X

പുൽവാമ ഭീകരാക്രമണം: പാക് പട്ടാളത്തിന്റെ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്ത 13 ചാനലുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ്

1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് നിയമം ഈ ചാനലുകൾ ലംഘിച്ചെന്നാണ് നോട്ടീസ് പറയുന്നത്.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താൻ പട്ടാളത്തിന്റെ വിശദീകരണമടങ്ങിയ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്ത ഇന്ത്യൻ ചാനലുകൾക്ക് കേന്ദ്ര സർക്കാർ കാരണം കാണിക്കൽ നോട്ടീസയച്ചു. പിഴ ചുമത്താത്തിരിക്കാനുള്ള കാരണം നൽകണമെന്നാണ് നോട്ടീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താൻ പട്ടാളത്തിന്റെ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചതാണ് 13 ഇന്ത്യൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തത്.

സീ ഹിന്ദുസ്ഥാൻ, തിരംഗ ടിവി, ന്യൂ 18, ന്യൂസ് 24, എബിപി ന്യൂസ്, സൂര്യ സമാചാർ, ന്യൂസ് നാഷൻ, എബിപി മഝാ, ന്യൂസ് 18 ലോക്മാത്, ജയ് മഹാരാഷ്ട്ര, ടോട്ടൽ ടിവി, ന്യൂസ് 18 ഗുജറാത്തി, സന്ദേശ് ന്യൂസ് എന്നീ ചാനലുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് വന്നിരിക്കുന്നത്.

1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് നിയമം ഈ ചാനലുകൾ ലംഘിച്ചെന്നാണ് നോട്ടീസ് പറയുന്നത്.

ഫെബ്രുവരി 22നാണ് നോട്ടീസിനാധാരമായ വാർത്താ സമ്മേളനം നടന്നത്. പുൽവാമ ആക്രമണത്തിനു ശേഷമുള്ള പാകിസ്താന്റെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു അത്. ഇന്ത്യ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും, തങ്ങള്‍ക്ക് യുദ്ധത്തിന് താൽപര്യമില്ലെങ്കിലും ഭീഷണിയോട് പ്രതികരിക്കേണ്ടി വരുമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ പാക് പട്ടാള വക്താവിന്റെ വാക്കുകൾ.

അക്രമങ്ങളെയും ദേശവിരുദ്ധ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരിപാടികൾ ആരും പ്രസിദ്ധീകരിക്കരുതെന്ന് ആക്രമണത്തിനു തൊട്ടുപിന്നാലെ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന യാതൊന്നും പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് നിയമപ്രകാരം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്.

This post was last modified on February 25, 2019 9:27 pm