X

പ്രസാദത്തിൽ വിഷം കലർത്താനിടയാക്കിയത് ഊരാള കുടുംബങ്ങൾ തമ്മിലുള്ള തർക്കം; രണ്ടുപേർ അറസ്റ്റിൽ

ഭക്ഷണം വിളമ്പിയപ്പോൾത്തന്നെ മണത്തിൽ വ്യത്യാസം അനുഭവപ്പെട്ടിരുന്നെങ്കിലും വിശ്വാസികൾ അത് കാര്യമാക്കാതെ ഭക്ഷിക്കുകയായിരുന്നു.

കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ 11 പേരുടെ മരണത്തിനിടയാക്കിയ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ചാമരാജനഗർ ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടിയാണ് ഈ വിവരം അറിയിച്ചത്. തെറ്റ് ചെയ്തത് ആരായാലും നടപടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികളിൽചികിത്സയിലുള്ള എൺപതോളം പേരിൽ 20ലധികം പേരുടെ നില ഗുരുതരമാണെന്ന് വാർ‌ത്തയുണ്ട്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് മൈസൂർ കെആർ ആശുപത്രിയിലാണ്. 17 പേർ ജെഎസ്എസ് ആശുപത്രിയിലും കഴിയുന്നു. മറ്റ് ആശുപത്രികളിലും ആളുകൾ ചികിത്സ തേടിയിട്ടുണ്ട്.

ഏതോ കീടനാശിനിയാണ് ഭക്ഷണത്തിൽ കലർത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഹനൂർ താലൂക്കിലെ സുൽവാദി കുച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് അന്നദാനത്തിന് വിളമ്പിയ ഭക്ഷണത്തിൽ വിഷം കലർന്നത്. ഏത് വിഷമാണ് കലർന്നതെന്ന് ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ വ്യക്തമാകൂ. ഭക്ഷണം വിളമ്പിയപ്പോൾത്തന്നെ മണത്തിൽ വ്യത്യാസം അനുഭവപ്പെട്ടിരുന്നെങ്കിലും വിശ്വാസികൾ അത് കാര്യമാക്കാതെ ഭക്ഷിക്കുകയായിരുന്നു.

ഗോപുരം പണിയുന്നത് സംബന്ധിച്ച് തർക്കം

ക്ഷേത്രത്തിന് ഒരു ഗോപുരം പണിയുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തർക്കം നിലനിന്നിരുന്നു എന്നാണറിയുന്നത്. ഗോപുരത്തിന്റെ തറക്കല്ലിടുന്ന ചടങ്ങ് നടത്താൻ ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ തലവനായ ചിന്നപ്പി എന്നയാൾ ഗുരുസ്വാമി എന്നൊരാളെ ഏർപ്പാടാക്കിയിരുന്നു. ഇതിനെ ചിന്നപ്പിയുടെ ബന്ധുവും ട്രസ്റ്റിലെ അംഗവുമായ ദേവനാട്ടി എന്നയാൾ എതിർത്തു. ചിന്നപ്പിയുടെ കുടുംബം ക്ഷേത്രത്തിൽ അധികാരം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ എതിർപ്പിന്റെ അടിസ്ഥാനം. ദേവനാട്ടിയെ പിന്തുണയ്ക്കുന്നവരിലൊരാളായ മഹാദേശ് എന്നയാളാണ് അന്നദാനത്തിനുണ്ടാക്കിയ ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. മഹാദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

അതേസമയം, ആശുപത്രികൾക്കു മുമ്പിൽ മരിച്ചവരുടെയും രോഗബാധിതരായവരുടെയും ബന്ധുക്കൾ അക്രമാസക്തരാകുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് ആശുപത്രികൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

This post was last modified on December 15, 2018 1:36 pm