X

കാശ്മീരിന്റെ ആദ്യ നിക്ഷേപ സംഗമം ഒക്ടോബറിൽ നടക്കില്ല; ആശയവിനിമയം പോലും നടക്കാത്ത സാഹചര്യത്തിലാണ് മാറ്റമെന്ന് ഉദ്യോഗസ്ഥർ

പരിപാടി മാറ്റി വെച്ചെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തിയ്യതി വ്യക്തമായിട്ടില്ല.

ജമ്മു കാശ്മീരില്‍ നടക്കാനിരുന്ന ആദ്യത്തെ ആഗോള നിക്ഷേപ സംഗമം മാറ്റി വെച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു പിന്നാലെ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ ഇത് അനിശ്ചിതാവസ്ഥയുടെ പ്രശ്നമല്ലെന്നും നിലവിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പറ്റിയ സമയമല്ലെന്നുമാണ് സർക്കാരിന്റെ പ്രതികരണം. ഇപ്പോഴത്തെ മുൻഗണന കേന്ദ്രഭരണ പ്രദേശമായി സംസ്ഥാനത്തെ പരിവർത്തിപ്പിക്കുന്ന നടപടികൾക്കാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

എട്ടോ പത്തോ കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപത്തിന് സജ്ജരായി എത്തിയിരുന്നുവെന്ന് ഇതേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കൂടുതൽ കമ്പനികൾ സംസ്ഥാനത്തിന്റെ വികസനത്തിൽ തൽപരരാണ്. എന്നാൽ നിക്ഷേപകാര്യങ്ങൾ ചർച്ച ചെയ്യാനും മറ്റുമായി അവർക്ക് സമയം ആവശ്യമാണ്യ സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവബാഹുല്യങ്ങൾക്കിടെ ഇത് വേണ്ടവിധം നടക്കണമെന്നില്ല എന്നതിനാലാണ് മാറ്റി വെച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

നിക്ഷേപ സംഗമം നടത്തുന്നതിന് ആശയവിനിമയം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിർബന്ധമാണ്. നിലവിൽ കാശ്മീരിൽ ഇങ്ങനെയൊരു സാഹചര്യമല്ല ഉള്ളതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറയുന്നു.

സംസ്ഥാനത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരുമെല്ലാം നിലവിൽ വീട്ടു തടങ്കലിലാണുള്ളത്. മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒരു മാസത്തോളമായി ഈയവസ്ഥ തുടരുകയാണ്.

ശ്രീനഗറിലാണ് നിക്ഷേപ സംഗമം നടത്താൻ ആലോചിച്ചിരുന്നത്. എട്ടോളം കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഒക്ടോബർ മാസത്തിൽ ഈ പരിപാടി നടക്കുമെന്ന് ഓഗസ്റ്റ് 14നാണ് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി എൻകെ ചൗധരി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തേക്ക് വികസനം കൊണ്ടുവരാനുള്ള നീക്കങ്ങൾ കൂടി നടക്കുന്നുണ്ടെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ഈ പ്രഖ്യാപനത്തിന് സാധിച്ചിരുന്നു. എന്നാൽ പ്രതിസന്ധി നിലനിൽക്കെ നിക്ഷേപ സംഗമം പ്രഖ്യാപിച്ചതിനെതിരെ വിമർശനങ്ങളുണ്ടായിരുന്നു.

പരിപാടി മാറ്റി വെച്ചെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തിയ്യതി വ്യക്തമായിട്ടില്ല.

This post was last modified on August 30, 2019 9:15 am