X

‘മോദിയുടെ കീഴിൽ പാർട്ടി അധഃപതിക്കുന്നു’: മുൻ അരുണാചൽ മുഖ്യമന്ത്രി ബിജെപി വിട്ടു

മുൻ അരുണാചൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഗെഗോങ് അപാങ് പാർട്ടിയില്‍ നിന്ന് രാജി വെച്ചു. പാർട്ടി ആശയപരമായി അധധഃതിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അടൽ ബിഹാരി വാജ്പേയിയെപ്പോലുള്ള നേതാക്കൾ മുമ്പോട്ടു വെച്ച ആശയഗതികളല്ല പാര്‍ട്ടി ഇപ്പോൾ പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിമർശിക്കുന്നുണ്ട് അപാങ് തന്റെ രാജിക്കത്തിൽ. മൂല്യപരമായ വലിയ ച്യുതിയാണ് മോദിയുടെ നേതൃത്വത്തിൽ വന്നുപെട്ടിരിക്കുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ മോദി അഭിസംബോധന ചെയ്യുന്നില്ല. അധികാരം നേടാനുള്ള വേദി മാത്രമായി പാര്‍ട്ടി മാറിയതായും അദ്ദേഹം ആരോപിച്ചു.

അരുണാചൽ പ്രദേശിൽ ലോകസഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് വരാനിരിക്കെ വലിയ തിരിച്ചടിയാണ് അപാങ്ങിന്റെ രാജി ബിജെപിക്ക്.

2014 തെരഞ്ഞെടുപ്പിൽ ജനവിധി കൂടെയില്ലാതിരുന്നിട്ടും ഭരണകക്ഷിയായ കോൺഗ്രസ്സിൽ നിന്ന് കുതിരക്കച്ചവടം നടത്തി എംഎൽഎമാരെ വിലയ്ക്കെടുത്ത് ബിജെപി സർക്കാർ രൂപീകരിച്ച സംഭവത്തെയും അപാങ് തന്റെ രാജിക്കത്തിൽ വിമര്‍ശിച്ചു. കാലിഖോ പുലിനെ മുഖ്യമന്ത്രിയായി വാഴിക്കുന്നതിനെ വിലക്കുന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അതിനെ അവഗണിച്ച ബിജെപിയുടെ നിലപാട് തെറ്റായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പുലിനെ 2016 ഓഗസ്റ്റ് മാസത്തി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശരിയായ അന്വേഷണം നടക്കാത്തതിനെയും അപാങ് വിമർശിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംസ്ഥാനതല എക്സിക്യുട്ടീവ് യോഗത്തിൽ ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് പല അംഗങ്ങളെയും സംസാരിക്കാൻ അനുവദിക്കാതിരുന്ന സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനു മുമ്പായി പേമ ഖണ്ഡുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവരോധിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. പാർട്ടിയുടെ അഭിപ്രായം ആരായാതെയാണ് ഈ നീക്കം. ജനാധിപത്യപരമല്ലാത്ത ഇത്തരം നിലപാടുകൾ പാർട്ടിക്ക് ദോഷം ചെയ്യും.