X

നോട്ടുനിരോധനം കള്ളപ്പണവും വ്യാജ നോട്ടുകളും ഇല്ലാതാക്കില്ലെന്ന് ആർബിഐ പറഞ്ഞു; മോദിയുടെ പ്രഖ്യാപനത്തിന് 4 മണിക്കൂർ മുമ്പ്

2016 നവംബർ എട്ടാംതിയ്യതി രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധന പ്രഖ്യാപനം നടത്തുന്നതിനു നാല് മണിക്കൂർ മുമ്പ് ചേർന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് നിർണായകമായ ചില താക്കീതുകൾ നൽകിയിരുന്നതായി വിവരം. നോട്ടുനിരോധനം വഴി കേന്ദ്ര സർക്കാർ ലക്ഷ്യം വെച്ച കള്ളപ്പണം ഇല്ലാതാക്കൽ, വ്യാജനോട്ടുകൾ ഇല്ലാതാക്കൽ തുടങ്ങിയവ നടക്കില്ലെന്ന് ആർബിഐ യോഗം വിലയിരുത്തി. യോഗത്തിലെ ഈ അഭിപ്രായങ്ങൾ മിനിറ്റ്സിൽ ചേർത്തിട്ടുമുണ്ട്. അതെസമയം ഡിജിറ്റൽ പണമിടപാടുകൾ വർധിപ്പിച്ചേക്കുമെന്നത് അടക്കമുള്ള പ്രതീക്ഷകളിൽ ഗവർണർ ഊർജിത് പട്ടേൽ അടക്കമുള്ളവർ നോട്ടുനിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു.

ആർബിഐ സെൻട്രൽ ബോർഡിന്റെ 561മത് യോഗത്തിന്റെ മിനിറ്റ്സിലാണ് നോട്ടുനിരോധനം പ്രധാനമന്ത്രിയും ധനകാര്യമന്ത്രാലയവും കരുതുന്നതു പോലെയുള്ള ഫലമുണ്ടാക്കില്ലെന്ന അഭിപ്രായം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ന്യൂ ഡൽഹിയിൽ നവംബർ എട്ടാംതിയ്യതി വൈകീട്ട് 5.30നാണ് ധൃതിപിടിച്ച് സെൻട്രൽ ബോർഡ് യോഗം നടന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തെയും നോട്ടുനിരോധനം മോശമായി ബാധിക്കുമെന്ന് ഈ യോഗം വിലയിരുത്തുകയുണ്ടായി.

ആർബിഐ ഗവർണർ ഊർജിത് പട്ടേൽ ഈ മിനുട്സിൽ ഒപ്പുവെച്ചിട്ടുണ്ട്. ആറ് എതിർ നിലപാടുകളാണ് നോട്ടുനിരോധനത്തെ സംബന്ധിച്ച് യോഗത്തിൽ ഉയർന്നു വന്നത്. ഇവയെയെല്ലാം ‘ഗൗരവമേറിയ നിരീക്ഷണം’ എന്നാണ് മിനുട്സിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

ധനകാര്യമന്ത്രാലയത്തിൽ നിന്നും നോട്ടുനിരോധന പരിപാടിയുടെം കരട് നിർദ്ദേശം റിസർവ്വ് ബാങ്കിന് ലഭിക്കുന്നത് നവംബർ ഏഴാംതിയ്യതിയാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കുന്നതിന് സർക്കാർ പറയുന്നകാരണങ്ങൾ അബദ്ധമാണെന്ന് ആർബിഐ ഡയറക്ടർമാർ യോഗത്തിൽ സൂചിപ്പിച്ചു.

കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടുനിരോധനം സഹായിക്കുമെന്ന ധനകാര്യമന്ത്രാലയത്തിന്റെ വാദത്തെ യോഗത്തിൽ ഡയറക്ടർമാർ തള്ളി. കള്ളപ്പണത്തിന്റെ ഭൂരിഭാഗവും പണത്തിന്റെ രൂപത്തിലല്ല എന്നതാണ് ഈ വാദത്തിന്റെ യുക്തി. സ്വര്‍ണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളിന്മേലാണ് കള്ളപ്പണം നിക്ഷേപമായി കിടക്കുന്നത്. ഇവയെ നോട്ട് നിരോധിച്ചതു കൊണ്ട് ഇല്ലാതാക്കാനാകില്ല.

വ്യാജ കറൻസികൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇത്രയും വലിയ വ്യായാമം എന്തിനാണെന്ന പ്രശ്നവും ആർബിഐ ഉന്നയിച്ചു. 400 കോടിയുടെ വ്യാജ നോട്ടുകളെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ധനകാര്യമന്ത്രാലയം ആർബിഐയെ അറിയിച്ചത്. ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ ചിന്തിക്കുമ്പോൾ 400 കോടി രൂപ ചെറിയൊരു തുക മാത്രമാണെന്ന് ആർബിഐ സെൻട്രൽ ബോർഡ് യോഗം പറഞ്ഞു.

‌മെഡിക്കൽ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും നോട്ടു നിരോധനം തിരിച്ചടിയാകുമെന്നും ആർബിഐ യോഗം പ്രത്യേകമായി മിനുട്സിൽ പ്രസ്താവിച്ചിരുന്നു. ടൂറിസ്റ്റുകളുടെ വരവിനെ ഇത് ദോഷകരമായി ബാധിക്കും.

This post was last modified on November 9, 2018 4:15 pm