ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാൻ പോയ എട്ട് പർവ്വതാരോഹകരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. യുകെയിൽ നിന്നുള്ള മൂന്നു പേര്‍, രണ്ട് അമേരിക്കന്‍ പൌരന്മാര്‍, ഒരു ഒസ്ട്രേലിയന്‍ വനിത അവരെ അനുഗമിച്ച ഇന്ത്യന്‍ ഗൈഡ് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
സമുദ്ര നിരപ്പിൽ നിന്ന് 7434 അടി ഉയരത്തിലാണ് നന്ദ ദേവി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ശനിയാഴ്ച രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്. ഇവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ ഒരു സംഘത്തെ ജില്ലാ ഭരണകൂടം അയച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമവും ഇന്ന് നടത്തും.
‘ഇപ്പോഴും പ്രതീക്ഷയില്‍ തന്നെയാണ്. പക്ഷെ, പ്രായോഗികമായി, മോശം വാർത്ത കേള്‍ക്കാനും തയ്യാറായേ പറ്റൂ’ എന്ന് ഇന്ത്യൻ മൗണ്ടനീറിംഗ് ഫൌണ്ടേഷൻ വക്താവ് അമിത് ചൗധരി പറഞ്ഞു. ബ്രിട്ടണില്‍ നിന്നുളള ട്രക്കിംഗ് കമ്പനിയായ ‘മൊറാന്‍ മൌണ്ടൈനി’ന്റെ ഉടമയായ മാര്‍ട്ടിന്‍ മൊറാനാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.
ഉത്തരാഖണ്ഡിലെ മുൻസിയാരിയെന്ന ഹിമാലയന്‍ ഗ്രാമത്തില്‍ നിന്നും മെയ് 13 നാണ് ഇവർ യാത്ര തുടങ്ങിയത്. മുൻസിയാരിയിൽ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റർ ദൂരം കാൽനടയായി പോകേണ്ടതുണ്ട്. ഈ മേഖലയില്‍ പര്‍വ്വതാരോഹണം നടത്താന്‍ 24 ദിവസമെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടക്കിടെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുന്ന പ്രദേശവുമാണിത്. മേയ് 22-ന് ലഭിച്ച വിവരമനുസരിച്ച് സംഘം 4870 മീറ്റര്‍ ഉയരത്തിലുള്ള തങ്ങളുടെ രണ്ടാമത്തെ ബേസ് ക്യാമ്പിൽ എത്തിയിരുന്നു.
പതിവിലും കൂടുതൽ സഞ്ചാരികളാണ് ഈ സീസണില്‍ ഹിമാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം പര്‍വ്വതാരോഹണത്തിന്‍റെ ദിവസങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയില്‍ നുറുകണക്കിനാളുകൾ വരിനില്‍ക്കുന്ന ചിത്രം ഇതിനകംതന്നെ ശ്രദ്ധനേടിയിരുന്നു.
Leave a Comment