X

Explainer: കുടിയേറ്റക്കാരായ ‘ക്രിമിനലുക’ളെ നേരിടാൻ ട്രംപിന്റെ റെയ്ഡ്; ജനങ്ങളെ ഭയത്തിൽ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമർശകർ

ക്രിമിനലുകളായാണ് അനധികൃത കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം കാണുന്നത്.

“ശാന്തരായിരിക്കുക. ഓടാതിരിക്കുക. മിണ്ടാതിരിക്കുക. ഇനി നിങ്ങൾക്ക് മിണ്ടിയേ തീരുവെങ്കിൽ നുണ പറയാതിരിക്കുക. നിങ്ങളുടെ വക്കീലുമായി സംസാരിക്കാൻ അവരോടാവശ്യപ്പെടുക. നിങ്ങളുടെ വക്കീലിന്റെ സാന്നിധ്യത്തിലല്ലാതെ ഒരു ചോദ്യത്തിനും മറുപടി നൽകാതിരിക്കുക. വക്കീലിന്റെ അനുമതി കൂടാതെ ഒരു പ്രമാണത്തിലും ഒപ്പിട്ടു നൽകാതിരിക്കുക. നിങ്ങളെ സമീപിച്ച ഓഫീസർമാരുടെ പേരുവിവരങ്ങൾ എഴുതി സൂക്ഷിക്കുക.” -കുടിയേറ്റ വിരുദ്ധ റെയ്ഡ് നടക്കുമ്പോൾ കുടിയേറ്റക്കാർ എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകളും മറ്റും നൽകുന്ന നിർദ്ദേശങ്ങളിൽച്ചിലതാണ് മുകളിൽ‌ വായിച്ചത്. അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയുള്ള റെയ്ഡുകൾ സംഘടിപ്പിക്കുകയാണ് ഡോണൾ‌ഡ് ട്രംപ് ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം ഈ റെയ്ഡുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒബാമ ഭരണകൂടത്തിന്റെ കാലത്തും ഇത്തരം റെയ്ഡുകൾ നടക്കുകയും അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയുമെല്ലാം ചെയ്തിരുന്നെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് പറയാൻ കാരണമുണ്ട്. വലിയ ആരവങ്ങളൊന്നുമില്ലാതെ നടന്നിരുന്ന ഒരു സാധാരണ നിയമപാലനത്തിന്റെ സ്വഭാവമായിരുന്നു ഒബാമയുടെ കാലത്തെ റെയ്ഡുകളെല്ലാം. അവയിലും മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടെത്തിക്കൂടായ്കയില്ലെങ്കിലും ട്രംപിന്റെ സമീപനം അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. തീവ്രദേശീയതാ നയത്തിന്റെ നടപ്പാക്കലാണ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ റെയ്ഡുകൾ. രാജ്യത്ത് നിയമവിധേയമായും അല്ലാതെയും താമസിക്കുന്ന കുടിയേറ്റക്കാരിലാകെയും ഭീതി വിതച്ചു കൊണ്ടാണ് ട്രംപ് തന്റെ നീക്കം നടത്തുന്നത്.

എന്താണ് ഐസിഇ റെയ്ഡുകൾ?

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനും സ്വദേശങ്ങളിലേക്ക് കയറ്റിവിടാനും നടത്തുന്ന പരിശോധനയെയാണ് ഐസിഇ റെയ്ഡ് എന്ന് വിളിക്കുന്നത്. 2006ലാണ് യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ റെയ്ഡ് നടന്നത്. ആറ് സ്വിഫ്റ്റ് ആൻഡ് കമ്പനി യൂണിറ്റുകളിൽ നടത്തിയ റെയ്ഡിൽ അവിടങ്ങളിൽ തൊഴിലാളികളായിരുന്ന 1300 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. ഇവരെ നാടുകടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്നോണം പിൽക്കാലങ്ങളിൽ സമാനമായ ഇമിഗ്രേഷൻ റെയ്ഡുകൾ ചെറുതും വലുതുമായി നടക്കുകയുണ്ടായി. ഇപ്പോൾ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത് കുറെക്കൂടി വലിയ ഒരു നീക്കമാണ്.

എന്താണ് ഈ കുടിയേറ്റ വിരുദ്ധ നീക്കത്തെ ന്യായീകരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ

2017ലെ സർവ്വേകൾ പ്രകാരം യുഎസ്സിൽ 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പ്യൂ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. ഇത് യുഎസ് ജനസംഖ്യയുടെ 3.2 ശതമാനത്തോളം വരും. 2006 മുതൽ യുഎസ് സർക്കാരുകൾ അനധികൃത കുടിയേറ്റത്തിനെതിരെ നടത്തിവന്ന നീക്കങ്ങൾ ‘ഫലപ്രദ’മായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2007ൽ ജനസംഖ്യയുടെ 4 ശതമാനമായിരുന്നു കുടിയേറ്റക്കാർ. 12.2 ദശലക്ഷമായിരുന്നിടത്തു നിന്നാണ് പത്തു വർഷം പിന്നിട്ടപ്പോൾ 10.5 ദശലക്ഷമായി താഴ്ന്നത്.

ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് യുഎസ്സിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നത്?

കഴിഞ്ഞ വർഷം നവംബർ മാസത്തിൽ യുഎസ് അതിർത്തിയിലേക്ക് അയൽനാടുകളിൽ നിന്നുള്ള അഭയാർത്ഥി സംഘങ്ങളുടെ പ്രവാഹമുണ്ടായതും അതിനെ നേരിടാനെന്നോണം സൈനികസാന്നിധ്യം വർധിപ്പിക്കാൻ ട്രംപ് കോൺഗ്രസ് അനുമതി തേടാൻ ശ്രമിച്ചതും തുടർന്നുണ്ടായ വിവാദങ്ങളുമെല്ലാം ഏറെ ചർച്ചയായതാണ്. മധ്യ അമേരിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അന്നത്തെ അഭയാർത്ഥി പ്രവാഹങ്ങൾ. 70കളിൽ തുടങ്ങി ഇപ്പോഴും ശമിക്കാതെ തുടരുന്ന ആഭ്യന്തര യുദ്ധമാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിന് കാരണം. യുഎസ്സിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന രാജ്യക്കാരിൽ പത്താംസ്ഥാനത്താണ് ഗ്വാട്ടിമാല. ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കുടിയേറ്റങ്ങൾ ശക്തമാണ്. 160 ഹോണ്ടുറാസുകാർ സാൻ പെദ്രോ പട്ടണത്തിൽ നിന്നും ഒക്ടോബർ 12ന് തുടങ്ങിയ പലായനം പിന്നീട് വലിയൊരു സംഘമായി മാറിയാണ് മെക്സിക്കോയിലേക്ക് നീങ്ങിയത്. മുവ്വായിരം പേരാണിവരെന്നും അതല്ല, എട്ടായിരത്തോളം പേരുണ്ടെന്നും പല റിപ്പോർട്ടുകൾ വന്നു. എന്തായാലും ഇതെല്ലാം തന്റെ രാജ്യത്ത് കുടിയേറ്റവിരുദ്ധതയും ഭീതിയും വളർത്താൻ ട്രംപ് സമർത്ഥമായി ഉപയോഗിച്ചു. യുഎസ്സിലേക്കുള്ള കുടിയേറ്റക്കാരിൽ ഏറിയ പങ്കും മെക്സിക്കോയിൽ നിന്നുള്ളവരാണെന്ന് പ്യൂ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. ആകെ യുഎസ് അനധികൃത കുടിയേറ്റക്കാരിൽ 47 ശതമാനവും മെക്സിക്കൻ പൗരന്മാരാണ്. മധ്യ അമേരിക്കയിൽ നിന്ന് 1.5 ദശലക്ഷം പേരാണ് യുഎസ്സില്‍ അനധികൃതമായി തങ്ങുന്നത്. ഏഷ്യയിൽ നിന്ന് 1.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്ന് 2017ലെ പ്യൂ റിസർച്ച് സർവ്വേ പറയുന്നു.

ആരെയാണ് ഇപ്പോഴത്തെ റെയ്ഡ് ലക്ഷ്യം വെക്കുന്നത്?

ക്രിമിനലുകളായാണ് അനധികൃത കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം കാണുന്നത്. രണ്ടായിരം അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയുള്ള റെയ്ഡുകളാണ് നടക്കുകയെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. ക്രിമിനലുകളെ എങ്ങനെയാണോ രാജ്യത്തു നിന്നും പുറത്താക്കുക, അതേ നടപടിക്രമങ്ങൾ പാലിച്ചായിരിക്കുമെന്നും പ്രസിഡണ്ട് വിശദീകരിച്ചു. സ്വന്തം രാജ്യങ്ങളിലെ ജയിലുകളിലേക്ക് അവർ പോകുക. ലേബർ സെക്രട്ടറി അലക്സ് അകോസ്റ്റയും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തി. ക്രിമിനലുകളെയാണ് രാജ്യത്തിനു പുറത്താക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അനധികൃത താമസക്കാരെ നേരിടുകയെന്നത് തങ്ങളുടെ ചുമതലയാണെന്നും അത് നിർവ്വഹിക്കുമെന്നും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വക്താവ് ടൈം മാസികയോട് പറഞ്ഞു.

എന്താണ് ട്രംപിന്റെ യഥാർത്ഥ ലക്ഷ്യം?

ഈ റെയ്ഡുകൾ സംഘടിപ്പിക്കുന്നതിലെ ഉദ്ദേശ്യശുദ്ധി ലോകമെങ്ങും, അമേരിക്കയിൽ പ്രത്യേകിച്ചും മനുഷ്യാവകാശ സംഘടനകൾ ചോദ്യം ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരുടെ കുട്ടികളെ പാർപ്പിച്ചിട്ടുള്ള കേന്ദ്രങ്ങളിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അഭയാർത്ഥികളെ സംബന്ധിച്ചുള്ള രാജ്യത്തിന്റെ പാരമ്പര്യത്തെയും വ്യവസ്ഥകളെയും തകർക്കുകയാണ് ട്രംപെന്ന് വിമർശകർ പറയുന്നു. രാജ്യത്തിന്റെ കുടിയേറ്റപ്രശ്നങ്ങൾ പരിഹരിക്കുകയല്ല, ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ് ട്രംപിന്റെ ഉദ്ദേശ്യം. ട്രംപിന്റെ പ്രഖ്യാപനം വന്ന വെള്ളിയാഴ്ച മാധ്യമപ്രവർത്തകർ വൈസ് പ്രസിഡണ്ട് മൈക് പെൻസിനൊപ്പം ടെക്സാസിലെ ഒരു ബോർ‌ഡർ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. കുടിയേറ്റത്തിനിടെ പിടിക്കപ്പെട്ടവരെ കൂടുകൾ പോലെയുള്ള ഇടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ഈ റിപ്പോർട്ടർമാർ പറയുന്നു. പിടികൂടുന്നവരെ ഹോട്ടലുകളിൽ താമസിപ്പിക്കണമെന്ന ചട്ടം ഉദ്യോഗസ്ഥർ പരസ്യമായി ലംഘിച്ച കാഴ്ചയാണ് റിപ്പോർട്ടർമാർ കണ്ടത്.

എന്താണ് പ്രതിപക്ഷ സമീപനം?

ഹൗസ് സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസി ഐസിഇ റെയ്ഡുകളെ ‘ഹീനമായ നടപടി’ എന്നാണ് വിശേഷിപ്പിച്ചത്. കുടുംബങ്ങളെ വേർപെടുത്തുന്ന, കുട്ടികളെയും അമ്മമാരെയും വേർപെടുത്തുന്ന നടപടി ക്രൂരമാണെന്നും അവർ പറയുകയുണ്ടായി. എല്ലാവർക്കും അവകാശങ്ങളുണ്ട്. പ്രസിഡണ്ട് അതെക്കുറിച്ച് ആലോചിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. 2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ പോകുന്ന ഡെമോക്രാറ്റ് നേതാക്കളും ട്രംപിന്റെ നടപടിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സെനറ്റർ ബേണി സാൻഡേഴ്സ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്.

ട്രംപിന്റെ ആക്രമണപരത നിറഞ്ഞ കുടിയേറ്റവിരുദ്ധ നീക്കങ്ങൾ രാജ്യത്തെ എല്ലാവരെയും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്. സിയാറ്റിലിൽ ജനിച്ചു വളർന്ന താൻ ദിവസവും പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും കൊണ്ടാണ് നടക്കാറുള്ളതെന്ന് സാൻഡ്ര ഹിനോജോസ എന്ന ട്വിറ്റർ ഉപയോക്താവ് പറയുന്നു. ‘നിങ്ങളും എന്നെപ്പോലെ ഭീതിയിലായിരിക്കും’ എന്ന് അവർ ട്വീറ്റിൽ പറയുന്നു. അടുത്തത് എന്താണ് നടക്കാൻ പോകുന്നതെന്ന് ദൈവത്തിനറിയാം എന്നു പറഞ്ഞാണ് അവർ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

സമാനമായ രീതിയിൽ തങ്ങളും രാജ്യത്തെ പൗരന്മാരാണെന്നതിന് തെളിവുകളും കൊണ്ടാണ് പുറത്തിറങ്ങാറുള്ളതെന്ന് വെളിപ്പെടുത്തി ഇതേ ട്വീറ്റിനു കീഴിൽ കമന്റുകൾ വരുന്നുണ്ട്. നിരവധി പേരുടെ. ചിലർ ഡ്രൈവിങ് ലൈസൻസാണ് കൊണ്ടുനടക്കുന്നതെങ്കിൽ മറ്റു ചിലർ മെഡിക്കൽ ഇൻഷൂറൻസ് കാർഡാണ് കൊണ്ടുനടക്കാറുള്ളത്. ഒബാമയുടെ കാലത്ത് ഒരു കൗമാരക്കാരിയെ കൊളംബിയയിലേക്ക് നാടുകടത്തിയതും പിന്നീട് തിരിച്ചു കൊണ്ടു വന്നതുമായ വാർത്തയും ഇതോടൊപ്പം ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഭീതി അവസാനിക്കുന്നില്ലെന്ന് ചുരുക്കം.

This post was last modified on July 15, 2019 7:23 am

Related Post
Leave a Comment