X

കുറഞ്ഞ ഗതിവേഗവുമായി ഫോനി ബംഗ്ലാദേശിലേക്ക്; വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിച്ചേക്കാം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലും വെസ്റ്റ് മിഡ്നാപൂർ ജില്ലയിലും അഭയാർത്ഥി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. ആകെ 35,000ത്തോളം പേർ രണ്ട് ക്യാമ്പുകളിലുമുണ്ട്.

മെറ്റീറോളജിക്കൽ വകുപ്പിന്റെ അനുമാനപ്രകാരം ഫോനി ചുഴലിക്കാറ്റിന്റെ ഗതിവേഗത്തിൽ താരതമ്യേന കുറവുണ്ടായിട്ടുണ്ട്. നേരത്തെ ‘അതിതീവ്ര’മെന്ന് (extremely severe) ഗണിക്കപ്പെട്ടിരുന്ന ചുഴലിക്കാറ്റ് നിലവില്‍ ‘തീവ്രം’ (very severe) എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. ബംഗാളിനോട് അടുത്ത ഘട്ടത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് ബംഗാൾ തീരങ്ങളിലേക്ക് ഫോനി എത്തിച്ചേർന്നത്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയാണ് കാറ്റിന് നിലവിലുള്ളത്.

കൊൽക്കത്തയ്ക്ക് 40 കിലോമീറ്റർ ദൂരെയുള്ള അരാംബാഗിലേക്ക് ഫോനി ആറുമണിയോടെ എത്തിച്ചേര്‍ന്നിരുന്നു. കഴിഞ്ഞദിവസം ഒഡിഷയിൽ വ്യാപകമായ നാശം വിതച്ചതിനു ശേഷമാണ് ഫോനി ബംഗാളിലേക്ക് കടന്നത്. ഇപ്പോഴത്തെ ഗതിവേഗം മണിക്കൂറിൽ ശരാശരി 90 കിലോമീറ്ററാണ്. നിലവിൽ വടക്കുകിഴക്കൻ മേഖലകളിലേക്കാണ് കാറ്റിന്റെ ഗതി.

ഒഡിഷയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയിരുന്നത്. 11 ലക്ഷം പേരെ സംസ്ഥാന സർക്കാർ ഒഴിപ്പിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. സംസ്ഥാനത്തെ മരണസംഖ്യ 8 ആണ്. നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. വൈദ്യുതി ബന്ധങ്ങളും പലയിടങ്ങളിലും തകരാറിലാണ്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലാണ് കൂടുതല്‍ നാശം. അതെസമയം ഭൂവനേശ്വറില്‍ നിന്നും നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ ശനിയാഴ്ച്ച ഉച്ചയോടെ പുനരാരംഭിക്കുമെന്നാണ് വിവരം. പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരിയും ആകെ തകര്‍ന്ന നിലയിലാണ്. ഒഡീഷയ്ക്ക് അടിയന്തിര ദുരിതാശ്വാസമായി ആയിരം കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് എത്തുന്നതിനു മുന്നിൽക്കണ്ട് കൊല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ അടച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ എട്ടുവരെയാണ് വിമാനത്താവളം അടച്ചത്. കൊല്‍ക്കത്തയില്‍ നിന്നും 200ലധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും രണ്ടു ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ബംഗാളിലെ ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ ചെയ്തു.

ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലും വെസ്റ്റ് മിഡ്നാപൂർ ജില്ലയിലും അഭയാർത്ഥി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. ആകെ 35,000ത്തോളം പേർ രണ്ട് ക്യാമ്പുകളിലുമുണ്ട്.

വടക്ക്-വടക്കുകിഴക്ക് മേഖലയിലേക്കാണ് ഇപ്പോൾ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിലേക്ക് കാറ്റ് എത്തുമ്പോഴേക്ക് ഗതിവേഗം വലിയ തോതിൽ കുറഞ്ഞേക്കും. ചുഴലിക്കാറ്റ് കടന്നുപോയ മേഖലകളിൽ കനത്ത മഴ ലഭിക്കുന്നുണ്ട്. വൈദ്യുതബന്ധങ്ങൾ ഇപ്പോഴും ശരിയായ രീതിയിൽ പുനസ്ഥാപിച്ചിട്ടില്ല.

ബംഗ്ലാദേശിലേക്ക് കടന്നതിനു ശേഷം ഫോനി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരാനിടയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മെറ്റീറോളജിക്കൽ വകുപ്പ് അറിയിച്ചു. ബംഗ്ലാദേശിലേക്ക് കടക്കുമ്പോൾ വേഗത 50 മുതൽ 60 വരെ കിലോമീറ്റർ ആയിരിക്കും.

This post was last modified on May 4, 2019 11:53 am

Related Post
Leave a Comment