X

ദേശീയ പാര്‍ട്ടി പദവി പോയേക്കാം, സിപിഐയ്ക്കും തൃണമൂലിനും എന്‍സിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്.

എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ മൂന്ന് പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കും. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഈ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി ഭീഷണിയിലാണ്. അതേസമയം 2016ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് ഈ കക്ഷികള്‍ക്ക് ആശ്വാസമായി. അഞ്ച് വര്‍ഷത്തിന് പകരം 10 വര്‍ഷം കൂടുമ്പോള്‍ പദവി പരിശോധന നടത്താമെന്നായിരുന്നു ചട്ട ഭേദഗതി.

10 ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പുകളിലും വിജയം നേടിയ ബി എസ് പിയുടെ പദവി നഷ്ടമാകില്ല. 1968ലെ ഇലക്ഷന്‍ സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്‌മെന്റ്) ഉത്തരവ് പ്രകാരം ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭ മണ്ഡലങ്ങളിലോ നിയമസഭ മണ്ഡലങ്ങളിലോ ആറ് ശതമാനം വോട്ട് നേടാന്‍ കഴിയണം.

നാല് അംഗങ്ങളെങ്കിലും ലോക്‌സഭയില്‍ വേണം. മൊത്തം ലോക്‌സഭ സീറ്റുകളുടെ രണ്ട് ശതമാനമെങ്കിലും നേടണം. ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വേണം. നിലവില്‍ ബിജെപി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബി എസ് പി, എന്‍സിപി, സിപിഎം, സിപിഐ, എന്‍പിപി (മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) എന്നിവയ്ക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്.

This post was last modified on July 18, 2019 8:30 pm