X

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ജപ്പാന്റെ അന്ത്യശാസനവും

1947 ആഗസ്ത് 15 
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം

1947 ആഗസ്ത് 15, ഓരോ ഭാരതീയനെ സംബന്ധിച്ചും  ഹൃദയത്തില്‍ പതിഞ്ഞു നില്‍ക്കുന്ന ഏറെ വിശേഷപ്പെട്ട ഒരു ദിവസമാണ്. ഇന്നാണ് 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അവസാനം കുറിച്ച് കൊണ്ട് ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്ക് പിറവി നല്‍കിയത്.  എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ ഓരോ തെരുവിലും അലയടിക്കുന്നതിനൊപ്പം പഞ്ചാബിലും ബംഗാളിലും നടന്ന വിഭജനത്തിന്റെ ദുരന്തവും ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നു.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ കുടിയേറ്റം നടന്നെന്ന് വിശേഷിപ്പാക്കാവുന്ന വിഭജനത്തില്‍ ഹിന്ദു-മുസ്ലിം മത ഭ്രാന്തന്മാരാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് വിദ്വേഷാഗ്നിയില്‍ ജിവിതം ഹോമിക്കേണ്ടി വന്നത്.

വിഭജനത്തിന്റെ മുറിവുകള്‍ ഇന്നേവരെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിന്ന് ഇല്ലാതായിട്ടുമില്ല. മൂന്ന് പൂര്‍ണ്ണയുദ്ധങ്ങളും ഒരു ചെറുയുദ്ധവും ഈ അയല്‍ക്കാര്‍ക്കിടയില്‍ ഇതുവരെ നടന്നു കഴിഞ്ഞു. ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് തീവ്രവാദത്തിന്റെ മുഖമാണ് വന്നിരിക്കുന്നത്.  സാംഖ്യ ബലം കൊണ്ട് ശക്തമായ ഇന്ത്യന്‍ സായുധസേനയെ നേരിടാന്‍ തീവ്രവാദ പ്രവര്‍ത്തനത്തെ പാക്കിസ്ഥാന്‍ ആഭ്യന്തരനയമാക്കി മാറ്റിയിരിക്കുകയാണ്.

1914 ആഗസ്ത് 15
ജര്‍മനിക്ക് ജപ്പാന്റെ അന്ത്യശാസനം

ഒന്നാം ലോക മഹായുദ്ധകാലം. പസഫിക് സമുദ്രത്തിലൂടെയുള്ള ജര്‍മന്‍ പടക്കപ്പിലിന്റെ മുന്നേറ്റം നടക്കുന്നു. ഈ സഹാചര്യത്തിലാണ് 1914 ആഗസ്ത് 15ന് ജര്‍മനിക്ക്, ചൈനയിലെ ഷാന്‍തുംഗ് ദ്വീപിലെ സിന്‍ഗ്താവോ നാവികകേന്ദ്രത്തില്‍ നിന്ന് യുദ്ധക്കപ്പലുകളെ പിന്‍വലിക്കാനും അവിടെ സ്ഥാപിച്ചിരിക്കുന്ന അധികാരം തിരികെ ഏല്‍പ്പിക്കാനും ആവശ്യപ്പെട്ട് ജപ്പാന്റെ അന്ത്യശാസനം ലഭിക്കുന്നത്.

ആഗസ്ത് 23ന് തങ്ങള്‍ നല്‍കിയ അന്ത്യശാസനം സ്വീകരിക്കാനുള്ള അവസാന അവസരം ജപ്പാന്‍ ജര്‍മ്മനിക്ക് നല്‍കുന്നു. ഈ തീരുമാനം ജപ്പാന്റെ ലോകമഹായുദ്ധത്തിലെ പങ്കാളിത്തത്തിനും കാരണമായി. ജപ്പാന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ ജര്‍മനി സിന്‍ഗ്താവോയിലെ തങ്ങളുടെ പിടി അയക്കാനും തയ്യാറായില്ല. ഇതോടെ ബ്രിട്ടനുമായി ചേര്‍ന്ന് ജപ്പാന്‍ സിന്‍ഗ്താവോയില്‍ ആക്രമണത്തില്‍ തയ്യാറായി. നവംബര്‍ 17 ന് ഈ സംഖ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ജര്‍മനി കീഴടങ്ങല്‍ പ്രഖ്യാപിച്ചു.

ഈ വിജയം ചൈനയുടെ മേലുള്ള ജപ്പാന്റെ അധികാരത്തിനും വഴിയൊരുക്കി. സിന്‍ഗ്താവോയുടെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാന്‍ ക്രമേണ മറ്റ് പസഫിക് ദ്വീപുകളിലേക്കും തങ്ങളുടെ മേല്‍ക്കോയ്മ വ്യാപിപ്പിച്ചു.1922 വരെ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.

This post was last modified on August 15, 2014 7:48 am