തന്റെ മണ്ഡലത്തിലെ വോട്ടർമാരോട് സംസാരിക്കവെ വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മേനക സഞ്ജയ് ഗാന്ധിക്ക് ഇലക്ഷൻ കമ്മീഷൻ 48 മണിക്കൂർ നേരത്തെ വിലക്കേർപ്പെടുത്തി. ഈ കാലയളവിൽ ഇവർക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനാകില്ല. റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനാകില്ല. മാധ്യമങ്ങളൊന്നിലും ഒരു രൂപത്തിലും പ്രത്യക്ഷപ്പെടാനാകില്ല. അഭിമുഖങ്ങൾ തുടങ്ങിയവയ്ക്കും വിലക്കുണ്ട്.
ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ജയപ്രദയ്ക്കെതിരെ എതിർ സ്ഥാനാർത്ഥി അസം ഖാൻ നടത്തിയ മോശം പരാമർശത്തിലും ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്. “റാംപൂരിലെ ജനങ്ങള്‍ ജയപ്രദയുടെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയാന്‍ 17 വര്‍ഷമെടുത്തെങ്കില്‍ പരിചയപ്പെട്ട 17 ദിവസത്തിനുള്ളില്‍ തന്നെ അവര്‍ ധരിച്ചിരിക്കുന്നത് കാക്കി അടിവസ്ത്രമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു” എന്നായിരുന്നു അസംഖാന്റെ പ്രസ്താവന. ഇദ്ദേഹത്തിന് മൂന്നു ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മുസ്ലിങ്ങൾ വോട്ട് ചെയ്താലുമില്ലെങ്കിലും താൻ ജയിക്കുമെന്നും എന്നാൽ മുസ്ലിങ്ങളുടെ വോട്ട് കിട്ടാതെയാണ് താൻ ജയിക്കുന്നതെങ്കില്‍ അവർക്ക് യാതൊരു സഹായവും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നുമായിരുന്നു സുൽത്താൻപൂരിൽ മത്സരിക്കുന്ന മേനക ഗാന്ധിയുടെ പ്രസ്താവന. ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥലങ്ങളെ പ്രത്യേക കാറ്റഗറികളായി തിരിച്ച് അവിടേക്ക് കൂടുതൽ വികസനമെത്തിക്കുമെന്നും മേനക പറയുകയുണ്ടായി. വോട്ടിനു വേണ്ടി ജാതി-മത ഭേദങ്ങളെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, വോട്ടിനായി പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യരുതെന്ന ചട്ടവും ലംഘിക്കപ്പെട്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു.
രണ്ടുപേരുടെയും വിലക്ക് സ്ഥാപിക്കപ്പെടുക ഏപ്രിൽ 16 കാലത്ത് 10 മണി മുതലാണ്.
സുപ്രീംകോടതിയുടെ ഇടപെടലിൽ വിറച്ച് ഇലക്ഷൻ കമ്മീഷൻ
രാജ്യത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ ഇടപെടാത്തതെന്ന ചോദ്യമുന്നയിച്ച് സുപ്രീംകോടതി ഇന്ന് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടികളെടുക്കാന്‍ കമ്മീഷൻ തയ്യാറായത്. പെരുമാറ്റച്ചട്ടം നടപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് നൽകപ്പെട്ടിട്ടുള്ള അധികാരങ്ങളുടെ വ്യാപ്തി പരിശോധിക്കാനും സുപ്രീംകോടതി തയ്യാറായിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ചൊവ്വാഴ്ച കമ്മീഷന്റെ പ്രതിനിധി ഹാജരാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വിദ്വേഷ പരാമർശങ്ങൾ തടയാൻ വേണ്ടത്ര അധികാരം കമ്മീഷന് നൽകിയിട്ടില്ലെന്ന് അവര്‍ക്കു വേണ്ടി ഹാജരായ വക്കീൽ അമിത് ശർമ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന് നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ പരിശോധിക്കുന്നത്. മതവും ജാതിയും തെരഞ്ഞെടുപ്പു വിഷയമാക്കുന്ന രാഷ്ട്രീയ കക്ഷികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
മായാവതിക്കും യോഗിക്കുമെതിരെ നടപടി
കോൺഗ്രസ്സിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുന്നുവെന്ന പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ന് (തിങ്കളാഴ്ച) വൈകീട്ടാണ് ഈ തീരുമാനം വന്നത്. കോൺഗ്രസ്സിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗുമായുള്ള സഖ്യത്തെ പരാമർശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു യോഗിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ. അങ്ങേയറ്റം പ്രകോപനപരമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി കമ്മീഷൻ പറഞ്ഞു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്താൻ പോന്നവയായിരുന്നു യോഗിയുടെ പരാമർശങ്ങൾ. ഇത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്തുന്ന വിധത്തിൽ പ്രസംഗിച്ചതിന് മായാവതിക്കെതിരെയും വിലക്ക് സ്ഥാപിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചതിൽ നിന്ന് മായാവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. മുസ്ലിങ്ങൾ കൂട്ടത്തോടെ തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് മായാവതി ആവശ്യപ്പെടുന്നതാണ് പ്രസംഗത്തിലെ വിവാദമായ ഭാഗം. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മായാവതി ഏപ്രിൽ 16ാം തിയ്യതി ആറുമണി മുതൽ 48 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
This post was last modified on April 16, 2019 6:33 am
Leave a Comment