X

10 വർഷത്തിനുള്ളിൽ 20 ലക്ഷം നിർമാണത്തൊഴിലുകള്‍ റോബോട്ടുകൾ ഏറ്റെടുക്കും

ജോലികൾ യാന്ത്രികമാകുമ്പോൾ തൊഴിൽ മേഖലകളില്‍ ഉണ്ടായേക്കാവുന്ന ഘടനാപരമായ മാറ്റം പുതിയ വെല്ലുവിളികൾ ഉയർത്തുന്നതെങ്ങനെയെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്.

ലോകത്തിലെ നിർമ്മാണ ജോലികളിൽ പത്തിലൊന്ന് ഇല്ലാതാക്കാൻ റോബോട്ടുകളെക്കൊണ്ട് സാധിക്കുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു. അത് വികസിത രാജ്യങ്ങളിലെ താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. യന്ത്രവല്‍ക്കരണം സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ഉയർത്തുമെങ്കിലും ചില വ്യവസായങ്ങളിലും രാജ്യങ്ങളിലും തൊഴില്ലായ്മ വര്‍ധിച്ച് കടുത്ത അസമത്വങ്ങള്‍ സൃഷ്ടിക്കും. ഗ്രാമപ്രദേശങ്ങളിലെ പരമ്പരാഗത തൊഴില്‍ മേഖലകളെയാണ് യന്ത്രവല്‍ക്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഓക്സ്ഫോർഡ് ഇക്കണോമിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യു.എസിലെ ഒറിഗോണും യു.കെയിലെ കും‌ബ്രിയയുമായിരിക്കും ഏറ്റവും കൂടുതല്‍ ആഘാതം അനുഭവിക്കേണ്ടി വരിക. ജോലികൾ യാന്ത്രികമാകുമ്പോൾ തൊഴിൽ മേഖലകളില്‍ ഉണ്ടായേക്കാവുന്ന ഘടനാപരമായ മാറ്റം പുതിയ വെല്ലുവിളികൾ ഉയർത്തുന്നതെങ്ങനെയെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ അമേരിക്കയിലെ ഫാക്ടറി തൊഴിലാളികളിൽ പകുതിയിലധികം പേര്‍ക്കും പകരമായി റോബോട്ടുകള്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ ഗതാഗതം, നിർമ്മാണം ഓഫീസ് അഡ്മിനിസ്ട്രേഷൻ ജോലികൾ എന്നിങ്ങനെ മൂന്ന് മേഖലകളില്‍ മാത്രമാണ് മനുഷ്യര്‍ക്ക് കാര്യമായി ജോലിയുള്ളത്. അതും അടുത്ത ദശകത്തോടുകൂടി റോബോട്ടുകള്‍ക്ക് വഴിമാറേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അസമത്വം വർദ്ധിക്കുന്നതിനുള്ള സാധ്യത ഐ‌.എം‌.എഫും ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാര്യങ്ങളും അതില്‍ പ്രധാനമായൊരു ഘടകമാണെന്ന് ഒ.ഇ.സി.ഡി അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, പടിഞ്ഞാറൻ സ്ലൊവാക്യയെ അപേക്ഷിച്ച് ഓസ്ലോയിലാണ് കൂടുതല്‍ യന്ത്രവല്‍ക്കരണം നടന്നിട്ടുള്ളത്. ലണ്ടൻ, ടോക്കിയോ, പാരീസ്, സിയോൾ തുടങ്ങിയ പ്രധാന നഗരങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്നും, അവിടെയുള്ള പരമ്പരാഗത നിർമ്മാണ കേന്ദ്രങ്ങൾക്ക് പോലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു.