X

അമർനാഥ് പാതയ്ക്കടുത്ത് വെടിവെപ്പ്; കൊല്ലപ്പെട്ടവർ ഐഎസ് ഭീകരരെന്ന് പൊലീസ്; കശ്മീരിൽ ഐഎസ് ഇല്ലെന്ന് രാജ്നാഥ് സിങ്

അമർനാഥ് യാത്രികർ കടന്നുപോകുന്ന സിരിഗുഫ്‌വാര എന്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

അമർനാഥ് പാതയ്ക്കടുത്ത് നടന്ന ഏറ്റുമുട്ടലിൽ നാല് ഐഎസ്ജെകെ (ഇസ്ലാമിക് സ്റ്റേറ്റ്-ജമ്മു ആൻഡ് കശ്മീർ) ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ഈ ഓപ്പറേഷനിൽ ഒരു പൊലീസുകാരനും ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. അമർനാഥ് യാത്ര തുടങ്ങാൻ ആറുദിവസം മാത്രം ശേഷിക്കെയാണ് സംഭവം.

അമർനാഥ് യാത്രികർ കടന്നുപോകുന്ന സിരിഗുഫ്‌വാര എന്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. എൻഎച്ച് 44നടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഐഎസ്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ആളുകളാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അവകാശപ്പെട്ടു. ഇവർ നേരത്തെ പൊലീസിനെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരിൽ പലരും ഭീകരാക്രമണങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് ആരോപിച്ചു.

അതെസമയം ജമ്മു കശ്മീരിൽ ഐഎസ് ഭീകരരുണ്ടന്ന പൊലീസ് വാദത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിഷേധിച്ചു. ഇസ്ലാമിക് സ്റ്റേറ്റോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സംഘടനയോ കശ്മീരിൽ പ്രവർത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

This post was last modified on June 23, 2018 7:53 am