X

പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു; മുംബൈയിലെ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് നിക്ഷേപകര്‍

ഒരു ഇടപാടില്‍ നിക്ഷേപകര്‍ക്ക് പരമാവധി പിന്‍വലിക്കാവുന്ന തുക 1000 രൂപയാക്കി നിജപ്പെടുത്തിയത് അടക്കമുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നു.

പിഎംസി ബാങ്കിന്റെ (പഞ്ചാബ് – മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക്) പ്രവര്‍ത്തനം നിര്‍ത്തിവച്ചത് മുംബൈയിലെ ബ്രാഞ്ചുകളിലുണ്ടാക്കിയത് വൈകാരിക രംഗങ്ങള്‍. നിക്ഷേപകര്‍ കരഞ്ഞുകൊണ്ടാണ് ബ്രാഞ്ചുകളുടെ മുമ്പില്‍ നിന്നത്. 10 ലക്ഷം രൂപയുടെ ചെക്ക് ക്രെഡിറ്റ് ആയ ബിസിനസുകാരന്‍ ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതറിഞ്ഞ് കുഴഞ്ഞുവീണു. വിതരണക്കാരന് നല്‍കാനുള്ള പണമായിരുന്നു ഇത്.

ഒരു ഇടപാടില്‍ നിക്ഷേപകര്‍ക്ക് പരമാവധി പിന്‍വലിക്കാവുന്ന തുക 1000 രൂപയാക്കി നിജപ്പെടുത്തിയത് അടക്കമുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിഎംസി ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളുടെ ഭാഗമല്ല പുതിയ നിയന്ത്രണങ്ങള്‍ എന്നും നിയന്ത്രണവിധേയമായി തുടര്‍ന്നും പിഎംസി ബാങ്കിന് പ്രവര്‍ത്തിക്കാമെന്നും ആര്‍ബിഐ അറിയിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ ആറ് മാസത്തേയ്ക്കാണ് നിയന്ത്രണം. നിര്‍ദ്ദേശങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിക്ഷേപകര്‍ക്ക് അറിയിപ്പ് നല്‍കാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

കിട്ടാക്കടം പെരുകിയതാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 11 അക്കൗണ്ടുകളിലായി 110.75 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് വന്നിരിക്കുന്നത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് അടക്കം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നാണ് പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 137 ബ്രാഞ്ചുകളാണ് നിലവില്‍ പിഎംസി ബാങ്കിന് രാജ്യത്താകെയുള്ളത്.

This post was last modified on September 24, 2019 10:10 pm