X

മനോഹർ പരീക്കറുടെ പിൻഗാമിയാകാൻ ബിജെപി-സഖ്യകക്ഷി നേതാക്കളുടെ ശ്രമം; ഗോവൻ ഹോട്ടലിൽ ചൂടുപിടിച്ച രാഷ്ട്രീയ നീക്കങ്ങൾ

ബിജെപി സംസ്ഥാന പ്രസിഡണ്ടാണ് മുക്യമന്ത്രി പദത്തിനു വേണ്ടി ചരടുവലികൾ‌ നടത്തുന്ന മറ്റൊരാൾ.

ഇന്ന് വൈകീട്ട് നാലര മണിക്കാണ് മനോഹർ പരീക്കറുടെ സംസ്കാരച്ചടങ്ങുകൾ തുടങ്ങുക. ആരോഗ്യനില ഏറെ വഷളായെന്ന വിവരം ലഭിച്ച ഘട്ടത്തിൽ തന്നെ ഗോവൻ രാഷ്ട്രീയത്തിൽ ആരംഭിച്ചിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ കൂടുതൽ മുറുകുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സ് നേരത്തെ തന്നെ അവകാശവാദമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള രഹസ്യ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. സൈഡ ഡി ഗോവ ഹോട്ടലിലാണ് ബിജെപി നേതാക്കളും സഖ്യകക്ഷി നേതാക്കളും ഇപ്പോഴുളത്.

നിതിൻ ഗഡ്കരിയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി ഗോവയിലുള്ളത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും ഓരോ എംഎൽഎമാരുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇന്ന് അതിരാവിലെ അഞ്ചുമണി നേരത്താണ് ഈ കൂടിക്കാഴ്ചകൾ അവസാനിച്ചത്. ഗഡ്കരിയോടൊപ്പം പാർട്ടി നിരീക്ഷകൻ ബിഎൽ സന്തോഷും ഉണ്ട്.

സഖ്യകക്ഷികളിലൊരാളായ ഗോമാന്തക് പാർട്ടിയുടെ നേതാവ് സുദിൻ ധാവ്‌ലികർ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ മൈക്കേൽ ലോബോ വെളിപ്പെടുത്തി. ബിജെപിയെ പിന്തുണച്ചതു വഴി താൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചുവെന്നാണ് സുദിൻ പറയുന്നതെന്നും മൈക്കേൽ ലോബോ പറഞ്ഞു. ഇതിനോട് ബിജെപി യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കർ പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ എന്നിവർ ബിജെപിയുടെ ഭാഗത്തു നിന്ന് മുഖ്യമന്ത്രിപദത്തിന് അവകാശവാദവുമായി രംഗത്തുണ്ട്. പരീക്കർ‌ക്കും പ്രിയപ്പെട്ടയാളായിരുന്ന റാണെക്ക് മുഖ്യമന്ത്രിപദം ലഭിക്കാനുള്ള സാധ്യതയും ചർച്ചയാണിപ്പോൾ.

ബിജെപി സംസ്ഥാന പ്രസിഡണ്ടാണ് മുക്യമന്ത്രി പദത്തിനു വേണ്ടി ചരടുവലികൾ‌ നടത്തുന്ന മറ്റൊരാൾ. തീരുമാനം ഇന്ന് രാവിലത്തന്നെയുണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പത്തു മണിയോടെ തീരുമാനമാകും.

പാർട്ടി ഓഫീസിലേക്ക് പത്തുമണിയോടെ മനോഹർ പരീക്കറിന്റെ മൃതദേഹം കൊണ്ടുവരുമെന്നാണ് അറിയുന്നത്. ഇപ്പോൾ പരീക്കറിന് നല്ലൊരു യാത്രയയപ്പ് നൽകുക മാത്രമാണ് അജണ്ടയിലുള്ളതെന്നും മറ്റു കാര്യങ്ങളെല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്നും കോൺഗ്രസ്സിൽ നിന്നും ഈയിടെ ബിജെപിയിലെത്തിയ മോവിൻ ഗോധിഞ്ഞോ എംഎൽഎ പറഞ്ഞു.