X

എന്തു കഴിക്കണം, എന്തു ധരിക്കണം, എല്ലാം നമ്മുടെ അവകാശമാകണം: വൈറലായി കർണാടക തെരഞ്ഞെടുപ്പ് വീഡിയോ

ഹിന്ദു യുവതിയും മുസ്ലിം യുവാവും സംസാരിച്ചിരിക്കുന്നിടത്ത് ചെന്ന് ഇവർ ഇടപെടുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യങ് ഇന്ത്യ ഇനീഷ്യേറ്റീവ്സ് എന്ന സംഘടന പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. രാജ്യത്ത് നിലവിലുള്ള അസഹിഷ്ണുതയുടെ അന്തരീക്ഷത്തെയാണ് ഈ വീഡിയോവിഷയമാക്കുന്നത്. എന്തു ഭക്ഷണം കഴിക്കണമെന്നതും എന്തൊക്കെ ധരിക്കണമെന്നതും എന്തഭിപ്രായം പറയണമെന്നതും നമ്മുടെ അവകാശമാകണം എന്ന വാക്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ മെനു നോക്കിക്കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് ഒരു കൂട്ടമാളുകൾ കടന്നുവരുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. നെറ്റിയിൽ കുങ്കുമക്കുറിയും കൈകളിൽ പലനിറത്തിലുള്ള ചരടുകളും അണിഞ്ഞ ഒരു സംഘമാളുകൾ പെട്ടെന്ന് കടന്നു വരുന്നു. ഈ മെനു ഓർഡർ ചെയ്യൂ എന്നാവശ്യപ്പെടുന്നു. പിസ്സ ഓർഡര്‍ ചെയ്യാനിരുന്ന സംഘത്തോട് അതെല്ലാം വിദേശ ഭക്ഷണങ്ങളാണെന്നും ഓർഡര്‍ ചെയ്യരുതെന്നും അവരാവശ്യപ്പെടുന്നു.

സമാനമായ രീതിയിൽ വസ്ത്രക്കടകളിലും പ്രസംഗവേദികളിലുമെല്ലാം ഇവരെത്തുന്നു. എന്തു ധരിക്കണം, എന്തെല്ലാം പ്രസംഗിക്കണം എന്ന് നിർദ്ദേശങ്ങൾ നൽകുന്നു.

ഹിന്ദു യുവതിയും മുസ്ലിം യുവാവും സംസാരിച്ചിരിക്കുന്നിടത്ത് ചെന്ന് ഇവർ ഇടപെടുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കണമെന്നും ലിബറലായതും പുരോഗമന സ്വഭാവമുള്ളതുമായ പാർട്ടികളെ തെരഞ്ഞെടുക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

This post was last modified on May 5, 2018 6:17 pm