X

യോഗിയുടെ പോലീസിന് ഇനി എന്തും ചെയ്യാം; ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം ഞെട്ടിക്കുന്നത്

നിലവിലെ ഭീകരവിരുദ്ധ നിയമങ്ങളെക്കാള്‍ കര്‍ക്കശവും മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും പ്രോത്സാഹിപ്പിക്കുന്നത്

മുന്‍ പൊലീസ് ഐ ജിയും ജന്‍ മഞ്ച് ഉത്തര്‍പ്രദേശിന്റെ കണ്‍വീനറുമായ എസ് ആര്‍ ദാരാപുരി ദി വയറില്‍ എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം.

ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം, 2017 നിലവിലെ ഭീകരവിരുദ്ധ നിയമങ്ങളെക്കാള്‍ കര്‍ക്കശവും മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും പ്രോത്സാഹിപ്പിക്കുന്നതുമാണ്. നിലവിലെ നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) നിയമം 1967-നേക്കാള്‍ കടുത്ത വ്യവസ്ഥകളുള്ള ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം, 2017 ഈയിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചത്. UPCOCA ഇന്നേവരെ സംസ്ഥാനത്ത് ഉണ്ടായിരുന്ന എല്ലാ നിയമങ്ങളേക്കാളും കൂടുതല്‍ അധികാരങ്ങള്‍ പോലീസിന് നല്കുന്നു. നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഈ ബില്‍ സൂത്രത്തില്‍ അംഗീകരിച്ചെടുത്തത്. മനുഷ്യാവകാശങ്ങളും ഭരണഘടനയും ഒരുപോലെ ലംഘിക്കുന്ന ഈ ബില്ലിന്റെ പകര്‍പ്പുകള്‍ പോലും മിക്ക നിയമസഭാംഗങ്ങള്‍ക്കും നല്‍കിയില്ല. സ്വഭാവികമായും ചര്‍ച്ചയും ചോദ്യങ്ങളും ഒന്നും നിയമസഭയില്‍ ഉണ്ടായില്ല. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ഈ നിയമം എങ്ങനെ ദുരുപയോഗം ചെയ്‌തേക്കും എന്നു പറഞ്ഞ പ്രതിപക്ഷം പക്ഷേ നിയമത്തിന്നു കീഴില്‍ പൊലീസിന് നല്കിയ വ്യാപക അധികാരങ്ങളെക്കുറിച്ച് പറയുന്നതില്‍ പരാജയപ്പെട്ടു.

മാധ്യമങ്ങളും നിയമത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളും പ്രതിപക്ഷത്തിന് നേരെ എങ്ങനെ നിയമം ഉപയോഗിച്ചേക്കാം എന്നതിനെക്കുറിച്ചും മാത്രമാണ് സംസാരിച്ചത്. നിയമത്തിലെ കര്‍ക്കശ വ്യവസ്ഥകളെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിച്ചില്ല എന്നു മാത്രമല്ല, പൊലീസിന് നല്കിയ അനിയന്ത്രിത അധികാരങ്ങളെക്കുറിച്ച് ഒരെതിര്‍പ്പും ഉന്നയിച്ചില്ല. നിലവില്‍ നിയമസഭ അംഗീകരിച്ച ബില്‍ നിയമനിര്‍മ്മാണ സമിതിയിലേക്ക് അയക്കുകയും സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. നിയമനിര്‍മ്മാണ സമിതി ബില്‍ അംഗീകരിച്ചാല്‍ അത് രാഷ്ട്രപതിയുടെ അനുമതിക്കായി പോകും, എല്ലാ സാധ്യതയും വെച്ച് അത് കിട്ടുകയും ചെയ്യും. ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്ന മായാവതിയുടെ ഭരണകാലത്ത് ബില്‍ സഭയിലും സമിതിയിലും അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി നല്‍കുകയും ചെയ്തിരുന്നു. പക്ഷേ രാഷ്ട്രപതി അനുമതി നല്‍കിയില്ല.

യോഗി ഭരണം: ആറ് മാസത്തില്‍ യുപി പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് 15 പേര്‍

പ്രതിപക്ഷം സൂക്ഷ്മമായി എതിര്‍ക്കാഞ്ഞതുകൊണ്ടുകൂടിയാണ് ഈ ബില്‍ ഇത്ര എളുപ്പത്തില്‍ അംഗീകരിക്കപ്പെട്ടത്. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത മാത്രമാണു അവര്‍ ഉയര്‍ത്തിയത്. പൊലീസിനുള്ള അധികാരങ്ങളും മറ്റ് കര്‍ക്കശ വ്യവസ്ഥകളും വിസ്മരിക്കപ്പെട്ടു. ഫലമോ, ബി ജെ പിക്ക് പ്രതിപക്ഷത്തെ ചെറുക്കാന്‍ എളുപ്പമായി. ബില്ലിലെ ദുരുപയോഗം ചെയ്യാന്‍ എല്ലാ സാധ്യതയുമുള്ള ചട്ടങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തണം. ബില്ലിലെ ഏറ്റവും കര്‍ശനമായ വ്യവസ്ഥ വകുപ്പ് 28 (2) ആണ്. ക്രിമിനല്‍ നടപടിക്രമ ചട്ടം വകുപ്പ് അനുസരിച്ച് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 15, 60, 90 എന്ന ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പ്രസ്തുത വകുപ്പനുസരിച്ച് 60,180, 365 ദിവസങ്ങളാണ്. അതായത് ഈ നിയമത്തിന്നു കീഴില്‍ ഒരാളെ പിടികൂടിയാല്‍ വിചാരണ കൂടാതെ ഒരു വര്‍ഷം മുഴുവനും തടവില്‍ വെക്കാം. സാധാരണ ഗതിയില്‍ ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 30, 60, 90 ദിവസമായിരുന്നു. പിടികൂടിയവരെ തടവില്‍ വെക്കുന്നതിന് UPCOCA കര്‍ക്കശമായ നിയമമായി മാറുന്നു. ഈ നിയമത്തില്‍ തടവിലാക്കിയ ഒരാളെ വെറുതെവിട്ടാലും അയാള്‍ 365 ദിവസം തടവില്‍ കഴിഞ്ഞിരിക്കും എന്നാണവസ്ഥ. പൊലീസുകാര്‍ പലപ്പോഴും നിരപരാധികളെ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്നു എന്നത് ഒരു അപൂര്‍വ സംഭവമല്ല എന്നോര്‍ക്കണം. ഈ നിയമത്തോടെ പിടികൂടപ്പെട്ടവര്‍ നീണ്ടകാലം തടവില്‍ കഴിയണം.

പൊലീസ് റിമാന്‍ഡ് സംബന്ധിച്ചാണ് നിയമത്തിലെ മറ്റൊരു പൈശാചിക വ്യവസ്ഥ. സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി പൊലീസ് റിമാന്‍ഡ് 15 ദിവസമാണ്. എന്നാല്‍ ഈ നിയമത്തിലെ 28 (3a) അനുസരിച്ച് ഈ കാലാവധി 60 ദിവസം വരെ നീട്ടാം. ഭീകരവാദ വിരുദ്ധ നിയമത്തില്‍ ഇത് 15 ദിവസമാണ്. ഒരാളുടെ മരണം വരെ സംഭവിക്കാവുന്ന രീതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം നടക്കുന്നതെന്ന് നമുക്കറിയാം. നമ്മുടെ രാജ്യത്തു പൊലീസ് മര്‍ദ്ദനത്തെ കുറിച്ചുളള പരാതികള്‍ ധാരാളമാണ്. കസ്റ്റഡി മരണം ഒട്ടും അപൂര്‍വമല്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് മനുഷ്യാവകാശ ലംഘനങ്ങളില്‍ യു പി പൊലീസ് ഏറെ മുമ്പിലാണ്. 2013-14 ലും 2015-16 ലും 43% സംഭവങ്ങളും വന്നത് യു പിയില്‍ നിന്നാണ്. പൊലീസിനെതിരെയാണ് 67% മനുഷ്യാവകാശ ലംഘന പരാതികളും എന്ന് ഡിസംബര്‍ 10-നു മനുഷ്യാവകാശ ദിനത്തില്‍ യു പി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

യോഗി ആദ്യത്യനാഥിന് ആര് ‘മണി’ കെട്ടും?

റിമാന്‍ഡ് കാലാവധി 15-ല്‍ നിന്നും 60 ആക്കുന്നതോടെ പൊലീസിന് മൂന്നാമുറ കൂടുതല്‍ സൌകര്യമായി പ്രയോഗിക്കാം. ഇത് മാത്രമല്ല, ഈ നിയമമനുസരിച്ച് തടവിലായ ഒരാളെ കാണുന്നതിനുള്ള പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാണ്. ജില്ലാ ഭരണാധികാരിയുടെ അനുവാദത്തോടെ രണ്ടാഴ്ച്ചയില്‍ ഒരിക്കലെ കാണാനാവൂ എന്ന് 33(c) നിഷ്‌ക്കര്‍ഷിക്കുന്നു. അതുപോലെ വകുപ്പ് 28 (d) അനുസരിച്ച് കുറ്റാരോപിതനു ഒരു കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. 3 (b), (e) അനുസരിച്ചു കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിക്ക് തടയാം. ഇത് ലംഘിച്ചാല്‍ ഒരു മാസത്തെ തടവും 1000 രൂപ പിഴയും ലഭിക്കും. ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുകയാണ് ഈ നിയമം. മറ്റൊരു കേസില്‍ ശിക്ഷിച്ച ഒരാളുടെ ശിക്ഷ ദീര്‍ഘിപ്പിക്കാനും ഈ നിയമത്തില്‍ വകുപ്പുണ്ട്. സംഘടിത കുറ്റകൃത്യങ്ങളെ തടയാന്‍ ചില രീതിയില്‍ സഹായിക്കുമെങ്കിലും ജുഡീഷ്യല്‍, പൊലീസ് കസ്റ്റഡി കാലാവധി നീട്ടിയതിലൂടെ മനുഷ്യാവകാശ ലംഘനങ്ങളുടെയും പീഡനത്തിന്റെയും ഭീതിദമായ കാലത്തിനാണ് കളമൊരുക്കുന്നത്.

യുപിയില്‍ യോഗിക്കെതിരായ കേസ് യോഗി പിന്‍വലിച്ചു

This post was last modified on January 3, 2018 12:54 pm