X

യുപിയില്‍ പൗരത്വപട്ടിക നടപ്പാക്കാന്‍ മടിക്കില്ല: യോഗി ആദിത്യനാഥ്

"അസമിലെ എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) വളരെ പ്രധാനപ്പെട്ടതും ധീരവുമായ നടപടിയാണ്".

ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമിലെ എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) വളരെ പ്രധാനപ്പെട്ടതും ധീരവുമായ നടപടിയാണ്. ആവശ്യമെങ്കില്‍ യുപിയില്‍ ഇത് നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ മടിക്കില്ലെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ഹരിയാനയില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയേക്കുമെന്ന സൂചന മറ്റൊരു ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഇന്നലെ നല്‍കിയിട്ടുണ്ട്.

പൗരത്വപട്ടിക അസം നടപ്പാക്കിയത് യുപിയ്ക്ക് മാതൃകയാണ്. ദേശീയ പൗരത്വ പട്ടികയില്‍ നമ്മള്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അഭിനന്ദിക്കണം. പൗരത്വ പട്ടിക ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ദേശീയ സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പാവങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഇത് സഹായകമാകും.

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി യുപി സര്‍ക്കാര്‍ മാനിക്കുമെന്നും എല്ലാവര്‍ക്കും കോടതിയില്‍ വിശ്വാസമുണ്ട് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “ക്ഷേത്രം ഞങ്ങളുടേതാണ്, സുപ്രീം കോടതിയും ഞങ്ങളുടേതാണ്” എന്ന് യുപി മന്ത്രി മുകുത് ബിഹാരി വര്‍മ പറഞ്ഞത് വിവാദമായിരുന്നു.

This post was last modified on September 16, 2019 8:49 am