ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നു. ഇതോടെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുമെന്ന് അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പൂർണമായും പിൻവലിക്കുന്നതാണ് പ്രമേയം. കശ്മീരുമായി ബന്ധപ്പെട്ട് നാല് ബില്ലുകളാണ് പാർലമെന്റിൽ ഇന്ന് അവതരിപ്പിക്കുക. അതിശക്തമായ പ്രതിപക്ഷ ബഹളത്തിലൂടെയാണ് രാജ്യസഭയിൽ സർക്കാർ ഈ നീക്കം നടത്തുന്നത്.
ബില്ലവതരണത്തിനു മുമ്പ് അത് വായിച്ചു മനസ്സിലാക്കാനുള്ള സമയം നൽകാത്തത് ചൂണ്ടിക്കാട്ടിയുള്ള തൃണമൂൽ അംഗം ദെറിക് ഒബ്രിയാന്റെ റൂളിങ് വന്നെങ്കിലും അത് തള്ളി അമിത് ഷായ്ക്ക് സംസാരിക്കാനുള്ള അവസരം സ്പീക്കർ നൽകുകയായിരുന്നു.
“ഈ ഉത്തരവ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ ഉത്തരവ് 2019 എന്നറിയപ്പെടും”: രാഷ്ട്രപതിയോടെ അനുമതിയോടെ പുറത്തിറക്കിയ നിയമമന്ത്രാലയത്തിന്റെ ഉത്തരവ് തുടങ്ങുന്നത് ഇങ്ങനെയാണ്. 1954ൽ പ്രസിഡണ്ടിന്റെ ഉത്തരവാല്‍ സ്ഥാപിതമായ ആർട്ടിക്കിൾ 370 പിൻവലിക്കുന്നതായി ഉത്തരവ് പറയുന്നു.
സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നതാണ് അമിത് ഷായുടെ പ്രസ്താവന. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിൽ ലഡാക്കിന് നിയമസഭ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യണമെന്നത് ബിജെപിയുടെ ദീർഘകാലമായുള്ള ആവശ്യമാണ്. തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ബിജെപി ഇത് പതിറ്റാണ്ടുകളായി ആവർത്തിക്കുന്നതുമാണ്.
വൻ ആഘോഷങ്ങളോടെയാണ് ബിജെപി വൃത്തങ്ങൾ ഈ വാർത്തയെ സ്വീകരിക്കുന്നത്.
This post was last modified on August 5, 2019 3:26 pm
Leave a Comment