X

തീവ്ര മറാത്ത വാദം രാഷ്ട്രീയമാക്കിയ താക്കറെയുടെ വേരുകള്‍ ബിഹാറില്‍?

ബാല്‍ താക്കറെയുടെ പിതാവും സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളുമായ കേശവ് സീതാറാം താക്കറെയുടെ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്

മറാത്തകളുടെ തൊഴിലവസരങ്ങള്‍ ദക്ഷിണേന്ത്യക്കാര്‍ തട്ടിയെടുക്കുന്നു എന്ന് ആരോപിച്ച് തീവ്ര പ്രാദേശിക വാദമുയര്‍ത്തിയാണ് കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ കേശവ് താക്കറെ 1966ല്‍ ശിവസേന സ്ഥാപിച്ചത്. എന്നാല്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കുടുംബവേരുകള്‍ ബിഹാറിലാണുള്ളതെന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം. വൈരുദ്ധ്യമെന്ന് പറയുന്നത് ബാല്‍ താക്കറെയുടെ പിതാവും സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളുമായ കേശവ് സീതാറാം താക്കറെയുടെ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത് എന്നതാണ്.

കേശവ് സീതാറാം താക്കറെയുടെ ഗ്രാംണ്യന്‍ച സാദ്യന്ത ഇതിഹാസ് അര്‍ഹത് നൊകാര്‍ഷാഹിച്ഛെ ബന്ധെ എന്ന (ഗ്രാമീണ തര്‍ക്കങ്ങളുടെ ചരിത്രം അഥവാ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കലാപം) എന്ന പുസ്തകത്തില്‍ പറയുന്ന ഈ കാര്യം ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ ‘ദ കസിന്‍സ് താക്കറെ’ എന്ന പുസ്തകത്തിലൂടെയാണ്. ശിവസേന അദ്ധ്യക്ഷനും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ, ബാല്‍ താക്കറെയുടെ അനന്തരവനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷനായ രാജ് താക്കറെ എന്നിവരെക്കുറിച്ചുള്ളതാണ് പുസ്തകം.

ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും സമീപ വര്‍ഷങ്ങളില്‍ വരെ ഉത്തരേന്ത്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയും പലയിടങ്ങളിലും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ബിഹാറിലെ മഗധയാണ് താക്കറെകളുടെ പൂര്‍വികരായ ചന്ദ്രസേനിയ കായസ്ഥ പ്രഭു സമുദായത്തിന്റെ കേന്ദ്രം. ബി സി മൂന്ന് അല്ലെങ്കില്‍ നാലാം നൂറ്റാണ്ടിലാണ് ഇവര്‍ ഈ പ്രദേശം വിട്ടത് എന്ന് കേശവ് താക്കറെ സീതാറാം താക്കറെയുടെ പുസ്തകത്തില്‍ പറയുന്നു.

ധവാല്‍ കുല്‍ക്കര്‍ണിയുടെ പുസ്തകത്തില്‍ വേറെയും രസകരമായ കാര്യങ്ങളുണ്ട് എന്ന് ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജും ഉദ്ധവും തമ്മിലുള്ള അധികാര മത്സരങ്ങളെക്കുറിച്ചും പൊതുവെ ഊര്‍ജ്ജസ്വലനായ രാജിനെ അപേക്ഷിച്ച് തണുപ്പന്‍ മട്ടുകാരനായിരുന്ന ഉദ്ധവിനെ ഉയര്‍ത്തിക്കൊണ്ടുവരാനായി ബാല്‍ താക്കറെ നടത്തിയ ശ്രമങ്ങളെക്കുറിച്ചുമെല്ലാം ‘കസിന്‍സ് താക്കറെ’ പറയുന്നുണ്ട്.

വായനയ്ക്ക്: Thackeray family traces origin to Bihar, says new book

This post was last modified on September 16, 2019 4:00 pm