X

എച്ച്‍ഡി കുമാരസ്വാമിയുടെ ആദ്യ ബജറ്റ് ഇന്ന്; കോൺഗ്രസ്സിനെ തൃപ്തിപ്പെടുത്തൽ വെല്ലുവിളി

കാർഷികലോണുകൾ എഴുതിത്തള്ളുമെന്ന ഒരു വാഗ്ദാനം കഴിഞ്ഞ കോൺഗ്രസ്സ് സർക്കാർ മുമ്പോട്ടു വെച്ചിരുന്നു.

കർണാടകയിലെ സഖ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കപ്പെടും. കോൺഗ്രസ്സുമായി ചേർന്ന രൂപീകരിച്ച സർക്കാരിന്റെ ആദ്യ ബജറ്റായതിനാൽ ഏറെ ആകാംക്ഷയിലാണ് സംസ്ഥാനം. സ്വന്തം പാർട്ടിയുടെ മണ്ഡലങ്ങളെയും കോൺഗ്രസ്സിന്റെ മണ്ഡലങ്ങളെയും പരാതിക്കിടവരാത്ത രീതിയിൽ പരിഗണിക്കേണ്ട ബാധ്യത എച്ച്ഡി കുമാരസ്വാമിക്കുണ്ട്.

സിദ്ധരാമയ്യ സര്‍ക്കാർ തുടങ്ങിവെച്ച പദ്ധതികളൊന്നും തന്നെ ഉപേക്ഷിക്കാതെ ശ്രദ്ധയോടെ നീങ്ങാനുള്ള ശ്രമം ആദ്യ ബജറ്റിൽ കുമാരസ്വാമി നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഇരുകക്ഷികളും തെരഞ്ഞെടുപ്പു കാലത്ത് ഉയർത്തിയ വാഗ്ദാനങ്ങളം നിലനിൽക്കുന്നുണ്ട്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കുമാരസ്വാമി നേരിടുന്ന പ്രശ്നമാണ്.

കാർഷികലോണുകൾ എഴുതിത്തള്ളുമെന്ന ഒരു വാഗ്ദാനം കഴിഞ്ഞ കോൺഗ്രസ്സ് സർക്കാർ മുമ്പോട്ടു വെച്ചിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പെ വന്ന ഇടക്കാല ബജറ്റിലെ ഈ വാഗ്ദാനം നടപ്പാക്കുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയായിരിക്കും. 30,000 കോടിയുടെ ചെലവാണ് ഇതിനു വരിക. സിദ്ധരാമയ്യയുടെ ഇടക്കാല ബജറ്റിനെ തള്ളുമോയെന്ന ചോദ്യവും നിലനിൽക്കുന്നു.

പുതിയ ബജറ്റിൽ മുൻ ബജറ്റിനെ തള്ളുന്ന യാതൊന്നും ഉണ്ടാകില്ലെന്ന് ദി പ്രിന്റ് വാർത്താ പോർട്ടലിനോട് കുമാരസ്വാമി പറഞ്ഞിരുന്നു. ഇക്കാര്യം സിദ്ധരാമയ്യയ്ക്ക് താൻ ഉറപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളുടെ വികസനം പ്രത്യേകമായി ശ്രദ്ധ വെക്കുന്നതായിരിക്കും ബജറ്റെന്ന് കരുതപ്പെടുന്നു. നഗരങ്ങളിൽ ഭവനങ്ങൾ നിര്‍മിക്കുന്നതിനായി ഒരു പദ്ധതി പ്രഖ്യാപിച്ചേക്കും. നഗരങ്ങളിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യ സംസ്കരണത്തിനും പദ്ധതി വന്നേക്കും. ഇതോടൊപ്പം കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോൺസിബിലിറ്റി ഫണ്ട് വികസനാവശ്യങ്ങൾക്കായി സർക്കാർ ആവശ്യപ്പെട്ടേക്കും.

Related Post
Leave a Comment