X

പ്രതിരോധ രേഖകൾ സൂക്ഷിക്കാനാകാത്ത സർക്കാരിന്റെ പക്കൽ രാജ്യസുരക്ഷ? മോദിക്കെതിരായ ‘FIR’ പൂർണമെന്ന് യെച്ചൂരി

പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകൾ മോഷണം പോയെന്ന് സുപ്രീംകോടതിയിൽ സർക്കാർ വെളിപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സുരക്ഷ വിശ്വസിച്ചേൽപ്പിച്ചിരിക്കുവന്നത് അതീവരഹസ്യമായ പ്രതിരോധ രേഖകൾ പോലും സൂക്ഷിക്കാൻ കഴിവില്ലാത്ത ഈ സർക്കാരിനെയാണോ എന്ന് യെച്ചൂരി അത്ഭുതപ്പെട്ടു. അതെസമയം ദി ഹിന്ദുവിലൂടെ പുറത്തുവന്ന രേഖകൾ സത്യമാണെന്ന് കോടതിയിൽ സമ്മതിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. മോദിക്കെതിരായ എഫ്ഐആർ ഇപ്പോൾ പൂർണമായെന്നും അദ്ദേഹത്തിനിനി രക്ഷപ്പെടാനാകില്ലെന്നും യെച്ചൂരി പറഞ്ഞു.

ദി ഹിന്ദു പത്രത്തിൽ എൻ റാം റാഫേൽ കരാർ സംബന്ധിച്ച പ്രതിരോധ വകുപ്പിന്റെ രേഖകളെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളും അതുവഴി രാജ്യത്തിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും പുറത്തു കൊണ്ടു വന്നിരുന്നു. ഈ വാർത്ത ഇന്ന് കോടതിയിൽ റാഫേൽ സംബന്ധിച്ച വാദം നടക്കുമ്പോൾ ഉന്നയിക്കപ്പെട്ടു. അറ്റോർണി ജനറലിനോട് കോടതി വിശദീകരണമാരാഞ്ഞപ്പോഴാണ് രേഖകൾ മോഷണം പോയതാണെന്നും അവ കോടതിയിൽ ഹാജരാക്കാൻ സാധിക്കുന്നവയല്ലെന്നുമുള്ള സർക്കാരിന്റെ നിലപാട് വ്യക്തമായത്. പ്രതിരോധ രഹസ്യ രേഖകൾ മോഷണം പോയെങ്കിൽ എന്തെല്ലാം നടപടികൾ സർക്കാരെടുത്തുവെന്നും കോടതി ചോദിക്കുകയുണ്ടായി.

റാഫേൽ കരാറിന്മേൽ വിലപേശലുകൾക്കായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപീകരിച്ച ഏഴംഗ സമിതിയെ മറികടന്ന് സമാന്തര ആശയവിനിമയ സംവിധാനമുണ്ടാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നം സൃഷ്ടിച്ചത് എന്നതിന് വ്യക്തമായ തെളിവുകൾ ദി ഹിന്ദു പത്രം ഇതിനകം പലതവണയായി പുറത്തു കൊണ്ടു വന്നു. ഏറ്റവുമൊടുവിൽ വന്ന രേഖ കാണിക്കുന്നത് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഫ്രാൻസിൽ നിന്നും ബാങ്ക് ഗ്യാരണ്ടിയോ സോവറൈൻ ഗ്യാരണ്ടിയോ വാങ്ങിയെടുക്കാൻ സാധിക്കാതെ പോയത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ്.

Related Post
Leave a Comment