X

ചാര പ്രവര്‍ത്തനത്തിന് ശിക്ഷ അനുഭവിക്കുന്ന പാക് തടവുകാരനെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കല്ലെറിഞ്ഞ് കൊന്നു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സൈനികര്‍ ഭീകരരുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം

രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്ഥാന്‍ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. ചാരപ്രവര്‍ത്തനത്തിന് തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഷക്കീറുള്ളയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹതടവുകാരായ മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

മൂന്ന് പേരും ചേര്‍ന്ന് ഷക്കീറുള്ളയെ തല്ലിയും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. പാകിസ്ഥാനിലെ സിയാല്‍ക്കോട്ടില്‍ നിന്നുള്ള ഇയാള്‍ 2017ലാണ് ചാരപ്രവര്‍ത്തനത്തിന് ജയ്പൂരില്‍ അറസ്റ്റിലായത്. സഹതടവുകാരുടെ മര്‍ദ്ദനത്തില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണവും സംഭവിച്ചു. ഷക്കീറുള്ളയുടെ മൃതദേഹം സ്വാമി മാന്‍സിംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്. സംഭവം ജയിലുകളുടെ ചുമതലയുള്ള ഐജി രുപീന്ദര്‍ സിംഗ് സ്ഥിരീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സൈനികര്‍ ഭീകരരുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിനും ചാരസംഘടനയായ ഐഎസ്‌ഐയ്ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

അതേസമയം ആരോപണം പാകിസ്ഥാന്‍ നിരോധിക്കുകയും ചെയ്തു. പുല്‍വാമ ആക്രമണത്തിന് പകരം ചോദിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

This post was last modified on February 20, 2019 10:55 pm