X

റഷ്യയിൽ നിന്നും എസ്-400 വാങ്ങാനുള്ള നീക്കം: പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യയോട് യുഎസ്

യുഎസ്സിൽ നിന്നും കൂടുതൽ ആയുധങ്ങൾ ഇന്ത്യ വാങ്ങുന്നുണ്ട് എന്നതിനാൽ എസ്-400 മിസ്സൈൽ സംവിധാനം വാങ്ങുന്നത് വലിയ പ്രശ്നമാകില്ല എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

റഷ്യയിൽ നിന്നും എസ്-400 ദീർഘദൂര മിസ്സൈൽ സംവിധാനം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ യുഎസ് രംഗത്ത്. ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങളില്‍ ഇത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ട്രംപ് ഭരണകൂടം താക്കീത് നൽകി. 2014ൽ ചൈനയാണ് റഷ്യയുടെ എസ്-400 മിസ്സൈൽ സംവിധാനം ആദ്യമായി സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ത്യ ഈ പ്രതിരോധ ആയുധത്തിനായി ശ്രമം തുടങ്ങിയത്.

5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറാണ് ഇന്ത്യയും റഷ്യയും തമ്മിൽ എസ്-400നു വേണ്ടി ഒപ്പുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രധാനമന്ത്രി വ്ലാദ്മിർ പുടിനും തമ്മില്‍ നടന്ന ദീർഘമായ സംഭാഷണങ്ങൾക്കു ശേഷമാണ് കരാർ യാഥാർത്ഥ്യത്തിലേക്ക് അടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കരാറൊപ്പിടൽ.

യുഎസ്സിൽ നിന്നും കൂടുതൽ ആയുധങ്ങൾ ഇന്ത്യ വാങ്ങുന്നുണ്ട് എന്നതിനാൽ എസ്-400 മിസ്സൈൽ സംവിധാനം വാങ്ങുന്നത് വലിയ പ്രശ്നമാകില്ല എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ, തങ്ങൾ ഈ ഇടപാടിനെ ഗൗരവത്തോടെ തന്നെ കാണുന്നുണ്ടെന്നാണ് യുഎസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്. കാറ്റ്സ (Countering America’s Adversaries Through Sanctions Act) ഉപരോധം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതിനാലാണിത്.

2017ലാണ് ഈ ഉപരോധ നിയമം അമേരിക്ക കൊണ്ടുവന്നത്. ഇറാൻ, ഉത്തരകൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഈ നിയമം. ഇതിനു പിന്നാലെ, മോസ്കോയിലെ യുഎസ് എംബസിയിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് റഷ്യ അമേരിക്കയോട് ആവശ്യപ്പെടുകയുണ്ടായി. റഷ്യ അടക്കമുള്ള അമേരിക്കയുടെ ശത്രുരാജ്യങ്ങളെ കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ ഉപരോധനിയമത്തിന്റെ ലക്ഷ്യം.

യുഎസ്സും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ ഏറെ കലുഷിതമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഇത്തരമൊരു കരാറിലേർപ്പെടുന്നതും അത് നടപ്പാക്കപ്പെടുന്നതും തെറ്റായ സന്ദേശം നൽകുമെന്നാണ് യുഎസ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കാറ്റ്സ നിയമപ്രകാരം പ്രസിഡണ്ടിന്റെ വിവേചനാധികാരം മാത്രമാണ് ഇനി നിലനിൽക്കുന് പോംവഴി. ട്രംപിന്റെ പക്കലാണ് ഇനി കാര്യങ്ങളെന്ന് ചുരുക്കം.

ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങളുടെ 60 ശതമാനത്തോളം റഷ്യയിൽ നിന്നുള്ളതോ റഷ്യൻ സഹകരണത്തോടെ നിർമിക്കപ്പെട്ടവയോ ആണ്.