രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് കോൺഗ്രസ് അധ്യക്ഷയായി വരാൻ സന്നദ്ധയല്ലെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. കഴിഞ്ഞ കുറച്ചാഴ്ചകളായി പ്രിയങ്ക നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ വെച്ച് ഈ നിർദ്ദേശം ഇന്നുരാവിലെ വീണ്ടും ഉയർന്നു വന്നെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 20ന് സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗം ചേർന്നത്. ജാർഖണ്ഡിലെ പാർട്ടി ഇൻചാർജായ ആർപിഎൻ സിങ് ഈ ആവശ്യം ഉന്നയിച്ചു. നിലവിലെ അവസ്ഥകളിൽ ഏറ്റവും വ്യക്തതയുള്ള ധാരണയുള്ളയാളെന്ന നിലയിൽ പ്രിയങ്ക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകണമെന്നാണ് ആർപിഎൻ സിങ് ആവശ്യപ്പെട്ടത്.
ഇതിന് ‘എന്റെ പേര് വലിച്ചിഴയ്ക്കരുത്’ എന്ന മറുപടിയാണ് ഉറച്ച രീതിയിൽ പ്രിയങ്ക പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആരെങ്കിലും വരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുൽ കടുത്ത നിലപാടെടുത്ത് ഒഴിഞ്ഞുവെങ്കിലും പിന്നീട് അദ്ദേഹത്തെ തിരികെ കൊണ്ടുവരാമെന്ന് പലരും കരുതിയിരുന്നു. എന്നാൽ ഇതിന്റെ സാധ്യത പിന്നീട് മങ്ങി. ഇതോടെയാണ് പ്രിയങ്കയുടെ പേര് പലരും പരാമർശിച്ചു തുടങ്ങിയത്.
തിരുവനന്തപുരം എംപി ശശി തരൂർ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നിവരാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം മുമ്പോട്ടു വെച്ചത്. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട ശശി തരൂർ ഇനി പ്രിയങ്ക മത്സരിക്കുകയാണെങ്കിലും കുഴപ്പമില്ലെന്നാണ് പ്രസ്താവിച്ചത്. എന്നാൽ, പഞ്ചാബ് മുഖ്യമന്ത്രി ഇത് കുറെക്കൂടി വ്യക്തമായി പറഞ്ഞു. പ്രിയങ്ക ഗാന്ധി വരികയാണെങ്കിൽ അത് സർവ്വസ്വീകാര്യമായ ഒരു തീരുമാനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നാഥനില്ലാക്കളരിയായെന്നും അധ്യക്ഷസ്ഥാനത്തേക്ക് വേഗം ആളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ശശി തരൂർ രംഗത്തെത്തിയിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറയുകയുണ്ടായി. കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് കാര്യങ്ങൾ നിയന്ത്രിക്കാൻ മുകളിൽ ആളില്ലാത്തതിനാലാണെന്നും തരൂർ ചൂണ്ടിക്കാട്ടി. നോമിനേറ്റ് ചെയ്ത് വരുന്ന പ്രസിഡണ്ട് ഇനി വേണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ ആളെ കണ്ടെത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ശശി തരൂരിനെ പിന്തുണച്ച് എഐസിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കളായ പിജെ കുര്യൻ, കെവി തോമസ് തുടങ്ങിയവരും അധ്യക്ഷസ്ഥാനത്തേക്ക് ആളെത്തണമെന്ന നിലപാട് വ്യക്തമാക്കി രംഗത്തു വരികയുണ്ടായി. തരൂരിന്റെ ആവശ്യം സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍ പങ്കുവച്ചത് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
This post was last modified on August 1, 2019 6:43 pm
Leave a Comment