X

തോക്കുധാരികൾ കർഷകരെ നിരത്തി നിർത്തി പിന്നിൽ നിന്നും വെടി വെച്ചു; കൂട്ടക്കൊല അസം പൗരത്വ പരിശോധനയുടെ ഫലമെന്ന് പ്രതിപക്ഷം

സംഭവസ്ഥലത്തു നിന്നും 38 എകെ 47 തിരകൾ ലഭിച്ചതായി സാദിയ പൊലീസ് സൂപ്രണ്ട് പിഎസ് ചങ്മായി പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ അസമിലെ തിൻഷുകിയ ജില്ലയിലെ ബിസോനിമുഖ് ഗ്രാമത്തിലേക്ക് ആറ് തോക്കുധാരികൾ എത്തുകയായിരുന്നെന്ന് ഗ്രാമവാസികൾ പറയുന്നു. രണ്ട് മോട്ടോർസൈക്കിളുകളിലായാണ് വന്നത്. എല്ലാവരും സൈനികവേഷത്തിലായിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്നവരാണ് ബ്രഹ്മപുത്ര നദിക്കരയിലുള്ള ഈ ഗ്രാമത്തിലുള്ളവരെല്ലാം. ആറ് പുരുഷന്മാരെ അക്രമികൾ പിടികൂടി. മൂന്നുപേരെ അവരുടെ വീടുകളില്‍ നിന്നും, രണ്ടുപേരെ റോഡിൽ നിന്നും, ഒരാളെ അയാളുടെ കടയിൽ നിന്നും.

ഇവരെയെല്ലാം അടുത്തുള്ള പാലത്തിലേക്കാണ് ഇവരെയെല്ലാം തോക്കുധാരികൾ കൊണ്ടുപോയത്. തുടർന്ന് ഗ്രാമവാസികൾ പടക്കം പൊട്ടുന്നതു പോലത്തെ ഒച്ചകൾ കേട്ടു. വെടിയുതിർക്കുന്ന ശബ്ദമായിരുന്നു അത്. നദിയിലേക്ക് അഭിമുഖമായി നിറുത്തി പിന്നിൽ നിന്നും വെടി വെക്കുകയായിരുന്നു.

സംഭവസ്ഥലത്തു നിന്നും 38 എകെ 47 തിരകൾ ലഭിച്ചതായി സാദിയ പൊലീസ് സൂപ്രണ്ട് പിഎസ് ചങ്മായി പറയുന്നു. അഞ്ചുപേർ ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ആറാമത്തെയാൾ, 17കാരനായ ഷാദേബ് നാമശൂദ്ര നദിയിലേക്ക് വീണു. മരിച്ചിട്ടുണ്ടാകുമെന്നു കരുതി അക്രമികൾ വിട്ടുട്ടുപോയി. ഇയാൾ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

കൊല്ലപ്പെട്ടവരെല്ലാം അടിസ്ഥാനപരമായി പച്ചക്കറിക്കൃഷിക്കാരാണ്. ഇവർ മൊബൈൽ ഷോപ്പ് പോലുള്ള മറ്റ് വരുമാനമാർഗങ്ങളും നോക്കിയിരുന്നു.

ഉൾഫ തീവ്രവാദികളാണ് ആക്രമത്തിനു പിന്നിലെന്ന് പൊലീസ് സംശയമുന്നയിച്ചെങ്കിലും അവർ തങ്ങൾക്ക് പങ്കില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

ആസ്സാമീസ് ഭാഷ സംസാരിക്കുന്നവരാണ് അക്രമികളെല്ലാവരുമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംസ്ഥാനത്ത് പൗരത്വ പരിശോധന നടത്തി ദേശീയവികാരമുണർത്തിയ ബിജെപി സർക്കാരാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു. ബംഗാളി ഭാഷ സംസാരിക്കുന്നവർക്കെതിരെ കടുത്ത വെറുപ്പ് സംസ്ഥാനത്ത് വളർന്നിട്ടുണ്ട്. പാവങ്ങളായ മനുഷ്യരാണ് ഈ വെറുപ്പിന് ഇരയായിത്തീരുന്നത്.

പൊലീസ് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് ഉൾഫ അനുകൂല തീവ്രവാദികൾ പിടിയിലായിട്ടുണ്ടെന്നും അറിയുന്നു.