കലോത്സവ വിജയത്തില്‍ സഹപാഠിയെ അഭിനന്ദിക്കാന്‍ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നാട്ടില്‍ ശ്രദ്ധേയ അഭിപ്രായപ്രകടനവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടി ഭാരതികുട്ടി. സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് പഠിക്കണമെന്നും അവര്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതുമായ ഒരു കാര്യവുമാണിതെന്ന് അവര്‍ ചൂണ്ടി കാട്ടുന്നു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍, ഒന്നാം ക്ലാസ് മുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്താതെ, അവരെ ഇടകലര്‍ത്തിയിരുത്തണമെന്ന ഒരു തീരുമാനം സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ചെറുപ്പം മുതല്‍ ശീലിച്ചാല്‍ പത്തുകൊല്ലം കഴിയുമ്പോഴേക്കെങ്കിലും ലിംഗ വിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കും. വെറും ലൈംഗിക ശരീരങ്ങള്‍ മാത്രമായി കുട്ടികളെ വേര്‍തിരിക്കാതിരിക്കുക. വേര്‍തിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്‌കൃതമാണ് ജാതീയമായ വേര്‍തിരിവു പോലെ തന്നെ അശ്ലീലമാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതുമായ ഒരു ആശയമാണിത്. കേട്ടാല്‍ ചെറിയ കാര്യമെന്നു തോന്നാം. പക്ഷേ സാമൂഹികാരോഗ്യത്തിലേക്കുള്ള ആദ്യ പരിഷ്‌കരണ നടപടി ഇതു തന്നെയാണ്. ഇടതു സര്‍ക്കാരിനാണിതു കഴിയേണ്ടത്. സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങള്‍ നീക്കം ചെയ്യാതെ എങ്ങനെയാണ് കുട്ടികളില്‍ പൗരബോധവും സാമൂഹികബോധവും ഉത്തരവാദിത്വബോധവുമുണ്ടാവുക?
സര്‍ക്കാര്‍ ലിംഗവിവേചനത്തിനെതിരായുള്ള പ്രാഥമിക പാഠങ്ങള്‍ പരിശീലിപ്പിച്ചു തുടങ്ങുക. ലൈംഗിക വൈകൃതങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ആദ്യ നിര്‍ബന്ധ നടപടി ഇതാകണം. തൊട്ടാല്‍ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തില്‍ നിന്നു രക്ഷ നേടുവാന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.
Leave a Comment