X

ജ.ദിനേശ് മഹേശ്വരിയും ജ.സന്‍ജീവ് ഖന്നയും സുപ്രിം കോടതിയിലേക്ക്; യോഗ്യതയും സീനിയോരിറ്റിയും മറികടന്നുള്ള നിയമനങ്ങള്‍ വിവാദത്തില്‍

കൊളീജിയം തീരുമാനങ്ങള്‍ ഇനിയെങ്കിലും സുതാര്യമാകേണ്ടതുണ്ടെന്നു മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ

വിവാദങ്ങള്‍ നിലനില്‍ക്കെത്തന്നെ ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റിസ് സന്‍ജീവ് ഖന്നയേയും സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ വിജ്ഞാപനം ഇറങ്ങി. ഇവരേക്കാള്‍ സീനിയറുമാരായ ജസ്റ്റിസുമാര്‍ നിലനില്‍ക്കെയാണ് കര്‍ണ്ണാടക ഹൈ കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡല്‍ഹി ഹൈ കോടതി ജഡ്ജി സഞ്ജീവ് ഖന്നയേയും നിയമ നീതി വകുപ്പ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് നേരിട്ട് സുപ്രീം കോടതിയിലേക്ക് തിരഞ്ഞെടുത്തത്.

ജനുവരി 10ന് സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശപ്രകാരം ഇരുവരും വെള്ളിയാഴ്ച പ്രഡിഡന്റ് രാം നാഥ് കോവിന്ദിന്റെ സാന്നിധ്യത്തില്‍ പ്രതിജ്ഞ ചൊല്ലും. ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസ്റ്റ്മാരുടെ ശുപാര്‍ശ തള്ളിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. കൂടുതല്‍ പ്രവര്‍ത്തിപരിചയവും യോഗ്യതയും ഉള്ളവര്‍ പുറത്തു നില്‍ക്കെ ഇരുവരെയും നിയമിച്ചത് നിയമപാലകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്.

ഈ നടപടി കൂടുതല്‍ അര്‍ഹതയുണ്ടായിരുന്ന ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ തുടങ്ങിയ സീനിയര്‍ ജഡ്ജിമാരോടുള്ള ആദരവ് കുറവാണെന്ന് പരക്കെ ആക്ഷേപങ്ങള്‍ഉണ്ടായി. ‘കൊളീജിയം തീരുമാനങ്ങള്‍ ഇനിയെങ്കിലും സുതാര്യമാകേണ്ടതുണ്ട്, ഈ നിയമനം എന്നെ അത്ഭുതപ്പെടുത്തുന്നു’, എന്ന് വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പ്രതികരിച്ചു.

ഈ തീരുമാനം തങ്ങളെ നിരാശപ്പെടുത്തിയെന്നാണ് ഇന്ത്യയിലെ പ്രമുഖ നിയമ വിദഗ്ദര്‍ ഒന്നടങ്കം പറയുന്നത്. ഇതേ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരണം ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. കൂടുതല്‍ സീനിയര്‍ ആയ ആളെ മാത്രമേ നിയമിക്കാവൂ എന്നില്ല, പ്രവര്‍ത്തിപരിചയം മാത്രമല്ല, സുപ്രീം കോടതി ജഡ്ജിനെ തിരഞ്ഞെടുക്കുന്നതിന്മറ്റ് പല ഘടകങ്ങളും കൂടി നിര്‍ണ്ണായകമാണെന്ന മട്ടില്‍ കൊളീജിയം തീരുമാനങ്ങളെ ന്യായീകരിക്കുന്ന ചര്‍ച്ചകളുമുണ്ടായി.

ഈ രണ്ട് നിയമനങ്ങളോടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 28ആയി. 31 ജഡ്ജിമാരെ വരെ വേണമെങ്കില്‍ നിയമിക്കാം. ഈ നിയമനങ്ങളുടെ നടപടികള്‍ പൂര്‍ത്തിയായാലും 3 ഒഴിവുകള്‍ ഇനിയുമുണ്ട്.

This post was last modified on January 17, 2019 3:17 pm