X

സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും സിബിഐയും സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കപ്പെടുന്നു: ഡോ. മന്‍മോഹൻ സിങ്

"ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് തത്വാധിഷ്ഠിതമായി പ്രവർത്തിക്കുന്ന, അറിവുള്ള, കാഴ്ചപ്പാടുള്ള നേതാക്കളെ ആവശ്യമാണ്."

സുപ്രീംകോടതി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിബിഐ തുടങ്ങിയ സ്ഥാപനങ്ങൾ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ‌ സിങ്. ലക്ഷ്മിപതി സർവ്വകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് തത്വാധിഷ്ഠിതമായി പ്രവർത്തിക്കുന്ന, അറിവുള്ള, കാഴ്ചപ്പാടുള്ള നേതാക്കളെ ആവശ്യമാണ്. ഭരണഘടനയാൽ പവിത്രീകരിക്കപ്പെട്ട മൂല്യങ്ങളെ സംരക്ഷിക്കാൻ പ്രതിബന്ധതയുള്ള രാഷ്ട്രീയ പാർട്ടികൾ വേണം. രാജ്യത്ത് ഏകത്വം തുടരണമെങ്കിൽ സർക്കാർ നീതിയും സ്വാതന്ത്ര്യവും സമത്വവും നടപ്പിലാക്കണം. ഏതിരഭിപ്രായങ്ങളെ മാനിക്കുന്ന സാഹചര്യം സൃഷ്ടിക്കണം,” മൻമോഹൻ സിങ് പറഞ്ഞു.

“നമുക്ക് പാർലമെന്റിന്റെ പരമാധികാരത്തോട് ആദരവുണ്ട്. സർക്കാരിന്റെയും പ്രസിഡണ്ടിന്റെയും ഉത്തരവുകളോട് ബഹുമാനമുണ്ട്. സുപ്രീംകോടതി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിബിഐ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, വിജിലൻസ് കമ്മീഷൻ, ഇൻഫർമേഷൻ കമ്മീഷൻ, സമയാസമയങ്ങളിൽ സർക്കാർ രൂപീകരിക്കുന്ന ഇതര കമ്മീഷനുകൾ എന്നിവയെല്ലാം ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതുണ്ട്. നമ്മളത് ഉറപ്പാക്കേണ്ടതുമുണ്ട്,” സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ഘട്ടത്തിലാണ് മൻമോഹൻ സിങ്ങിന്റെ പ്രസ്താവന വരുന്നത്.

This post was last modified on September 7, 2019 10:10 pm