X

സ്വവര്‍ഗ്ഗ ലൈംഗികതയില്‍ നിര്‍ണ്ണായക പഠനം; ഒരൊറ്റ ‘ഗേ ജീന്‍’ അല്ല, കാരണം അനേകം ജനിതക വ്യതിയാനങ്ങള്‍

ജനിതകശാസ്ത്രത്തെ കുറിച്ചും സ്വവർഗ ലൈംഗിക സ്വഭാവത്തെ കുറിച്ചും ഇതുവരെ നടന്നതില്‍വച്ച് ഏറ്റവും വലിയ പഠനമാണ് ഇത്

ഒരൊറ്റ ‘ഗേ ജീൻ’ ഉണ്ടെന്ന ആശയം തള്ളിക്കളഞ്ഞുകൊണ്ട് പുതിയ പഠനം. പകരം സ്വവർഗരതിയുടെ സ്വഭാവങ്ങള്‍ അനേകം ജനിതക വ്യതിയാനങ്ങള്‍ കാരണമാകാമെന്നും, അവ ഓരോന്നും ചെറിയ തോതിലെങ്കിലും സ്വാധീനിക്കപ്പെടുന്നുവെന്നുമാണ് ശാസ്ത്രജ്ഞർ ഇപ്പോള്‍ പറയുന്നത്. ഒരു വ്യക്തിയുടെ ഉയരം നിർണ്ണയിക്കുന്ന ഘടകങ്ങളുമായാണ് ഗവേഷകർ ആ സാഹചര്യത്തെ താരതമ്യം ചെയ്യുന്നത്. അതിൽ ഒന്നിലധികം ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ സ്വാധീനിക്കപ്പെടുന്നുണ്ട്.

‘ഈ പഠനം ജനിതകത്തിന്‍റെ പ്രാധാന്യത്തെയും, സങ്കീർണ്ണതയെയും ഉയർത്തിക്കാട്ടുന്നു’ എന്ന് യുഎസിലെ ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകരില്‍ ഒരാളായ ഡോ. ബെഞ്ചമിൻ നീൽ പറയുന്നു. സംഘം വിശദമായ പഠനം ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിലവിലുള്ള ജനിതക ഡാറ്റാബേസുകളിൽനിന്നും അവർ എങ്ങനെയാണ് ഇത്തരമൊരു അനുമാനത്തില്‍ എത്തിയതെന്ന് വിശദമായി പ്രദിപാദിക്കുന്നുണ്ട്. ജനിതകശാസ്ത്രത്തെ കുറിച്ചും സ്വവർഗ ലൈംഗിക സ്വഭാവത്തെ കുറിച്ചും ഇതുവരെ നടന്നതില്‍വച്ച് ഏറ്റവും വലിയ പഠനമാണ് നടന്നത്.

ആദ്യം യുകെ ബയോബാങ്ക് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 500,000 ത്തോളം വ്യക്തികളിൽ നിന്നുള്ള വിവരങ്ങള്‍ അവർ പരിശോധിച്ചു. അതില്‍ ഏകദേശം 4% പുരുഷന്മാര്‍ക്കും 3% സ്ത്രീകള്‍ക്കും ഒരുതവണയെങ്കിലും സ്വവര്‍ഗ്ഗ ലൈംഗിക അനുഭവം ഉണ്ടായിട്ടുണ്ട്. ഐഡന്റിറ്റിയിലോ ഓറിയന്റേഷനിലോ ശ്രദ്ധ കേന്ദ്രീകച്ചിട്ടില്ലെന്നും ട്രാൻസ്ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഗവേഷകര്‍ പ്രത്യേകം പറയുന്നുമുണ്ട്.

ലൈംഗിക സ്വഭാവവും വ്യക്തികളുടെ ആപേക്ഷികതയും നോക്കിയാല്‍ സ്വവർഗരതിയിലെ വ്യതിയാനത്തിന്റെ മൂന്നിലൊന്നും ജനിതകശാസ്ത്ര പരമാണെന്ന് അവര്‍ കണ്ടെത്തി. ‘അതിനർത്ഥം ബാക്കിയുള്ളവ വ്യക്തിയുടെ സംസ്കാരം മൂലം നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണെന്ന് അര്‍ത്ഥമില്ല. ഉദാഹരണത്തിന്, ജനനത്തിനു മുമ്പുള്ള ജനിതകേതര ഘടകങ്ങളായ ഗർഭപാത്രത്തിലെ ഹോർമോൺ പരിതസ്ഥിതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് കരുതുന്നത്’- ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകാനായ ഡോ. ബ്രെൻഡൻ സീറ്റ്ഷ് പറഞ്ഞു.

യുകെ ബയോബാങ്ക് പ്രോജക്റ്റിൽ പങ്കെടുത്ത 400,000-ത്തിലധികം ആളുകളുടെ വിവരങ്ങളും, 23andMe എന്ന കമ്പനി ശേഖരിച്ച 68,000 ആളുകളുടെ വിവരങ്ങളും ഉപയോഗിച്ച് ഏത് ജനിതക വ്യതിയാനമാണ് സ്വവര്‍ഗ്ഗാനുരാഗത്തിനു പിന്നിലെന്നു അവര്‍ പരിശോധിച്ചു. അഞ്ച് ജനിതക വ്യതിയാനങ്ങൾ – ഡിഎൻ‌എയിലെ ചെറിയ വ്യത്യാസങ്ങൾ – ഗവേഷകർ കണ്ടെത്തി. അതിന് സ്വവർഗ ലൈംഗിക പെരുമാറ്റവുമായി വ്യക്തമായ ബന്ധമുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും രണ്ടെണ്ണവും, പുരുഷന്മാരിൽ മാത്രം രണ്ടെണ്ണവും, സ്ത്രീകളിൽ മാത്രം ഒരു ജനിതക വ്യതിയാനവും ഉണ്ടെന്നാണ് കണ്ടെത്തല്‍.

എല്ലാം ഒരുമിച്ച് നോക്കിയാൽ പോലും ഈ അഞ്ച് ജനിതക വകഭേദങ്ങളില്‍ 1% മാത്രമാണ് സ്വവര്‍ഗ്ഗാനുരാഗത്തിനു കാരണമാവുക. അതുപോലെ മറ്റുപല ജനിതക വ്യതിയാനങ്ങളും ഇനിയുമുണ്ടാവാമെന്നും അവ ഓരോന്നും ചെറിയ തോതിലെങ്കിലും സ്വാധീനിക്കപ്പെട്ടേക്കാം എന്നുമാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

This post was last modified on August 30, 2019 8:09 am