X

രണ്ടാഴ്ച പിന്നിട്ടിട്ടും വീട്ടുതടങ്കൽ നീക്കിയില്ല; കശ്മീർ നേതാക്കളുടെ രാഷ്ട്രീയഭാവി അസ്തമിച്ചെന്ന് തിരിച്ചറിയണമെന്ന് കേന്ദ്രം

3 മുൻ മുഖ്യമന്ത്രിമാർ, 8 മുൻ മന്ത്രിമാർ, നിരവധി എംഎൽഎമാർ, മേയർമാർ തുടങ്ങിയ നിരവധി നേതാക്കളാണ് വീട്ടുതടങ്കലിൽ കഴിയുന്നത്.

കശ്മീരിലെ നേതാക്കളുടെ വീട്ടുതടങ്കൽ നീക്കം ചെയാതെ കേന്ദ്ര സർക്കാർ. ഓഗസ്റ്റ് അഞ്ചാംതിയ്യതിയാണ് ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്ന സുപ്രധാന തീരുമാനം വന്നത്. ഇതിനു പിന്നാലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ കേന്ദ്രം തടങ്കലിലാക്കി. ഇവരെ മോചിപ്പിക്കാനുള്ള നടപടി ഇതുവരെ ആയിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനം ശരിയായി പാലിക്കപ്പെടുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. ജമ്മു കശ്മീരിന്റെ വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞദിവസം സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

3 മുൻ മുഖ്യമന്ത്രിമാർ, 8 മുൻ മന്ത്രിമാർ, നിരവധി എംഎൽഎമാർ, മേയർമാർ തുടങ്ങിയ നിരവധി നേതാക്കളാണ് വീട്ടുതടങ്കലിൽ കഴിയുന്നത്. അഭിഭാഷകർ, ബിസിനസ്സുകാർ, പ്രൊഫസർമാർ തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറയിലുള്ള പ്രമുഖർ തടങ്കലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്.

സജാദ് ലോൺ, ഷാ ഫൈസൽ, ഗുലാം അഹ്മദ് മിർ, വഹീദ പര, സൈഫുദ്ദീൻ സോസ്, നയീം അക്തർ, അലി മൊഹമ്മദ് സാഗർ, അബ്ദുൾ റഹീം റാതർ, എംവൈ തരിഗാമി തുടങ്ങിയ നിരവധി നേതാക്കളെല്ലാം തടങ്കലിലാണ്.

ഈ നേതാക്കളുടെയെല്ലാം ഭാവി എന്താണെന്ന ചോദ്യത്തിന് പരിഹാസം കലർത്തിയ മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യങ്ങളുടെ സഹമന്ത്രി ജിതേന്ദ്ര സിങ് നൽകിയത്. “അവർക്ക് ഒരു ഭാവിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല. അവരു‍ടെ രാഷ്ട്രീയഭാവി അസ്തമിച്ചെന്ന് അവർ തിരിച്ചറിയണം. ചില മാധ്യമങ്ങൾ മാത്രമാണ് അവർക്ക് ഭാവിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്. കഥ അവസാനിച്ചു കഴിഞ്ഞു.” അദ്ദേഹം പറഞ്ഞു.

This post was last modified on August 19, 2019 12:37 pm