X

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ ന്യൂനപക്ഷം, 104 സീറ്റ്; ബിജെപിക്ക് 107; വിമത എംഎല്‍എമാര്‍ ഗോവയില്‍

മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തിയടക്കം മൂലം ബിജെപി പാളയത്തിലേയ്ക്ക് പോകുന്നവരെ പിടിച്ചുനിര്‍ത്താനായാണ് ഇന്നലെ മുഖ്യമന്ത്രി ഒഴികെയുള്ള കോണ്‍ഗ്രസ്, ജെഡിഎസ് മന്ത്രിമാര്‍ രാജി വച്ചത്.

കര്‍ണാടകയില്‍ സ്വതന്ത്ര എംഎല്‍എമാരായ രണ്ട് മന്ത്രിമാര്‍ ഇന്നലെ ബിജെപി പക്ഷത്തേയ്ക്ക് മാറിയതോടെ നിയമസഭയില്‍ നേരത്തെ 119 പേരുടെ പിന്തുണയുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പിന്തുണ 104 ആയി ചുരുങ്ങി. അതേസമയം 105 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഈ രണ്ട് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പിന്തുണ 107 ആയി. മന്ത്രിമാരായ എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് ഇന്നലെ മന്ത്രിസഭയില്‍ നിന്ന് രാജി വച്ച് ബിജെപിയിലേയ്ക്ക് പോയത്. സ്വതന്ത്രരായതിനാല്‍ ഇവര്‍ക്ക് കൂറുമാറ്റ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല. രാജി വച്ച ശേഷം ഇരുവരും ആദ്യം മുംബൈയിലേയ്ക്കും പിന്നീട് ബാക്കിയുള്ള എംഎല്‍എമാരോടൊപ്പം ഗോവയിലേയ്ക്കും പോയി.

ഈ വര്‍ഷം ആദ്യം തന്നെ ഇരുവരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇവരെ മന്ത്രിസഭയിലുള്‍പ്പെടുത്തി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പിടിച്ചുനിര്‍ത്തുകയായിരുന്നു. മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തിയടക്കം മൂലം ബിജെപി പാളയത്തിലേയ്ക്ക് പോകുന്നവരെ പിടിച്ചുനിര്‍ത്താനായാണ് ഇന്നലെ മുഖ്യമന്ത്രി ഒഴികെയുള്ള കോണ്‍ഗ്രസ്, ജെഡിഎസ് മന്ത്രിമാര്‍ രാജി വച്ചത്. മുഖ്യമന്ത്രിയടക്കം 34 പേരുണ്ടായിരുന്ന മന്ത്രിസഭയില്‍ ഇപ്പോള്‍ മുഖ്യമന്ത്രി മാത്രമേ ഉള്ളൂ. 22 കോണ്‍ഗ്രസ് മന്ത്രിമാരും 11 ജെഡിഎസ് മന്ത്രിമാരുമാണ് രാജി വച്ചത്. ഉടന്‍ മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്ന് കുമാരസ്വാമി അറിയിച്ചു.

This post was last modified on July 9, 2019 8:20 am