായ വസ്തുത അത് പറയാനും പൂച്ചയ്ക്ക് മണികെട്ടാനും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ആരുമില്ല. ജഡാവസ്ഥയിലെത്തിയ പഴയവയെല്ലാം തത്വാധിഷ്ഠിതമായ  പുതിയതിന് വഴിയൊരുക്കിയില്ലെങ്കില്‍ അത് ഇടതുപക്ഷത്തെ സംബന്ധിച്ച്  ആന്തരികവിസ്ഫോടനത്തിന്റെ മഹാദുരന്തമായിരിക്കും കാത്തുവെക്കുന്നത്.

(സിപിഎം റിസെര്‍ച്ച് സെല്ലിന്റെ കണ്‍വീനര്‍ ആയിരുന്ന പ്രെസേന്‍ജിത്, 2012-ല്‍ പ്രണാബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനുള്ള പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയായിരുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on June 23, 2018 10:25 am