X

സംയുക്ത ഹിന്ദു സംഘർഷ സമിതി വെള്ളിയാഴ്ച നമസ്കാരങ്ങൾ തടഞ്ഞു

ആരെയും ബുദ്ധിമുട്ടിക്കാതെയാണ് തങ്ങൾ നമസ്കാരം നടത്തിവന്നിരുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്.

ഗുഡ്ഗാവിൽ തുറന്ന സ്ഥലത്ത് വെള്ളിയാഴ്ച നമസ്കാരം നടത്തിയ ഇസ്ലാംമത വിശ്വാസികളെ ഹിന്ദു തീവ്രവാദി സംഘടനകള്‍ തടഞ്ഞു. സംയുക്ത ഹിന്ദു സംഘർഷ സമിതിയുടെ നേതൃത്വത്തിൽ ഒത്തുകൂടിയ നിരവധി സംഘപരിവാർ സംഘടനകൾ ചേർന്നാണ് നമസ്കാരം തടഞ്ഞത്. അഖിൽ ഭാരതീയ ഹിന്ദു ക്രാന്തി ദൾ, ബജ്റംഗ് ദൾ, ശിവസേന, ഹിന്ദു സേന, സ്വദേശി ജാഗരൺ മഞ്ച്, ഗുരുഗ്രാം സാംസ്കൃതിക് ഗൗരവ് സമതി തുടങ്ങിയ സംഘടനകളാണ് സംഘർഷ സേനയിലുള്ളത്.

നഗരത്തിലെ ആറോളം സ്ഥലങ്ങളിൽ ഇവരെത്തി നമസ്കാരം തടഞ്ഞു. സെക്ടർ 53യിലെ തുറന്ന സ്ഥലത്ത് ഒത്തുകൂടിയ ഭക്തരെ സംഘർഷസമിതിക്കാർ എത്തി പിരിച്ചുവിട്ടു. അതുൽ കതാരിയ ചൗക്ക്, സിക്കന്ദർപൂർ, ഇഫ്കോ ചൗക്ക്, എംജി റോഡ്, സൈബർ പാർക്കിനടത്തുള്ള തുറന്നയിടം എന്നിവിടങ്ങളിലും ഇവരെത്തി നമസ്കാരം നടത്തുന്നത് തടഞ്ഞു.

അതെസമയം തുറന്ന സ്ഥലങ്ങളിൽ നമസ്കാരം നടത്തുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാൻ അധികാരികൾ ചില നിർദ്ദേശങ്ങൾ മുമ്പോട്ടു വെച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിൽ മൂന്നിടങ്ങളിൽ ഇനിമുതൽ നമസ്കാരം നടത്തില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ആകെ 34 ഇടങ്ങളിലാണ് ഇത്തരം നമസ്കാരങ്ങൾ നടക്കുന്നത്.

സംഘർഷസമിതിക്കാർ‌ നമസ്കാരം തടയുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നെന്ന് വിശ്വാസികൾ പറയുന്നു. മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് അവർ എത്തിയത്. നാളെ ഈ വിഷയം സംസാരിക്കാൻ പൊലീസ് മേധാവിയെ കാണുന്നുണ്ടെന്ന് നമസ്കാരം നടത്തിയിരുന്നവരെ നയിക്കുന്നയാളുകൾ പറയുന്നു.

ആരെയും ബുദ്ധിമുട്ടിക്കാതെയാണ് തങ്ങൾ നമസ്കാരം നടത്തിവന്നിരുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്. അതെസമയം നമസ്കാരം തടഞ്ഞതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുഡ്ഗാവ് പൊലീസ് പറഞ്ഞു.

നമസ്കാരം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നെന്നാണ് ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് പറയുന്നത്. എന്നാൽ, ഈ പൊലീസുകാർ തങ്ങളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്തില്ലെന്ന് നമസ്കാരം നടത്തിയവർ പറയുന്നു.

നമസ്കാരം നടക്കുന്നത് പൊതുസ്ഥലങ്ങളിലാണോയെന്ന് പരിശോധിക്കാൻ ജില്ലാ അധികാരികൾ ഉത്തരവിട്ടിട്ടുണ്ട്. വഖഫ് ബോര്‍ഡിനോട് നമസ്കാരങ്ങൾ സംഘടിപ്പിക്കാവുന്ന സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.