X

45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്: റിപ്പോര്‍ട്ട് ആധികാരികമല്ലെന്ന് നീതി ആയോഗ്‌

എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് ഇക്കാര്യം പറയുന്നത്.

45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള 2017-18 വര്‍ഷം രേഖപ്പെടുത്തിയത് എന്ന് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) സര്‍വേ റിപ്പോര്‍ട്ട് വൈരിഫൈ ചെയ്തിട്ടില്ലെന്ന് നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും സിഇഒ അമിതാഭ് കാന്തുമാണ് പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചത്.

എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് തങ്ങള്‍ പുറത്തുകൊണ്ടുവരുകയായിരുന്നു എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നത്. ഇത് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് ആണെന്നും അല്ലാതെ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അല്ലെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.

2011-12ല്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017-18ല്‍ 6.1 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. 1972-73ലേതിന് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. നഗരമേഖലയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ – 7.8 ശതമാനം. ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവും. എന്നാല്‍ തൊഴിലില്ലായ്മ സംബന്ധിച്ച ഈ റിപ്പോര്‍ട്ടും 7.2 ശതമാനം വളര്‍ച്ചയും പൊരുത്തപ്പെടുന്നില്ലെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു. ആളുകള്‍ ആഗ്രഹിക്കുന്ന ജോലി കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം. കൂടുതല്‍ ശമ്പളമുള്ള ജോലി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. കൃഷി പോലുള്ള ജോലികളില്‍ ആളുകള്‍ താല്‍പര്യ കാണിക്കുന്നില്ല – അമിതാഭ് കാന്ത് പറഞ്ഞു. അതേസമയം പ്രതീക്ഷിച്ച പോലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണെന്നും അമിതാഭ് കാന്ത് പറയുന്നു.

This post was last modified on January 31, 2019 9:29 pm