X

വിവരാവകാശപ്രവർത്തകന്റെ കൊലപാതകം: ബിജെപി മുൻ എംപി ദിനു സോളങ്കിക്ക് ജീവപര്യന്തം

ഈ വിധി തന്റെയും ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും വിജയമാണെന്ന് ജേത്വയുടെ പിതാവ് ഭിഖാഭായി പ്രതികരിച്ചു.

ബിജെപിയുടെ മുൻ പാർലമെന്റംഗം ദിനു സോളങ്കിക്കും മറ്റ് ആറുപേർക്കും വിവരാവകാശ പ്രവർത്തകനായ അമിത് ജേത്വയെ കൊന്ന കേസിൽ ജീവപര്യന്തം തടവ്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. ഗിർ വനത്തിൽ ഇയാളുടെ കൂട്ടരും നടത്തിവന്നിരുന്ന നിയമവിരുദ്ധ ഖനനത്തിന്റെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നതിനായിരുന്നു കൊലപാതകം.

സോളങ്കിയുടെ മരുമകൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡ്യ, പചാൻ ദേശായി, ഉദാജി താക്കറെ എന്നിവർക്കൊപ്പം പൊലീസ് കോൺസ്റ്റബിളായിരുന്ന ബഹാദൂർ സിങ് വദാറും ശിക്ഷ ലഭിച്ചവരിൽ പെടുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടത്.

2010 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്ത് ഹൈക്കോടതിയുടെ മുമ്പിൽ വെച്ച് സോളങ്കിയുടെ ആളുകൾ ജേത്വയെ വെടി വെച്ച് കൊല്ലുകയായിരുന്നു. വെടിവെച്ചതിനു ശേഷം അക്രമികൾ തങ്ങളുടെ തോക്കും ടൂ വീലറും സ്ഥലത്തുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവം നടക്കുന്ന കാലത്ത് സോളങ്കി ജുനഗദ്ദ് മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. പ്രാഥമിക പൊലീസ് റിപ്പോര്‍ട്ടിൽ സോളങ്കിയുടെ പേരുണ്ടായിരുന്നില്ല. ആദ്യം സമർപ്പിക്കപ്പെട്ട രണ്ട് കുറ്റപത്രങ്ങളിലും സോളങ്കി ഉൾപ്പെടുകയുണ്ടായില്ല. നിലവിലെ ഗുജറാത്ത് ഡിജിപിയും ജയിൽ ഐജിയുമായ ഉദ്യോഗസ്ഥനാണ്അന്ന് കേസ് അന്വേഷിച്ചത്. ഇദ്ദേഹം സോളങ്കിക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

അതേസമയം ജേത്വയുടെ പിതാവ് സിബിഐ പോലെയുള്ള ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായി അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. 2013ൽ കേസിൽ അറസ്റ്റിലാകുമ്പോൾ സോളങ്കി പാർലമെന്റംഗമായിരുന്നു.

ഈ വിധി തന്റെയും ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും വിജയമാണെന്ന് ജേത്വയുടെ പിതാവ് ഭിഖാഭായി പ്രതികരിച്ചു. ജുഡീഷ്യൽ സംവിധാനത്തിൽ താൻ വിശ്വസിക്കുന്നതായും ചില ഗുണ്ടകൾക്ക് നശിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

This post was last modified on July 11, 2019 5:44 pm