X

യുഎസ് സെന്‍സസ് ചോദ്യാവലിയിൽ ‘പൗരത്വ വിചാരണ’ ഉണ്ടാകില്ല; കുടിയേറ്റ റെയ്ഡുകൾ ഞായറാഴ്ച മുതൽ

ഇതര മാര്‍ഗ്ഗങ്ങളിലൂടെ വിവരശേഖരണം നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പൗരാവകാശ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു.

2020 ലെ യുഎസ് സെൻസസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. പകരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും എണ്ണം കണക്കാക്കുന്നതിനായി സർക്കാർ രേഖകൾ പങ്കിടാൻ ഫെഡറൽ ഏജൻസികളോട് നിർദ്ദേശിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേർക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. അത് നിറത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിനു കാരണമാകുമെന്ന് പൗരാവകാശ സംഘടനകളും സെൻസസ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു.

ഇതര മാര്‍ഗ്ഗങ്ങളിലൂടെ വിവരശേഖരണം നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പൗരാവകാശ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു. ‘അത് കഴിഞ്ഞു. ഞങ്ങൾ വിജയിച്ചു’ എന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്‍ വോട്ടിംഗ് റൈറ്റ്സ് പ്രോജക്റ്റിന്റെ ഡയറക്ടർ ഡെയ്ൽ ഹോ ട്വിറ്ററിൽ കുറിച്ചത്. ട്രംപും അറ്റോർണി ജനറൽ വില്യം ബാറും ഈ തീരുമാനത്തെ വളരെ പ്രായോഗികം എന്നാണു വിശേഷിപ്പിച്ചത്. ചോദ്യം ചേർക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കാൻ മതിയായ സമയമില്ലെന്നതാണ് പിന്മാറ്റത്തിന്റെ പ്രധാന കാരണം. പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാൻ ഒരു പുതിയ മാർഗം കണ്ടെത്താൻ തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുമെന്ന് ട്രംപ് മുമ്പ് പ്രതിജ്ഞ ചെയ്തിരുന്നു. അത് സുപ്രീം കോടതിയുടെ വിധിയെ ധിക്കരിക്കാനുള്ള ശ്രമമാണെന്ന ആശങ്ക ഉയര്‍ത്തിയതുമാണ്.

കഴിഞ്ഞമാസം ട്രംപിനെതിരായ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. ‘വോട്ടവകാശം സംരക്ഷിക്കുക’ എന്ന വാദമുയര്‍ത്തി പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ചേർക്കുന്നതിനുള്ള വാണിജ്യ വകുപ്പിന്റെ യുക്തി അസാധാരണവും ശ്രദ്ധ തിരിക്കുന്നതുമാണെന്നാണ് കോടതി പറഞ്ഞത്. അത്തരമൊരു ചോദ്യം അഭൂതപൂർവമായി ഉൾപ്പെടുത്തുന്നത് അമേരിക്കൻ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് യുഎസ് സെൻസസ് ബ്യൂറോയുടെ ഗവേഷണം ഉദ്ധരിച്ച് മറുഭാഗം വാദിച്ചു. അത് ന്യൂനപക്ഷ കുടിയേറ്റ സമുദായങ്ങളെയാണ് കൂടുതലും ബാധിക്കുകയെന്നും, ബാലറ്റ് ബോക്സിൽ റിപ്പബ്ലിക്കൻ പാര്‍ട്ടിക്കാണ് ഗുണമുണ്ടാവുകയെന്നും വാദമുയര്‍ന്നിരുന്നു.

ആയിരക്കണക്കിന് കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഇമിഗ്രേഷൻ റെയ്ഡുകൾ ഞായറാഴ്ച മുതൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ നടക്കുമെന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു. അത്തരമൊരു നീക്കം മാതാപിതാക്കളെ യുഎസ് പൗരന്മാരായ കുട്ടികളില്‍ നിന്ന് വേർപെടുത്തുന്നതായി കാണാം. ഇത്തരത്തില്‍ തടവിലാകുന്ന കുടുംബങ്ങളുടെ എണ്ണം കൂടിയതോടെ അത് ഇതിനകംതന്നെ വലിയ നിയമപ്രശ്നമായി മാറിയിട്ടുണ്ട്.

അടുത്തിടെ നാടുകടത്താന്‍ ഉത്തരവിട്ട രണ്ടായിരത്തോളം കുടിയേറ്റക്കാരെയാണ് റെയ്ഡ് ലക്ഷ്യമിടുന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസി തടഞ്ഞില്ലെങ്കില്‍ രേഖകളില്ലാത്ത മറ്റുള്ളവരേയും അവര്‍ക്ക് അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് ട്രംപ് ട്വിറ്ററിലൂടെ റെയ്ഡ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. അതോടെ കുടിയേറ്റക്കാരുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. കോടതി വാറണ്ടില്ലാതെ വരുന്ന എൻഫോഴ്സ്മെന്റ് ഏജൻസി ഉദ്യോഗസ്ഥര്‍ക്ക് വാതില്‍ തുറന്നു കൊടുക്കരുത് എന്നാണ് അവര്‍ കുടിയേറി വന്നവരോട് പറയുന്നത്. നാടുകടത്താൻ ഉത്തരവിട്ട പലര്‍ക്കും ഒരിക്കലും കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചിരുന്നില്ല എന്നതാണ് അഭിഭാഷകർ ഉന്നയിക്കുന്ന പ്രധാന ആശങ്കകളിൽ ഒന്ന്.

കുടിയേറ്റക്കാർ മനപ്പൂര്‍വം നോട്ടീസ് അവഗണിക്കുകയാണെന്ന് ട്രംപ് പലപ്പോഴും ആരോപിക്കാറുണ്ട്. എന്നാല്‍, തെറ്റായ വിലാസങ്ങളില്‍, സമയവും തിയ്യതിയും തെറ്റിച്ചാണ് പലോപ്പോഴും നോട്ടീസ് അയച്ചിരുന്നതെന്ന് അഭിഭാഷകർ പരാതിപ്പെടുന്നു. ചിലര്‍ക്ക് ലഭിച്ച നോട്ടീസില്‍ കോടതിയില്‍ ഹാജരാകേണ്ട സമയം അര്‍ദ്ധരാത്രിയാണ് രേഖപ്പെടുത്തിയിരുന്നത്.

അതെസമയം, ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന ആക്രമണാത്മക കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി നാടുകടത്തുന്നവരുടെ എണ്ണം ബരാക് ഒബാമയുടെ കാലത്ത് നടന്നതിന്റെ അത്രയൊന്നും വരില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൃത്യമായി രേഖപ്പെടുത്താത്ത 250,000 കുടിയേറ്റക്കാരെ എൻഫോഴ്സ്മെന്റ് ഏജൻസി നാടുകടത്തിയിട്ടുണ്ട്. എന്നാല്‍ 2012-ൽ, ഒബാമയുടെ കാലത്ത്, ഇത് 410,000 ആയിരുന്നു. ഒബാമ രണ്ടാം പ്രാവശ്യവും അധികാരത്തിലെത്തിയതോടെ കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ അയവു വരുത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വാചാടോപങ്ങൾ ഇപ്പോഴും കുടിയേറ്റ സമൂഹങ്ങളിൽ ഭയവും അസ്ഥിരതയും സൃഷ്ടിക്കുകയാണ്.

This post was last modified on July 12, 2019 10:03 pm