വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിനായി യുഎസ് സർക്കാർ രൂപം നൽകിയിട്ടുള്ള ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (GSP) പരിപാടിയിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്യാൻ ഡോണൾഡ് ട്രംപിന്റെ നീക്കം. 2017ൽ ട്രംപ് പ്രസിഡണ്ട് സ്ഥാനത്തെത്തിയതിനു ശേഷം ഇന്ത്യക്കു നേരെ ഇതാദ്യമായാണ് ഇത്രയും കടുത്ത നീക്കം നടത്തുന്നത്. ഇന്ത്യൻ വിപണികളിലേക്ക് ന്യായമായ പ്രവേശനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് ട്രംപ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. ജിഎസ്‌പി പരിപാടിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ എന്നിരിക്കെ ഇതൊരു വലിയ തിരിച്ചടിയാണ്.
വികസ്വരരാജ്യങ്ങളെ സഹായിക്കാനുള്ള ഈ പരിപാടി പ്രകാരം 5.6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഉൽപന്നങ്ങൾ നികുതിരഹിതമായി യുഎസ്സിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും.
“ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് പ്രോഗ്രാമിന്റെ ഗുണഭോക്താവായ വികസ്വര രാജ്യമെന്ന പദവി ഇന്ത്യയിൽ നിന്നും നീക്കം ചെയ്യാനുള്ള എന്റെ താൽപര്യം ഞാൻ അറിയിക്കുന്നു” -കൺഗ്രഷണൽ നേതാക്കൾക്കുള്ള ഒരു കത്തിൽ ട്രംപ് പറഞ്ഞു. യുഎസ്സും ഇന്ത്യയും തമ്മിൽ നടത്തിയ നിരവധി ആശയവിനിമയങ്ങൾക്കു ശേഷമാണ് താനീ നോട്ടീസ് നൽകുന്നതതെന്ന് ട്രംപ് വിശദീകരിച്ചു. ഇന്ത്യൻ വിപണികളിലേക്കുള്ള ന്യായമായ പ്രവേശനം യുഎസ്സിന് ഉറപ്പ് നൽകാൻ ഇന്ത്യക്ക് സാധിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു.
യുഎസ്സിന്റെ വ്യാപാര കമ്മിയെ കുറച്ചു കൊണ്ടുവരണമെന്ന നിലപാടിൽ ഇന്ത്യക്കെതിരെ നേരത്തെയും ട്രംപ് രംഗത്തു വന്നിരുന്നു. ഇന്ത്യ ഈടാക്കുന്ന ഉയർന്ന നികുതികൾ കുറയ്ക്കണമെന്നതായിരുന്നു ട്രംപിന്റെ താൽപര്യം. 2017ലെ കണക്കു പ്രകാരം ഇന്ത്യയുമായുള്ള യുഎസ്സിന്റെ ചരക്ക്-സേവന വ്യാപാരക്കമ്മി 27.3 ബില്യൺ ഡോളറാണ്. ഇന്ത്യ തങ്ങളുടെ വിപണികളിലേക്ക് ന്യായമായ പ്രവേശം നല്‍കാനുള്ള നടപടികളുണ്ടാകുമോയെന്ന് താൻ വിലയിരുത്തുമെന്ന് ട്രംപ് വിശദീകരിച്ചു.
This post was last modified on March 5, 2019 12:29 pm
Leave a Comment