രാജ്യത്തെ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളെല്ലാം കുടുങ്ങിയ കോബ്ര പോസ്റ്റ് ഒളികാമറ ഓപ്പറേഷനിൽ പ്രതികരണമറിയിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. ഓപ്പറേഷനിൽ കുടുങ്ങിയ എല്ലാ മാധ്യമങ്ങളും തങ്ങളുടെ ഭാഗം വായനക്കാരോട് വിശദീകരിക്കാൻ ബാധ്യസ്ഥരാണെന്നും അതിന് തയ്യാറാകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു.
പുറത്തുവന്ന വീഡിയോകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എഡിറ്റേഴ്സ് ഗിൽഡിന് സാധിക്കില്ല. എന്നാൽ, എന്താണ് തങ്ങളുടെ നിലപാടെന്ന് മാധ്യമങ്ങൾ വായനക്കാരോട് വിശദീകരിക്കേണ്ടതുണ്ട്. വീഡിയോകളിൽ മാധ്യമസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അധാർമികമായ മാധ്യമപ്രവർത്തനത്തിന് സമ്മതിക്കുന്നതായാണ് കാണുന്നത്. ഇതിൽ പൊതുജനത്തോട് വിശദീകരണം നടത്താൻ മാധ്യമങ്ങൾ തയ്യാറാകണം.
മാധ്യമങ്ങൾ പലകോണുകളിൽ നിന്ന് ആക്രമണം നേരിടുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. സ്വതന്ത്രവും സുതാര്യവുമായ മാധ്യമപ്രവർത്തനം ഏറെ അത്യാവശ്യമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാധ്യമപ്രവർത്തകരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പെയ്ഡ് ന്യൂസ് എന്ന പരാമര്‍ശം പോലും മാധ്യമപ്രവർത്തനത്തിന്റെ പ്രതിച്ഛായയെ തകർക്കുമെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു.
ഒളികാമറ ഓപ്പറേഷനുകളെ സംബന്ധിച്ച് മാധ്യമപ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടവും എഡിറ്റേഴ്സ് ഗിൽഡ് ഓർമിപ്പിച്ചു. പൊതുജന താൽപര്യം മുൻനിർത്തി ന്യായീകരിക്കാൻ കഴിയാത്ത ഒരു ഒളികാമറ ഓപ്പറേഷനും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ എഡിറ്റേഴ്സ് ഗിൽഡ്, കോബ്ര പോസ്റ്റിന്റെ ഒളികാമറ ഓപ്പറേഷൻ പൊതുജന താൽപര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞില്ല.
പണം തരികയാണെങ്കിൽ രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകള്‍ പ്രസിദ്ധീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് നിരവധി ദേശീയ-പ്രാദേശിക മാധ്യമങ്ങൾ സമ്മതിക്കുന്നതാണ് ഒളികാമറയിൽ പിടിച്ച വീഡിയോകളിലുള്ളത്. ടൈംസ് ഓഫ് ഇന്ത്യ ഓഫീസ്, ഏഷ്യാനെറ്റ് ഉടമയുടെ ഓഫീസ്, ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓഫീസ് തുടങ്ങിയ മിക്ക സുപ്രധാന മാധ്യമങ്ങളെയും സ്റ്റിങ് ഓപ്പറേഷൻ നടത്തിയ കോബ്ര പോസ്റ്റ് റിപ്പോർട്ടർ സമീപിച്ചു. ബംഗാളിലെ രണ്ട് പ്രാദേശിക പത്രങ്ങൾ മാത്രമാണ് വർഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരുക്കമല്ലെന്ന് അറിയിച്ചത്.
This post was last modified on June 1, 2018 7:03 pm
Leave a Comment