X

രാജ്യത്തിന്റെ ദുസ്ഥിതിയിൽ യുവാക്കൾ പ്രതികരിക്കാൻ സജ്ജരാകണമെന്ന് നാരായണമൂർത്തി; വിദ്വേഷ കുറ്റകൃത്യങ്ങൾ സാമ്പത്തികവളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ആദി ഗോദ്റെജ്

ഇൻഫോസിസിന്റെ മുൻ സിഇഒ ആയിരുന്ന വിശാൽ സിക്കയുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും മൂർത്തി ചർച്ചക്കിടയിൽ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ണ് തുറന്നു കാണാനും ഇതല്ല തങ്ങളുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്ര്യമെന്ന് ഉറക്കെപ്പറയാനും യുവാക്കൾ തയ്യാറാകേണ്ട സമയമാണിതെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണമൂർത്തി. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ സംഘടിപ്പിച്ച ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ ശബ്ദമുയർത്തേണ്ട സമയമായിട്ടും എത്രപേർ അത് ചെയ്യുന്നുണ്ടെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. “നമ്മളിലെത്രപേർ അത് ചെയ്യുന്നുണ്ട്. ദുഖകരമെന്നു പറയട്ടെ, ആരും ചെയ്യുന്നില്ല. തെറ്റ് വിളിച്ചുപറഞ്ഞ് ആര്‍ക്കെങ്കിലും അസന്തുഷ്ടിയുണ്ടാക്കാൻ ആരും തയ്യാറല്ല,” നാരായണമൂർത്തി വിമര്‍ശിച്ചു.

ഇൻഫോസിസിന്റെ മുൻ സിഇഒ ആയിരുന്ന വിശാൽ സിക്കയുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും മൂർത്തി ചർച്ചക്കിടയിൽ പറഞ്ഞു. സ്ഥാപനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ വിലവെക്കാത്ത നീക്കങ്ങൾ വിശാലിന്റെ ഭാഗത്തു നിന്നുണ്ടായപ്പോഴാണ് തങ്ങൾ തമ്മിലുള്ള പ്രശ്നം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സിക്കയുടെ പേര് പരാമർശിക്കാതെയായിരുന്നു മൂർത്തിയുടെ പ്രതികരണം.

രാജ്യത്തെ അസഹിഷ്ണുതയും വിദ്വേഷ ആക്രമണങ്ങളും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് പരാതിപ്പെട്ട് ഗോദ്റെജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജ് രംഗത്തു വന്നതും സെന്റ് സേവ്യേഴ്സ് കോളജിലെ ഇതേ ചടങ്ങിലാണ്. വിദ്വേഷ കുറ്റകൃത്യങ്ങളും മോറല്‍ പൊലീസിങ്ങും സാമ്പത്തികവളർച്ചയെ ഗുരുതരമാം വിധം ബാധിക്കുമെന്ന് അദ്ദേഹം താക്കീത് നൽകി. രാജ്യത്തെ 5 ട്രില്യൺ യുഎസ് ഡോളർ സാമ്പത്തിക ശക്തിയാക്കി വളർത്തുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെക്കുറിച്ച് സംസാരിക്കവെയാണ് ആദി ഗോദ്റെജ് ഇക്കാര്യം പറഞ്ഞത്.

തൊഴിലില്ലായ്മ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അസഹിഷ്ണുത വളരുകയാണ്, സാമൂഹ്യ സ്ഥിരത ഇല്ലാതാകുകയാണ്, വിദ്വേഷ കുറ്റകൃത്യങ്ങൾ വളരുകയാണ്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വളരുകയാണ്, മോറൽ പൊലീസിങ് കൂടുകയാണ്, മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള അക്രമങ്ങളും മറ്റനവധി തരത്തിലുള്ള അസഹിഷ്ണുതയും വർധിക്കുകയാണ്: അദ്ദേഹം ആശങ്കപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ നിലവിലുള്ളതിന്റെ ഇരട്ടിയിലധികമായി (5 ട്രില്യൺ യുഎസ് ഡോളർ) വളർത്തുമെന്ന മോദിയുടെ പ്രസ്താവനയെ ഗോദ്റെജ് അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെയും മോദിയുടെ നയങ്ങളെ ഗോദ്റെജ് വിമർശിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ ഒരഭിമുഖത്തിൽ ബീഫ് നിരോധനം സാമ്പത്തികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിയമം വഴി കൂടുതലായി വരുന്ന പശുക്കളെ എന്താണ് രാജ്യം ചെയ്യാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അനവധി കർഷകരുടെ പ്രധാന വരുമാന മാർഗത്തെക്കൂടി ബീഫ് നിരോധനം തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

നിരോധനം സാമ്പത്തികവ്യവസ്ഥയ്ക്കും സാമൂഹിക ഘടനയ്ക്കും അപകടമാണെന്ന കാഴ്ചപ്പാടും അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനം എപ്പോഴും മാഫിയകളുടെ വളർച്ചയ്ക്കാണ് വഴി വെച്ചിട്ടുള്ളതെന്നതും ഗോദ്റെജ് അഭിപ്രായപ്പെടുകയുണ്ടായി.