X

2018ല്‍ ബിജെപിക്ക് ലഭിച്ച ഫണ്ട് 1300 കോടിയിലധികം രൂപ: തിരഞ്ഞെടുപ്പ് കോര്‍പ്പറേറ്റുകള്‍ കയ്യടക്കുമ്പോള്‍

ഇലക്ടറല്‍ ബോണ്ടുകള്‍ വിദേശത്ത് നിന്നടക്കം രേഖകളില്ലാത്ത പണത്തിന്റെ നിര്‍ബാധമായ ഒഴുക്കിനെ സഹായിക്കുന്നുണ്ട്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി പലപ്പോഴും നീക്കം നടത്തിയിട്ടുണ്ട്. ബിസിനസ് ലോകത്തിനും വിദേശ താല്‍പര്യ ഗ്രൂപ്പുകള്‍ക്കും മുമ്പുള്ളതിനേക്കാള്‍ സ്വാധീനം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചെലുത്താന്‍ കഴിയുമെന്ന ആശങ്ക ഇതുണ്ടാക്കുന്നതായി ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യവസ്ഥയില്ലാതെ ഫണ്ട് സ്വീകരിക്കാന്‍ ഇത് അനുകൂല സാഹചര്യമൊരുക്കുന്നു. രേഖകളില്ലാത്ത പണം ക്രമാതീതമായി ഒഴുകാന്‍ ഇത് ഇടയാക്കും. ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ കണക്ക് പ്രകാരം ഇത്തവണ 40 ശതമാനം വര്‍ദ്ധനവാണ് തിരഞ്ഞെടുപ്പ് ചിലവില്‍ കണക്കാക്കുന്നത്. 50,000 കോടി രൂപയിലധികം.

ഇന്ത്യയിലെ കാംപെയിന്‍ ഫിനാന്‍സ് നിയമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് അനോണിമസ് ഇലക്ടറല്‍ ബോണ്ട് ആണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വിദേശത്ത് നിന്നടക്കം രേഖകളില്ലാത്ത പണത്തിന്റെ നിര്‍ബാധമായ ഒഴുക്കിനെ സഹായിക്കുന്നുണ്ട്. 2017ല്‍ ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യം അവതരിപ്പിച്ചത്. 2017ല്‍ കമ്പനികള്‍ക്ക് പ്രചാരണത്തിന് പണം സംഭാവന ചെയ്യാന്‍ അനായാസകരമാക്കുന്ന നിയമ ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. കടലാസ് കമ്പനികള്‍ക്ക് വരെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന അവസ്ഥ. ഓരോ കമ്പനിയും എത്ര പണം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് വെളിപ്പെടുത്തേണ്ട. ട്രസ്റ്റുകള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തേണ്ട. മണി ബില്ലായാണ് ഭേദഗതി അവതരിപ്പിച്ചത്. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയുടെ അംഗീകാരം മാത്രം മതി. രാജ്യസഭയുടെ വേണ്ട.

ഇന്ത്യന്‍ കമ്പനിയില്‍ 50 ശതമാനത്തില്‍ താഴെ നിക്ഷേപമുള്ള വിദേശ കമ്പനികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാന്‍ കഴിയുന്ന നിലയാണ്. ഇതിനെതിരെ പല എംപിമാരും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ ഭേദഗതി ബിജെപിക്കും കോണ്‍ഗ്രസിനും ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. പ്രതിപക്ഷത്ത് നിന്ന് കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ല. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈനിംഗ് ഭീമന്‍ വേദാന്ത കമ്പനിയില്‍ നിന്ന് ഡൊണേഷന്‍ സ്വീകരിച്ചപ്പോള്‍ വിദേശ പണ വിനിമയ ചട്ടം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ലംഘിച്ചതായി 2014ല്‍ ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനയ്ക്ക്:  https://www.bloomberg.com/graphics/2019-india-election-funds/?fbclid=IwAR3yLzkp9BvBWM3Pa3jUewsqLjP1ko-qwPJu2OoCgdgBXM0bDZaA8q6k4KM

This post was last modified on March 21, 2019 7:58 am