X

“അഹ്മദ് എന്ന മുസ്ലിം ഹിന്ദുക്കൾക്ക് മുന്നിൽ വെച്ച് പശുവിനെ കൊല്ലുന്നത് കുറ്റകൃത്യമാണോ?” -നിയമപരീക്ഷയ്ക്ക് വന്ന ചോദ്യം വിവാദത്തിൽ

ചോദ്യപ്പേപ്പറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

“അഹ്മദ് എന്ന മുസ്ലിം ഹിന്ദുക്കളായ രോഹിത്, തുഷാർ, മാനവ്, രാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ചന്തയിൽ വെച്ച് പശുവിനെ കൊല്ലുന്നു. അഹ്മദ് ചെയ്തത് ക്രിമിനൽ കുറ്റമാണോ?” -ഡൽഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവ്വകലാശാലയിലെ (GGSIPU) നിയമപരീക്ഷയ്ക്ക് വന്ന ചോദ്യമാണിത്. ഡിസംബർ ഏഴിനാണ് പരീക്ഷ നടന്നത്. ലോ ഓഫ് ക്രൈംസ് ഒന്നാം പേപ്പറിൽ വന്ന ഈ ചോദ്യത്തിനെതിരെ വലിയ വിമർശനങ്ങളാണുയരുന്നത്. ശക്തമായ നടപടികളുണ്ടാകുമെന്ന് ഡൽഹി ഗവൺമെന്റ് അറിയിച്ചു.

ചോദ്യപ്പേപ്പറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത എല്ലാ കോളജുകളിലേക്കും ഈ ചോദ്യപേപ്പർ എത്തുകയും വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി കോളജധികൃതർ രംഗത്തു വന്നിട്ടുണ്ട്.

അതെസമയം ഡൽഹി വിദ്യാഭ്യാസമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തു വന്നു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സത്യമാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ചോദ്യം വർഗീയ സ്വഭാവമുള്ളതാണെന്ന് സർവ്വകലാശാല രജിസ്ട്രാർ സത്നാം സിങ് പറഞ്ഞു. ചോദ്യം തങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും മൂല്യനിർണയം നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു. അതെസമയം ഇതിനോട് വിയോജിക്കുന്ന നിലപാടുകളും പുറത്തു വരുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളാണിതെന്നും തികച്ചും അക്കാദമികമായ ചോദ്യമായേ ഇതിനെ കാണാവൂ എന്നുമാണ് അഭിപ്രായങ്ങൾ.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ട കൊലപാതകം അരങ്ങേറിയതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.