X

തുര്‍ക്കി സ്‌ഫോടനം; ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

അഴിമുഖം പ്രതിനിധി

തുര്‍ക്കിയിലെ ഈസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിന്നും ബോളിവുഡ് താരം ഹൃതിക് റോഷനും കുട്ടികളും രക്ഷപ്പെടത് ഭാഗ്യം കൊണ്ട്. ഹൃതിക്കും മക്കളും കയറിയ വിമാനം പറന്നുയര്‍ന്നു മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. 36 പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

സ്‌പെയിനിലും ആഫ്രിക്കയിലുമായി അവധിക്കാലം ചെലവഴിച്ച ശേഷം ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലാണ് ഈസ്താബുളില്‍ ഹൃതിക്കും കുട്ടികളും ഇറങ്ങിയത്. എന്നാല്‍ ഇവിടെ നിന്നുള്ള കണക്ടിംഗ് പ്ലെയിന്‍ ഇവര്‍ക്ക് നഷ്ടമായി. പിറ്റേദിവസമാണ് അടുത്ത വിമാനമുള്ളത്. വിമാനത്താവളത്തില്‍ കുടുങ്ങിയ ഹൃതിക് പക്ഷേ അതിനായി കാത്തുനില്‍ക്കാതെ കിട്ടിയ മറ്റൊരു വിമാനത്തില്‍ എക്കണോമിക്‌സ് ക്ലാസ് ടിക്കറ്റ് തരപ്പെടുത്തി പോരുകയായിരുന്നു. ഈ വിമാനം പറന്നുയര്‍ന്നു മണിക്കൂറുകള്‍ക്കകം ചാവേറുകള്‍ വിമാനത്താവളത്തില്‍ കടന്നു സ്‌ഫോടനും വെടിവയ്പ്പും നടത്തുകയായിരുന്നു.

സ്‌ഫോടനവിവരം അറിഞ്ഞ ഹൃതിക് തന്റെ ദുഖവും രോഷവും ട്വിറ്ററിലൂടെ പങ്കുവച്ചു. വിമാനത്താവള ജീവനക്കാരുടെ ദയകൊണ്ടാണ് ഞങ്ങള്‍ക്ക് അവിടെ നിന്ന് പോരാന്‍ കഴിഞ്ഞത്. ഇത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. മതത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

This post was last modified on December 27, 2016 4:16 pm