X

നോട്ടുനിരോധനത്തിനു ശേഷം തൊഴിൽനഷ്ടം; റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് രണ്ട് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ മെമ്പർമാർ രാജി വെച്ചു

രാജ്യത്തെ തൊഴിൽലഭ്യതയും തൊഴിൽനഷ്ടവും സംബന്ധിച്ചുള്ള നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ ആദ്യ വാർഷിക സർവ്വേ റിപ്പോർട്ട് പുറത്തുവിടാതെ കേന്ദ്രം ഒളിച്ചുകളിക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ രാജിവെച്ചു. ഇദ്ദേഹത്തോടൊപ്പം മറ്റൊരു അംഗവും രാജി സമർപ്പിച്ചിട്ടുണ്ട്. 2017-2018 കാലത്തെ തൊഴിൽ ലഭ്യതയും നഷ്ടവും സബന്ധിച്ചുള്ള റിപ്പോർട്ടാണ് കേന്ദ്രം പുറത്തുവിടാതെ അടയിരിക്കുന്നത്. നോട്ടുനിരോധനകാലത്തിനു ശേഷം സംഭവിച്ച തൊഴിൽനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. ഇതാണ് കേന്ദ്രം റിപ്പോർട്ട് പുറത്തുവിടാൻ മടിക്കുന്നതിന് കാരണമെന്നാണ് അറിയുന്നത്.

2006ൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണസ്ഥാപനമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്‍. രാജ്യത്തെ സാംഖ്വികവ്യവസ്ഥയുടെ പ്രവർത്തനം നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. മൂന്ന് അംഗങ്ങളാണ് ഈ കമ്മീഷനിലുള്ളത്. ഇപ്പോൾ രാജിവെച്ച പിസി മോഹനൻ, ജെവി മീനാക്ഷി എന്നിവരെക്കൂടാതെ അമിതാഭ് കാന്ത് എന്ന നീതി ആയോഗിന്റെ സിഇഒയും കമ്മീഷനിലുണ്ട്. മോഹനനായിരുന്നു ആക്ടിങ് ചെയർപേഴ്സൺ.

നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ തങ്ങളുടെ കണ്ടെത്തലുകൾ കമ്മീഷന് റിപ്പോർട്ട് ചെയ്യുകയാണ് സാധാരണമായ രീതി. കമ്മീഷൻ ഈ റിപ്പോർട്ട് അംഗീകരിച്ചു കഴിഞ്ഞാൽ അടുത്ത കുറച്ചു ദിവസങ്ങൾക്കകം അത് പ്രസിദ്ധീകരിക്കുന്നതാണ് പ്രവർത്തനരീതി. എന്നാൽ കമ്മീഷൻ കഴിഞ്ഞ വർഷം ഡിസംബറിൽ റിപ്പോർട്ട് അംഗീകരിച്ചിട്ടും കേന്ദ്രം ഇത് പുറത്തുവിടാൻ തയ്യാറായില്ല. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനെ സർക്കാർ ഗൗരവത്തിലെടുക്കുന്നില്ലെന്ന് മനസ്സിലാക്കിയാണ് താൻ പുറത്തുപോരുന്നതെന്ന് മോഹനൻ വ്യക്തമാക്കി. 2017-18 കാലത്തെ റിപ്പോർട്ട് രാജ്യത്തെ തൊഴിൽ സംബന്ധിച്ച് നല്ല ചിത്രമല്ല നൽകുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യന്‍  പറഞ്ഞു.

ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ട് 2011-12ലേതാണ്. ഇതുമായുള്ള താരതമ്യം നടക്കുമെന്നത് ഉറപ്പായ കാര്യമാണ്. അഞ്ച് വർഷത്തിലൊരിക്കലാണ് റിപ്പോര്‍ട്ട് പുറത്തുവിടുക.

This post was last modified on January 30, 2019 8:44 am