X

ഔദ്യോഗിക ഡിവൈസുകളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കരുത്; ക്ലൗഡ് സർവീസുകളിൽ വിവരശേഖരണം പാടില്ല: ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

ഗൂഗിൾ ഡ്രൈവ്, ഡ്രോപ് ബോക്സ്, ഐക്ലൗഡ് തുടങ്ങിയ സ്വകാര്യ ക്ലൗ‍ഡ് സർവീസുകളിൽ രഹസ്യാത്മകതയുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കരുതെന്നും ആവശ്യമുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥർക്കു വേണ്ടി സോഷ്യൽ മീഡിയ-ഇന്റർനെറ്റ് ചട്ടങ്ങൾ രൂപീകരിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടറുകൾ, ഫോണുകൾ തുടങ്ങിയവയിൽ നിന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ ഈ ചട്ടങ്ങൾ തടയുന്നു. രഹസ്യമായി സൂക്ഷിക്കേണ്ടുന്ന ജോലികൾ ഒരു കാരണവശാലും ഇന്റർനെറ്റ് ബന്ധമുള്ള കമ്പ്യൂട്ടറുകളിലോ മറ്റുപകരണങ്ങളിലോ ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

കരാർ ജീവനക്കാരും കൺസൾട്ടന്റുകളും വിവരവിനിമയ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്നാംകക്ഷികളുടെ സ്റ്റാഫുകളുമെല്ലാം ഈ നിർദ്ദേശങ്ങള്‍ കർശനമായി അനുസരിക്കണമെന്നാണ് ആവശ്യം. 24 പേജുള്ള ഒരു കുറിപ്പാണ് ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളായി പുറത്തിറങ്ങിയിട്ടുള്ളതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അങ്ങേയറ്റം രഹസ്യാത്മകതയുള്ള വിവരങ്ങൾ മന്ത്രാലയം കൈകാര്യം ചെയ്യുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷൻ അടക്കമുള്ള ഇടങ്ങളിൽ നിന്നും വിവരങ്ങൾ ചോരാതിരിക്കാനാണ് ഈ നീക്കം. ആഭ്യന്തരമന്ത്രാലയത്തിന്റെ വിവരശേഖരങ്ങളിലേക്ക് ഹാക്ക് ചെയ്തു കയറാന്‍ ദിനംപ്രതി ശരാശരി മുപ്പത് ശ്രമങ്ങളെങ്കിലും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു.

ഗൂഗിൾ ഡ്രൈവ്, ഡ്രോപ് ബോക്സ്, ഐക്ലൗഡ് തുടങ്ങിയ സ്വകാര്യ ക്ലൗ‍ഡ് സർവീസുകളിൽ രഹസ്യാത്മകതയുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കരുതെന്നും ആവശ്യമുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ വരുമെന്നും മന്ത്രാലയം താക്കീത് നൽകുന്നു.

ഉദ്യോഗസ്ഥരിൽ മിക്കവരും സ്മാർട്ഫോണുകൾ അടക്കമുള്ള ഡിവൈസുകൾ ഉപയോഗിക്കുന്നവരാണ്. ഈ ഡിവാസുകളിൽ സ്വാഭാവികമായും മാൽവെയറുകളുടെ സാന്നിധ്യം ഉണ്ടാകാനുമിടയുണ്ട്. ഇത് വിവരങ്ങളുടെ രഹസ്യാത്മകത സംബന്ധിച്ച് അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു.

മന്ത്രാലയം നൽകിയിട്ടുള്ള റിമൂവബിൾ സ്റ്റോറേജ് ഡിവൈസുകളിലേക്കു മാത്രമേ ഔദ്യോഗിക കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മാറ്റാവൂ എന്നുമുണ്ട് നിർദ്ദേശം. യുഎസ്‌ബി ഡിവൈസുകൾ ഓഫീസിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാൻ പ്രത്യേക അനുമതി ആവശ്യമാണ്. വിവരങ്ങൾ ഇത്തരം സ്റ്റോറേജുകളിലേക്ക് മാറ്റുമ്പോൾ എൻക്രിപ്റ്റ് ചെയ്തിരിക്കണം.

ഇമെയിലുകൾ വഴി രഹസ്യ വിവരങ്ങളോട് പ്രമാണങ്ങൾ അയയ്ക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് പുതിയ നിർദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നു. ഇമെയിൽ ഒരു കാരണവശാലും പബ്ലിക് വൈഫൈ കണക്ഷനുകൾ വഴി ആക്സസ് ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

This post was last modified on July 14, 2019 8:09 pm

Related Post
Leave a Comment