X

വളര്‍ച്ച നിരക്ക് 7.2 ആക്കി കൂട്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍; നോട്ട് നിരോധന വര്‍ഷം 8.2

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം സര്‍ക്കാരിനെ ഇത്തരത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി പ്രൊജക്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

നാളെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ 2017-18ലെ ജിഡിപി വളര്‍ച്ച നിരക്ക് 7.2 ശതമാനം ആക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഗ്രോത്ത് എസ്റ്റിമേറ്റ് 6.7 ശതമാനമായിരുന്നു. 2018 മേയിലെ പ്രൊവിഷണല്‍ എസ്റ്റിമേറ്റ് 6.7 ശതമാനമായിരുന്നു എന്നും എന്നാല്‍ ഫസ്റ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് 7.2 ശതമാനമാണെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ (സിഎസ്ഒ) പറയുന്നു. 2016-17ലെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമായും ഉയര്‍ത്തി. നോട്ട് നിരോധന വര്‍ഷമാണിത്.

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് 2017-18ല്‍ രേഖപ്പെടുത്തിയത് എന്നും എന്നാല്‍ ഇത് സംബന്ധിച്ച എന്‍എസ്എസ്ഒയുടെ സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടില്ലെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാറും സിഇഒ അമിതാഭ് കാന്തും രംഗത്തെത്തിയിരുന്നു. 7.2 ശതമാനം വളര്‍ച്ചാനിരക്കും തൊഴിലില്ലായ്മ സംബന്ധിച്ച കണക്കും പൊരുത്തപ്പെടുന്നില്ലെന്നാണ് അമിതാഭ് കാന്ത് പറഞ്ഞത്. തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ഇരുവരും ചോദ്യം ചെയ്തു. 6.7 എന്ന വളര്‍ച്ച നിരക്കിനെ 7.2 ആക്കി എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയും ചെയ്യുന്നു. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ സമഗ്ര തൊഴിലില്ലായ്മ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയാന്‍ ഇടയാക്കിയതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

വളര്‍ച്ച നിരക്ക് ഇത്തരത്തില്‍ ഉയര്‍ത്തി പ്രൊജക്ട് ചെയ്യുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്ററിലടക്കം ഉയരുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെയും ഇത്തരത്തില്‍ വളര്‍ച്ചനിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു. 2015ല്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സംബന്ധിച്ച ഡാറ്റ തയ്യാറാക്കിയിരുന്നതായും എന്നാല്‍ നിതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന അരവിന്ദ് പനഗാരിയ ഈ ഡാറ്റ പുറത്തുവിടുന്നത് തടഞ്ഞതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം സര്‍ക്കാരിനെ ഇത്തരത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി പ്രൊജക്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

This post was last modified on February 1, 2019 7:26 am